ഒരൊറ്റ വോട്ട് പോലും ലഭിച്ചില്ല, ബാലൺ ഡി ഓറിൽ അപമാനിതനായി റൊണാൾഡോ

ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരത്തിനുള്ള വോട്ടെടുപ്പിൽ കരിയറിലെ തന്നെ ഏറ്റവും വലിയ നാണക്കേടുകളിലൊന്ന് ഏറ്റുവാങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ബാലൺ ഡി ഓർ വോട്ടെടുപ്പിൽ ഒരൊറ്റ വോട്ട് പോലും ലഭിച്ചില്ലെന്നത് ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. പതിനേഴു വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ റാങ്കിങ്ങാണ് ഇത്തവണ പോർച്ചുഗൽ നായകനു ലഭിച്ചത്.

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് സ്കോററായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ 2022 ബാലൺ ഡി ഓർ റാങ്കിങ്ങിൽ ഇരുപതാം സ്ഥാനത്താണ് എത്തിയത്. കഴിഞ്ഞ വർഷത്തെ റാങ്കിങ്ങിൽ ആറാം സ്ഥാനത്തു വന്നിരുന്ന താരം ഇത്തവണ പതിനാലു സ്ഥാനങ്ങൾ വീണ്ടും പിന്നിലായിപ്പോയി. റൊണാൾഡോയുടെ റയൽ മാഡ്രിഡ് സഹതാരമായിരുന്ന കരിം ബെൻസിമയാണ് ഇത്തവണ പുരസ്‌കാരം സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണിൽ യുവന്റസിനു വേണ്ടി ഏതാനും മത്സരങ്ങൾ കളിച്ചതിനു ശേഷമാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുന്നത്. 38 മത്സരങ്ങളിൽ നിന്നും 24 ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടാൻ താരത്തിന് കഴിയുകയും ചെയ്‌തു. എങ്കിലും ഒരാൾ പോലും റൊണാൾഡോയെ അനുകൂലിച്ച് ബാലൺ ഡി ഓറിൽ വോട്ടു ചെയ്‌തില്ല. റൊണാൾഡോയുൾപ്പെടെ പതിനൊന്നു താരങ്ങൾക്കാണ് ബാലൺ ഡി ഓറിൽ ഒരു വോട്ടു പോലും ലഭിക്കാതിരുന്നത്.

ട്രെന്റ് അലക്‌സാണ്ടർ അർണോൾഡ്, ഹാരി കെൻ, ജോഷ്വ കിമ്മിച്ച്, ഫിൽ ഫോഡൻ, ഡാർവിൻ നുനസ്, ബെർണാഡോ സിൽവ, ജോവോ കാൻസലോ, മൈക് മൈഗ്നൻ, ക്രിസ്റ്റഫർ എൻകുങ്കു, അന്റോണിയോ റുഡിഗാർ എന്നീ താരങ്ങളാണ് റൊണാൾഡോക്കു പുറമെ പൂജ്യം വോട്ടുകൾ നേടിയത്. ഇവരെ അപേക്ഷിച്ച് ഫുട്ബോൾ ലോകത്ത് വലിയ ഉയരത്തിൽ എത്തിയ കളിക്കാരനായതു കൊണ്ടാണ് റൊണാൾഡോക്ക് വോട്ടുകൾ ലഭിക്കാത്തത് ആരാധകർക്ക് അത്ഭുതമാകുന്നതും.

റൊണാൾഡോയെ സംബന്ധിച്ച് ഈ സീസൺ തിരിച്ചടികളുടേതാണ്. സമ്മർ ജാലകത്തിൽ ക്ലബ് വിടാൻ കഴിയാതിരുന്ന താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു പകരക്കാരനായി മാറിയിരുന്നു. ഇതിനു പുറമെ കഴിഞ്ഞ ദിവസം നടന്ന ടോട്ടനത്തിനെതിരെ നടന്ന മത്സരത്തിൽ പകരക്കാരനായിറങ്ങാൻ വിസമ്മതം അറിയിച്ചു മത്സരം തീരും മുൻപ് മൈതാനം വിട്ടതിനെ തുടർന്ന് താരത്തിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.