നെയ്‌മറുടെ അഭാവത്തിൽ മെസിയും എംബാപ്പയും നിറഞ്ഞാടിയപ്പോൾ പിഎസ്‌ജിക്ക് മികച്ച വിജയം

പരിക്കു മൂലം നെയ്‌മർ കളിക്കാതിരുന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ ലയണൽ മെസിയും എംബാപ്പയും നിറഞ്ഞാടിയപ്പോൾ പിഎസ്‌ജിക്ക് മികച്ച വിജയം. ഇന്നലെ നടന്ന മത്സരത്തിൽ അയാക്സിയോക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് പിഎസ്‌ജി സ്വന്തമാക്കിയത്. ഇതോടെ ഫ്രഞ്ച് ലീഗിൽ രണ്ടാം സ്ഥാനത്തുള്ള ലോറിയന്റിനെതിരെയുള്ള പോയിന്റ് വ്യത്യാസം ആറാക്കി വർധിപ്പിക്കാൻ ഒന്നാം സ്ഥാനത്തുള്ള പിഎസ്‌ജിക്ക് കഴിഞ്ഞു.

ഗോളുകൾ അടിച്ചതും അടിപ്പിച്ചതും ഈ രണ്ടു താരങ്ങൾ മാത്രമാണെന്നതാണു മത്സരത്തിലെ പ്രത്യേകത. എംബാപ്പെ മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയപ്പോൾ ലയണൽ മെസിയാണ് രണ്ടു ഗോളുകൾക്കും വഴിയൊരുക്കിയത്. അതേസമയം മെസി നേടിയ ഗോളിന് എംബാപ്പയും അസിസ്റ്റ് നൽകി. സീസണിലെ പത്താമത്തെ ഗോൾ നേടി എംബാപ്പെ ലീഗ് ടോപ് സ്കോററായപ്പോൾ ഒൻപത് അസിസ്റ്റുകളോടെ മെസി ആ കണക്കിൽ ഒന്നാമതെത്തി.

മത്സരത്തിന്റെ ഇരുപത്തിനാലാം മിനുട്ടിലും എൺപത്തിരണ്ടാം മിനുട്ടിലുമാണ് എംബാപ്പയുടെ ഗോളുകൾക്ക് മെസി അവസരമുണ്ടാക്കി നൽകിയത്. എഴുപത്തിയെട്ടാം മിനുട്ടിൽ മെസി നേടിയ ഗോളിന് എംബാപ്പയും മനോഹരമായൊരു അസിസ്റ്റ് നൽകി. ഇന്നലെ എംബാപ്പെക്ക് ഇരട്ട അസിസ്റ്റുകൾ നൽകിയതോടെ ഒരു സീസണിലധികം കഴിഞ്ഞപ്പോൾ തന്നെ 14 അസിസ്റ്റുകൾ താരത്തിനായി മെസി നൽകിയിട്ടുണ്ട്. എറ്റൂ, പെഡ്രോ, നെയ്‌മർ, സുവാരസ് എന്നീ താരങ്ങൾക്ക് മാത്രമേ ഇതിനേക്കാൾ കൂടുതൽ അസിസ്റ്റുകൾ ഇതിനു മുൻപ് മെസിയുടെ കാലുകളിൽ നിന്നും വന്നിട്ടുള്ളൂ.

കഴിഞ്ഞ സീസണിൽ പതറിയ മെസി ഇത്തവണ പിഎസ്‌ജി മുന്നേറ്റനിരയിൽ വളരെയധികം ഒത്തിണക്കത്തോടെ കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്യുന്നുണ്ട്. ഇന്നലത്തെ മത്സരത്തോടെ പന്ത്രണ്ടു മത്സരങ്ങളിൽ നിന്നും 32 പോയിന്റുമായാണ് പിഎസ്‌ജി ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. പതിനൊന്നു മത്സരങ്ങളിൽ നിന്നും ഇരുപത്തിയാറു പോയിന്റുള്ള ലോറിയൻറ് രണ്ടാമത് നിൽക്കുമ്പോൾ അത്രയും മത്സരങ്ങളിൽ നിന്നും ഇരുപത്തിനാലു പോയിന്റുമായി ലെൻസ് ആണ് മൂന്നാമതുള്ളത്.