റൊണാൾഡോ കൂടുതൽ കുരുക്കിലേക്ക്, പകരക്കാരനായിറങ്ങാൻ വിസമ്മതിച്ചുവെന്ന് ടെൻ ഹാഗ്

ടോട്ടനം ഹോസ്‌പറിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ പകരക്കാരനായി ഇറങ്ങാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ വിസമ്മതിച്ചുവെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ്. മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയം നേടിയ മത്സരം അവസാനിക്കുന്നതിനു മുൻപേ റൊണാൾഡോ കളിക്കളം വിട്ടത് നേരത്തെ വിവാദമായിരുന്നു. താരത്തിനെ ചെൽസിക്കെതിരായ അടുത്ത മത്സരത്തിനുള്ള ടീമിൽ നിന്നും ഒഴിവാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് നടപടിയെടുക്കുകയും ചെയ്‌തു.

കഴിഞ്ഞ സീസണിൽ ഹാട്രിക്ക് നേടിയ ടീമിനെതിരെ പകരക്കാരനായി പോലും അവസരം നൽകാത്തതിനെ തുടർന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മൈതാനം വിട്ടതെന്നാണ് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ ഒരു പ്രൊഫഷണൽ താരത്തിനു യോജിക്കാത്ത തരത്തിൽ റൊണാൾഡോ പെരുമാറിയെന്ന ടെൻ ഹാഗിൻറെ വെളിപ്പെടുത്തൽ താരത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കാൻ പോന്നതാണ്.

“റൊണാൾഡോ ടോട്ടനത്തിനെതിരെ പകരക്കാരനായിറങ്ങാൻ വിസമ്മതിച്ചു. അതിനു പ്രത്യാഘാതങ്ങളുണ്ടാകും. സ്‌ക്വാഡിന്റെ മനോഭാവത്തിനും മനസ്ഥിതിക്കും അതു വളരെ പ്രധാനമാണ്. റൊണാൾഡോയും ഞാനും തമ്മിലുള്ള കാര്യങ്ങളെ സംബന്ധിച്ച പ്രസ്‌താവന വളരെ വ്യക്തമാണ്. റൊണാൾഡോ സ്‌ക്വാഡിലെ പ്രധാനപ്പെട്ട താരമായി തുടരും.” എറിക് ടെൻ ഹാഗ് ഇന്നത്തെ പത്രസമ്മേളനത്തിൽ പറഞ്ഞു.

“ഇത്തരം സംഭവങ്ങൾക്ക് ഞാനും ഉത്തരവാദിയാണ്. ഞാൻ നിലവാരവും മൂല്യങ്ങളും ചിട്ടപ്പെടുത്തേണ്ടതുണ്ട്. ഫുട്ബോൾ ഒരു ടീം സ്പോർട്ടാണ്. നമ്മളൊരു നിലവാരം ഉണ്ടാക്കിയെടുക്കണം.” ടെൻ ഹാഗ് പറഞ്ഞു. റൊണാൾഡോ ഒറ്റക്ക് പരിശീലനം നടത്തുന്നതിനെക്കുറിച്ചും ടെൻ ഹാഗ് പറഞ്ഞു. “അതൊരു വീണ്ടുവിചാരത്തിനുള്ള സമയം നൽകുമെന്നും മറ്റു താരങ്ങൾക്കും അതൊരു തിരിച്ചറിവ് നൽകുമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

റയോ വയ്യക്കാനൊക്കെതിരായ പ്രീ സീസൺ മത്സരം അവസാനിക്കുന്നതിനു മുൻപേ ചില മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ സ്റ്റേഡിയം വിട്ടപ്പോൾ തന്നെ താൻ മുന്നറിയിപ്പ് നൽകിയിരുന്നെന്നും അത് വീണ്ടും ആവർത്തിക്കുന്നതു പൊറുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചെൽസിക്കെതിരായ അടുത്ത മത്സരത്തിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ടെൻ ഹാഗ് പറഞ്ഞു.

മത്സരത്തിനു മുൻപേ സ്റ്റേഡിയം വിട്ടപ്പോൾ തന്നെ റൊണാൾഡൊക്കെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ടെൻ ഹാഗിന്റെ വെളിപ്പെടുത്തലോടെ അതു വർധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇതേ മനോഭാവത്തോടെ തുടർന്നാൽ ഈ സീസണിൽ ടെൻ ഹാഗ് താരത്തെ കളത്തിലിറക്കാനും സാധ്യതയില്ല.