രാജാവിന്റെ ഗോൾവേട്ട തുടരുന്നു, വീണ്ടും ഗംഭീര പ്രകടനവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ | Cristiano Ronaldo
ഖത്തർ ലോകകപ്പിനു പിന്നാലെ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗംഭീരപ്രകടനമാണ് അതിനു ശേഷം നടത്തുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരങ്ങൾ ഇല്ലാതിരുന്നതിന്റെ നിരാശ ലോകകപ്പിലെ താരത്തിന്റെ പ്രകടനത്തിലും പ്രതിഫലിച്ചെങ്കിലും ഇപ്പോൾ അതിനെയെല്ലാം മറക്കാൻ പര്യാപ്തമായ രീതിയിലാണ് താരം ഗംഭീര പ്രകടനം നടത്തുന്നത്.
കഴിഞ്ഞ ദിവസം അൽ അദാലക്കെതിരെ നടന്ന ലീഗ് മത്സരത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ നിന്നും ഗംഭീരപ്രകടനം ഉണ്ടായത്. അൽ നസ്ർ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടു ഗോളുകളാണ് നേടിയത്. ടീമിലെ സഹതാരമായ ആൻഡേഴ്സൺ ടാലിസ്കയും മത്സരത്തിൽ രണ്ടു ഗോളുകൾ നേടി വിജയത്തിൽ നിർണായക പങ്കു വഹിച്ചു.
Cristiano Ronaldo’s brilliant weakfoot goal! pic.twitter.com/K5kA6i3zJw
— TC (@totalcristiano) April 4, 2023
നാൽപതാം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെയാണ് അൽ നസ്ർ മത്സരത്തിൽ ലീഡ് നേടുന്നത്. പെനാൽറ്റിയിലൂടെയായിരുന്നു താരത്തിന്റെ ഗോൾ. അതിനു ശേഷം രണ്ടാം പകുതിയിലാണ് ബാക്കിയുള്ള നാല് ഗോളുകളും പിറന്നത്. ടാലിസ്ക ഒരു ഗോൾ നേടുകയും റൊണാൾഡോ നേടിയ ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. അയ്മാൻ യാഹിയയാണ് ടീമിന്റെ അഞ്ചാം ഗോൾ കുറിച്ചത്.
833RD CAREER GOAL FOR THE GREATEST CRISTIANO RONALDO 🐐🔥pic.twitter.com/E8f0JRAjq2
— CristianoXtra (@CristianoXtra_) April 4, 2023
മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയതോടെ ജനുവരിയിൽ എത്തിയ റൊണാൾഡോ ലീഗിലെ ഗോൾവേട്ടക്കാരിൽ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. റൊണാൾഡോക്ക് പതിനൊന്നു ഗോളുകളുള്ളപ്പോൾ പതിനാറു ഗോളുകൾ വീതം നേടിയ ടാലിസ്ക, ഇഗോളോ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്നത്. അബ്ദുൾറസാഖ് ഹംദല്ല പതിനഞ്ചു ഗോളുകളുടെ മൂന്നാമത് നിൽക്കുന്ന റൊണാൾഡോയെക്കാൾ ഒരു ഗോൾ അധികം നേടിയ കാർലോസ് ജൂനിയർ നാലാം സ്ഥാനത്തുണ്ട്.
തുടർച്ചയായ മൂന്നാമത്തെ മത്സരത്തിലാണ് റൊണാൾഡോ ഇരട്ടഗോളുകൾ നേടുന്നത്. ഇന്റർനാഷണൽ ബ്രേക്കിൽ പോർചുഗലിനൊപ്പം കളിച്ച യൂറോ യോഗ്യത മത്സരങ്ങളിലാണ് താരം ഇതിനു മുൻപ് ഇരട്ടഗോളുകൾ നേടിയത്. കഴിഞ്ഞ നാല് മത്സരങ്ങളിൽ നിന്നും ഏഴു ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ മുപ്പത്തിയെട്ടാം വയസിലും കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് നടത്തുന്നത്.
Content Highlights: Cristiano Ronaldo Scrored Two Goals In Saudi League