അൽ നസ്ർ വിട്ട് റൊണാൾഡോ റയൽ മാഡ്രിഡിലേക്ക്, പുതിയ ചുമതല നൽകാൻ പെരസ് തയ്യാർ | Cristiano Ronaldo
ക്രിസ്റ്റ്യാനോ റൊണാൾഡോ കരിയറിൽ ചെയ്ത ഏറ്റവും വലിയ അബദ്ധമാകും റയൽ മാഡ്രിഡ് വിട്ടത്. പ്രതിഫലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് റയൽ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിന്നീടൊരിക്കലും റയൽ മാഡ്രിഡിനൊപ്പം ഉണ്ടായിരുന്ന പോലെയൊരു ആധിപത്യം നിലനിർത്താൻ കഴിഞ്ഞിട്ടില്ല. യുവന്റസിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കും പിന്നീട് സൗദി അറേബ്യയിലേക്കും ചേക്കേറിയ റൊണാൾഡോക്ക് കരിയറിൽ വീഴ്ച മാത്രമാണ് അതിനു ശേഷമുണ്ടായത്.
മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ രൂക്ഷമായ വിമർശനം നടത്തി നവംബറിൽ ക്ലബ് വിട്ട റൊണാൾഡോ ചരിത്രത്തിലെ ഏറ്റവുമുയർന്ന പ്രതിഫലം വാങ്ങിയാണ് സൗദി അറേബ്യൻ ക്ലബ്ബിലേക്ക് എത്തിയത്. എന്നാൽ സൗദിയിലും റൊണാൾഡോക്ക് മികച്ച തന്റെ ആധിപത്യം തുടരാൻ കഴിയുന്നില്ല. ഈ സീസണിൽ ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിയില്ലെന്ന സാഹചര്യമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബായ അൽ നസ്ർ നേരിടുന്നത്.
Cristiano Ronaldo decides to leave Al-Nassr as he gets new role at Real Madrid https://t.co/13pYl2lvde
— Daily Post Nigeria (@DailyPostNGR) April 27, 2023
അതിനിടയിൽ റൊണാൾഡോ അൽ നസ്ർ വിടുമെന്ന റിപ്പോർട്ടുകൾ ശക്തമായി ഉയർന്നു വരുന്നുണ്ട്. താൻ ഉദ്ദേശിച്ച രീതിയിൽ സൗദി ക്ലബിനൊപ്പമുള്ള കരിയർ മുന്നോട്ടു പോകുന്നില്ലെന്നതാണ് റൊണാൾഡോ ക്ലബ് വിടാനുള്ള കാരണമായി പറയുന്നത്. അൽ നസ്ർ വിടുന്ന താരത്തിന് റയൽ മാഡ്രിഡിലേക്ക് തിരിച്ചു വരുമെന്നും സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ റയലിലേക്ക് തിരിച്ചു വന്നാലും താരം ക്ലബിനായി കളിക്കില്ല.
റിപ്പോർട്ടുകൾ പ്രകാരം റയൽ മാഡ്രിഡിന്റെ പ്രസിഡന്റായ ഫ്ലോറന്റീനോ പെരസ് ക്ലബിലെ താരമായിട്ടല്ല, മറിച്ച് അംബാസിഡർ സ്ഥാനമാണ് റൊണാൾഡോക്കായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ക്ലബിനായി അസാധ്യമായ നേട്ടങ്ങൾ സ്വന്തമാക്കി ചരിത്രത്തിന്റെ ഭാഗമായ റൊണാൾഡോക്ക് ആദരവെന്ന നിലയിലാണ് ഈ സ്ഥാനം നൽകുന്നതെങ്കിലും അത് സ്വീകരിക്കാൻ റൊണാൾഡോ തന്റെ ക്ലബ് ഫുട്ബോൾ കരിയർ തന്നെ അവസാനിപ്പിക്കേണ്ടി വരും.
അൽ നസ്റിൽ തൃപ്തനല്ലെങ്കിലും റയൽ മാഡ്രിഡിന്റെ ഈ ഓഫർ റൊണാൾഡോ സ്വീകരിക്കാനുള്ള സാധ്യത കുറവാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന യൂറോ കപ്പിൽ പോർച്ചുഗൽ ടീമിനൊപ്പം കളിക്കാൻ റൊണാൾഡോ ഉണ്ടാകുമെന്ന് തീർച്ചയാണ്. അതിനുള്ള ഫിറ്റ്നസ് നിലനിർത്താൻ താരത്തിന് ഒരു ക്ലബിൽ കളിക്കേണ്ടത് ആവശ്യവുമാണ്. അതുകൊണ്ടു തന്നെ സൗദി വിടുകയാണെങ്കിൽ ഏതെങ്കിലും യൂറോപ്യൻ ക്ലബ്ബിലേക്ക് ചേക്കേറാനാവും റൊണാൾഡോ ശ്രമിക്കുക.
Cristiano Ronaldo To Leave Al Nassr And Return To Real Madrid