അൽ നസ്റിന്റെ രക്ഷകനായ റൊണാൾഡോ മത്സരത്തിൽ നഷ്ടമാക്കിയത് നിരവധി സുവർണാവസരങ്ങൾ
സൗദി സൂപ്പർ ലീഗിൽ അൽ ഫത്തേഹും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബായ അൽ നസ്റും തമ്മിൽ നടന്ന മത്സരം സമനിലയിൽ പിരിയുകയാണുണ്ടായത്. കഴിഞ്ഞ മത്സരത്തിലേതു പോലെ തന്നെ തോൽവിയിലേക്ക് പോവുകയായിരുന്ന ടീമിന് ആശ്വാസമായത് ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റിയാണ്. മത്സരത്തിലുടനീളം ഗോളുകൾ നേടാൻ കഴിഞ്ഞില്ലെങ്കിലും അവസാനനിമിഷത്തിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് റൊണാൾഡോ ടീമിന്റെ പരാജയം ഒഴിവാക്കി.
അൽ നസ്ർ ടീമിന്റെ രക്ഷകനായി റൊണാൾഡോയെ വാഴ്ത്തുമ്പോഴും താരം മത്സരത്തിൽ നഷ്ടമാക്കിയ അവസരങ്ങൾ ടീമിന്റെ വിജയം നേടാനുള്ള അവസരം നഷ്ടമാക്കിയെന്നതിൽ സംശയമില്ല. ആദ്യപകുതിയുടെ മുപ്പത്തിനാലാം മിനുട്ടിലായിരുന്നു ആദ്യ അവസരം. മത്സരത്തിൽ ഗോൾ നേടിയ മറ്റൊരു താരമായ ആൻഡേഴ്സൺ ടാലിഷ്യ ബോക്സിനുള്ളിൽ നിന്നും എടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചത് റൊണാൾഡോയുടെ കാലുകളിലേക്കായിരുന്നു. എന്നാൽ താരത്തിന്റെ റീബൗണ്ട് ഗോൾപോസ്റ്റിനു മുകളിലൂടെ പറന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിലാണ് അതിനേക്കാൾ മികച്ചൊരു അവസരം ലഭിച്ചത്. അൽ നസ്ർ താരം പന്തുമായി ബോക്സിലേക്ക് വന്ന് അതു കൈമാറുമ്പോൾ വളരെ എളുപ്പത്തിൽ സ്കോർ ചെയ്യാൻ കഴിയുന്ന പൊസിഷനിലാണ് റൊണാൾഡോ നിന്നിരുന്നത്. താരം ഷോട്ട് എടുത്തെങ്കിലും അത് പോസ്റ്റിൽ തട്ടി തെറിച്ചു പോവുകയാണ് ചെയ്തത്. ഇതിനു പുറമെ ടാലിഷ്യക്ക് സ്കോർ ചെയ്യാൻ കഴിയുമായിരുന്ന ഒരു അവസരം താരം ഉണ്ടാക്കിയെങ്കിലും ഹെഡർ പുറത്തേക്കു പോവുകയാണ് ചെയ്തത്.
😱😳SI HOOOOOMBRE EL FALLO DE CRISTIANO RONALDO pic.twitter.com/Twy4hLYTMu
— Post United (@postunited) February 3, 2023
മത്സരത്തിൽ രണ്ടു ടീമുകളും രണ്ടു വീതം ഗോളുകൾ നേടിയാണ് സമനിലയിൽ പിരിഞ്ഞത്. റൊണാൾഡോ സൗദിയിലെ ആദ്യത്തെ ഗോൾ നേടിയെങ്കിലും തന്റെ ഗോൾസ്കോറിങ് പാടവത്തിനു മൂർച്ച കൂട്ടിയെടുക്കേണ്ടത് താരത്തിന് അത്യാവശ്യമാണ്. ഇന്നലത്തെ മത്സരത്തോടെ ടീമുമായി കൂടുതൽ ഇണങ്ങിച്ചേർന്ന റൊണാള്ഡോയെയാണ് കാണാൻ കഴിഞ്ഞതെന്നതിനാൽ വരും മത്സരങ്ങളിൽ കൂടുതൽ മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
😬😬 CAAAAASI CRISTIANO RONALDO pic.twitter.com/shFOVxDeXV
— Post United (@postunited) February 3, 2023