“പെനാൽറ്റി നിയമങ്ങൾ മാറ്റിയോ”- റഫറിക്കെതിരെ വിമർശനവുമായി ക്രൊയേഷ്യൻ പരിശീലകൻ
അർജന്റീനയും ക്രൊയേഷ്യയും തമ്മിൽ നടന്ന ലോകകപ്പ് സെമി ഫൈനലിൽ അർജന്റീനക്ക് അനുകൂലമായി പെനാൽറ്റി അനുവദിച്ച റഫറിയുടെ തീരുമാനത്തെ വിമർശിച്ച് ക്രൊയേഷ്യൻ പരിശീലകൻ സ്ളാക്കോ ദാലിച്ച്. മത്സരത്തിൽ ക്രൊയേഷ്യക്ക് നേരിയ മുൻതൂക്കമുള്ളപ്പോൾ ജൂലിയൻ അൽവാരസിനെ പെനാൽറ്റി ബോക്സിൽ ക്രൊയേഷ്യൻ കീപ്പർ വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി അനുവദിച്ചത്. കളിയുടെ ഗതിമാറ്റിയ തീരുമാനമായിരുന്നു അത്.
“ആദ്യത്ത ഗോൾ സംശയമുള്ളതാണ്, സത്യസന്ധമായി തന്നെ അത് പറയുന്നു. കളിക്കാരുടെ പ്രതികരണങ്ങൾ വെച്ചു നോക്കുമ്പോൾ ഞങ്ങൾക്കൊരു കോർണർ ലഭിക്കേണ്ടതായിരുന്നു. അതിനു ശേഷം പെനാൽറ്റിയിലും ഞങ്ങൾക്ക് കുഴപ്പങ്ങളുണ്ടായി. അത് വളരെ മോശമായ, എളുപ്പത്തിൽ നൽകിയ പെനാൽറ്റി ആയിരുന്നു.” ദാലിച്ച് പറഞ്ഞു.
“We conceded a goal, which was very suspicious. The situation leading to the penalty… it was a little too cheap, a bit too easy to be honest”
– 🇭🇷 Croatia manager Zlatko Dalic#FIFAWorldCuphttps://t.co/sCEcbMK9ze
— Firstpost Sports (@FirstpostSports) December 14, 2022
“ഞങ്ങളുടെ ഗോൾകീപ്പർ ഏതൊരു ഇത്തരമൊരു സാഹചര്യത്തിൽ ഉണ്ടാകുന്ന കാര്യങ്ങൾ മാത്രമേ ചെയ്തുള്ളു. ഇതെല്ലാം പുതിയ നിയമങ്ങളാണ്. ആ ഗോൾ മത്സരത്തെ മറ്റൊരു ദിശയിലേക്ക് കൊണ്ടു പോയി. അതുവരെ മത്സരം ഞങ്ങൾക്ക് അനുകൂലമായിരുന്നു. ഞങ്ങളുടെ ടീം അവസരങ്ങൾ സൃഷ്ടിച്ചില്ലെങ്കിലും നിയന്ത്രണം ഉണ്ടായിരുന്നു.” ക്രൊയേഷ്യൻ പരിശീലകൻ വ്യക്തമാക്കി.
മത്സരത്തിൽ വിജയം നേടിയ അർജന്റീനയെ പരിശീലകൻ അഭിനന്ദിച്ചു. തന്റെ താരങ്ങളും മികച്ച പ്രകടനം തന്നെയാണ് നടത്തിയതെന്നും ഇനി മൂന്നാം സ്ഥാനത്തിനായി പൊരുതുമെന്നും അദ്ദേഹം പറഞ്ഞു. മികച്ചൊരു സ്ട്രൈക്കർ ഇല്ലാത്തതിന്റെ കുറവ് ക്രൊയേഷ്യക്ക് ഉണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സെമിയിൽ പുറത്തു പോയെങ്കിലും അഭിമാനത്തോടു കൂടിയാണ് ക്രൊയേഷ്യ നിൽക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.