ഒരൊറ്റ മത്സരം, ലയണൽ മെസി തകർത്തത് നിരവധി റെക്കോർഡുകൾ

ക്രൊയേഷ്യക്കെതിരായ ലോകകപ്പ് സെമി ഫൈനൽ പോരാട്ടത്തിലെ ഉജ്ജ്വല പ്രകടനത്തിലൂടെ ലയണൽ മെസി തകർത്തത് നിരവധി റെക്കോർഡുകൾ. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് അർജന്റീന വിജയിച്ചപ്പോൾ ഒരു ഗോളും അസിസ്റ്റും താരത്തിന്റെ വകയായിരുന്നു. ഇതോടെ ഈ ലോകകപ്പ് ടൂർണമെൻറിൽ മാത്രം അഞ്ചു ഗോളും മൂന്നു അസിസ്റ്റും മെസിക്ക് സ്വന്തമായിട്ടുണ്ട്.

മത്സരത്തിൽ പെനാൽറ്റിയിലൂടെ അർജന്റീനയുടെ ആദ്യത്തെ ഗോൾ നേടിയ മെസി ലോകകപ്പിൽ ഏറ്റവുമധികം ഗോൾ നേടിയ അർജന്റീന താരമെന്ന റെക്കോർഡ് സ്വന്തമാക്കി. ലോകകപ്പിൽ ഇതുവരെ പതിനൊന്നു ഗോളുകൾ നേടിയ താരം ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോർഡാണ് തകർത്തത്. ഒരു ഗോൾ കൂടി നേടിയാൽ ലോകകപ്പിൽ ഏറ്റവുമധികം ഗോളുകൾ നേടിയ രണ്ടാമത്തെ ലാറ്റിനമേരിക്കൻ താരമെന്ന പെലെയുടെ റെക്കോർഡിന് ഒപ്പവും മെസിക്ക് എത്താൻ കഴിയും.

മത്സരത്തിൽ ജൂലിയൻ അൽവാരസ് നേടിയ രണ്ടാമത്തെ ഗോളിനുള്ള അസിസ്റ്റും മെസിക്ക് റെക്കോർഡ് നേട്ടമാണ് സ്വന്തമാക്കി നൽകിയത്. ഇതോടെ ലോകകപ്പിൽ ഏറ്റവുമധികം അസിസ്റ്റുകൾ നേടിയ അർജന്റീന താരമെന്ന നേട്ടത്തിനൊപ്പം മെസിയെത്തി. എട്ട് അസിസ്റ്റുകൾ സ്വന്തമായുള്ള മെസി മറഡോണക്കൊപ്പമാണ്‌ എത്തിയത്.

ഇതിനു പുറമെ  ലോകകപ്പിൽ കൂടുതൽ ഗോളുകൾക്ക് കാരണമായ രണ്ടാമത്തെ താരമെന്ന റെക്കോർഡിനൊപ്പവും മെസിയെത്തി. പതിനൊന്നു ഗോളുകളും എട്ട് അസിസ്റ്റുകളും അടക്കം ലോകകപ്പിൽ 19 ഗോളുകൾക്ക് മെസി കാരണമായിട്ടുണ്ട്. 16 ഗോളും 3 അസിസ്റ്റും നേടിയ ക്ളോസെ, പതിനഞ്ചു ഗോളും നാല് അസിസ്റ്റും നേടിയ റൊണാൾഡോ നാസറിയോ, 14 ഗോളും അഞ്ച് അസിസ്റ്റും നേടിയ യെർദ് മുള്ളർ എന്നിവർക്കൊപ്പമാണ്‌ മെസിയുള്ളത്. പെലെ ഇതിൽ മുന്നിട്ടു നിൽക്കുന്നു.

ക്രൊയേഷ്യക്കെതിരായ മത്സരത്തോടെ ലോകകപ്പിലെ നാലാമത്തെ മത്സരത്തിലാണ് മെസി ഗോളും അസിസ്റ്റും സ്വന്തമാക്കുന്നത്. ഇതുവരെയും മറ്റൊരു താരവും ലോകകപ്പിൽ ഈ നേട്ടം സ്വന്തമാക്കിയിട്ടില്ല. അതിൽ ഗോളും അസിസ്റ്റും സ്വന്തമാക്കിയ മൂന്നു മത്സരവും ഈ ലോകകപ്പിൽ ആയിരുന്നു. ഇതിനു പുറമെ ലോകകപ്പിൽ ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡിനൊപ്പവും മെസിയെത്തി. മുൻ ജർമൻ താരം ലോതർ മാത്തേവൂസിന്റെ 25 മത്സരങ്ങൾ എന്ന റെക്കോർഡിനൊപ്പമാണ് മെസി എത്തിയത്.