ആറു വർഷം മുൻപ് നെയ്മർ ചെയ്തത് ഡെംബലെ ആവർത്തിക്കുന്നു, ബാഴ്സലോണക്ക് ചങ്കിടിപ്പിന്റെ നിമിഷങ്ങൾ | Dembele
ലയണൽ മെസിക്ക് ശേഷം ബാഴ്സലോണ ടീമിന്റെ എല്ലാമെല്ലാമായി മാറുമെന്ന് പ്രതീക്ഷിച്ച ബ്രസീലിയൻ താരം നെയ്മർ 2017ൽ ക്ലബ് വിടുന്നത് തീർത്തും അപ്രതീക്ഷിതമായായിരുന്നു. മെസിയുള്ളപ്പോൾ ഒരു ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാകാൻ കഴിയില്ലെന്നതിനാൽ നെയ്മർ പിഎസ്ജിയുടെ ഓഫർ വന്നപ്പോൾ അത് സ്വീകരിക്കുകയായിരുന്നു. 222 മില്യൺ യൂറോ റിലീസിംഗ് ക്ലോസ് നൽകി സ്വന്തമാക്കിയ നെയ്മറുടെ ട്രാൻസ്ഫർ റെക്കോർഡ് ഇതുവരെ മറ്റാർക്കും തിരുത്താൻ കഴിഞ്ഞിട്ടില്ല.
അന്ന് നെയ്മർ ചെയ്തത് ആറു വർഷങ്ങൾക്ക് ശേഷം ടീമിലെ മറ്റൊരു പ്രധാന താരമായ ഒസ്മാനെ ഡെംബലെ ആവർത്തിക്കുമെന്നാണ് യൂറോപ്പിലെ പ്രമുഖ മാധ്യമങ്ങളെല്ലാം റിപ്പോർട്ടു ചെയ്യുന്നത്. ബാഴ്സലോണ കരാർ അവസാനിക്കാൻ ഒരു വർഷം മാത്രം ബാക്കിയുള്ള താരം ഇന്ന് തന്നെ പിഎസ്ജി കരാർ ഒപ്പിടുമെന്നാണ് ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ പറയുന്നത്. റിലീസിംഗ് ക്ലോസ് തുകയിലുള്ള വ്യത്യാസം മറികടക്കാൻ വേണ്ടിയാണ് പിഎസ്ജിയുടെ ധൃതി പിടിച്ച നീക്കം.
Ousmane Dembélé has agreed to join PSG, per @FabrizioRomano pic.twitter.com/nMTUEpv9DK
— B/R Football (@brfootball) July 30, 2023
ഒരു വർഷം മാത്രം ബാഴ്സലോണ കരാർ ബാക്കിയുള്ള ഒസ്മാനെ ഡെംബലെക്ക് ജൂലൈ 31 വരെ അൻപത് മില്യൺ യൂറോയാണ് റിലീസിംഗ് ക്ലോസ്. സ്വാഭാവികമായും ഈ തുക നൽകിയാൽ ഏതു ക്ലബിനും താരത്തെ സ്വന്തമാക്കാൻ കഴിയും. എന്നാൽ ജൂലൈ 31 കഴിയുന്നതോടെ താരത്തിന്റെ റിലീസിംഗ് ക്ലോസ് നൂറു മില്യൺ യൂറോയായി വർധിക്കും. അതു കണക്കിലെടുത്താണ് ഡെംബലെയുടെ ഏജന്റായ മൂസോ സിസോക്കോ വഴി ട്രാൻസ്ഫർ ഇന്ന് തന്നെ പൂർത്തിയാക്കാൻ പിഎസ്ജി ഒരുങ്ങുന്നത്.
നെയ്മർക്ക് പകരക്കാരനായി ബാഴ്സലോണ സ്വന്തമാക്കിയ ഡെംബലെക്ക് നിരന്തരമായ പരിക്കുകൾ കാരണം ടീമിനായി നിരന്തരം കളത്തിലിറങ്ങാൻ കഴിഞ്ഞിരുന്നില്ല. സാവി പരിശീലകനായി വന്നതിനു ശേഷമാണ് ഡെംബലെ തന്റെ ഏറ്റവും മികച്ച ഫോം ബാഴ്സലോണക്കായി കാണിച്ചു തുടങ്ങിയത്. അടുത്ത സീസണിൽ ടീമിന്റെ പ്രധാനതാരമായി മാറും എന്ന് പ്രതീക്ഷിച്ചു നിൽക്കെയാണ് താരം ക്ലബ് വിടാനൊരുങ്ങുന്നത്. ഈ അഭാവം പരിഹരിക്കാൻ ബാഴ്സലോണ മറ്റൊരു താരത്തെ സ്വന്തമാക്കേണ്ടി വരും.
Ousmane Dembele Close To Sign With PSG