പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ കണ്ടു, വിലക്കു കഴിഞ്ഞുള്ള തിരിച്ചുവരവ് ഗംഭീരമാക്കി മിലോസ് ഡ്രിഞ്ചിച്ച് | Drincic
ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലും വിജയം നേടിയതോടെ ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. സ്വന്തം മൈതാനത്ത് ഹൈദരാബാദ് എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സ് വിജയം നേടിയത്. മൂന്നു മത്സരങ്ങളിലെ വിലക്ക് കഴിഞ്ഞെത്തിയ പ്രതിരോധതാരം മിലോസ് ഡ്രിഞ്ചിച്ചാണ് ടീമിന്റെ ഗോൾ നേടിയത്. ഗോൾ നേടുകയും അതുപോലെ തന്നെ അതിനെ സമർത്ഥമായി പ്രതിരോധിക്കാൻ സഹായിക്കുകയും ചെയ്ത താരം തന്നെയാണ് കളിയിലെ ഹീറോയും.
അവസാനം കളിച്ച മത്സരത്തിൽ മുംബൈ സിറ്റി താരത്തെ ഫൗൾ ചെയ്തതിനാണ് ഡ്രിഞ്ചിച്ചിനു ചുവപ്പുകാർഡും പിന്നാലെ മൂന്നു മത്സരങ്ങളിൽ വിലക്കും ലഭിച്ചത്. അതിനു ശേഷം കഴിഞ്ഞ മത്സരത്തിന് ഇറങ്ങുന്നതിനു മുൻപ് തന്നെ തന്റെ ഇൻസ്റ്റാഗ്രാമിൽ സന്തോഷം പങ്കു വെച്ചിരുന്നു. ആരാധകരുടെ ഇടയിൽ ഇറങ്ങാൻ കാത്തിരിക്കാൻ വയ്യെന്നും പോയിന്റ്സിനായി പൊരുതുമെന്നുമാണ് താരം പറഞ്ഞത്. എല്ലാവരെയും സ്റ്റേഡിയത്തിൽ കാണാമെന്ന് താരം പറഞ്ഞപ്പോൾ ആരും ഇത്ര മികച്ച പ്രകടനം പ്രതീക്ഷിച്ചില്ലെന്നതാണ് സത്യം.
First defender to score for us this season
Milos Drincic ⭐✨#KBFC #KeralaBlasters #ISL10 pic.twitter.com/W9YcMnRUnT— Abdul Rahman Mashood (@abdulrahmanmash) November 25, 2023
ആദ്യപകുതിയിൽ ഒരു ക്ലിയർ ഹെഡർ ചാൻസ് ഡ്രിഞ്ചിച്ച് തുലച്ചു കളഞ്ഞിരുന്നു. എന്നാൽ അതിനുള്ള പരിഹാരം ഇടവേളക്ക് മുൻപ് തന്നെ താരം നടത്തി. ഒരു കോർണർ ഹൈദരാബാദ് പ്രതിരോധം ക്ലിയർ ചെയ്തെങ്കിലും അതിനു ശേഷം നടന്ന മുന്നേറ്റത്തിനൊടുവിൽ ലൂണയുടെ പാസിൽ നിന്നാണ് ഡ്രിഞ്ചിച്ച് ഗോൾ നേടുന്നത്. ആ പൊസിഷനിൽ ഡ്രിഞ്ചിച്ച് ഉണ്ടാകുമെന്ന് ഹൈദരാബാദ് പ്രതിരോധതാരങ്ങൾ പ്രതീക്ഷിച്ചില്ല എന്നതിനാൽ തന്നെ അനായാസമായി ബോൾ തട്ടിയിടേണ്ട ജോലി മാത്രമേ താരത്തിനുണ്ടായിരുന്നുള്ളൂ.
First-ever goal in #ISL for Miloš Drinčić & yet another assist for Adrian Luna 😍 as @keralablasters take the lead in #KBFCHFC.#ISL10 #LetsFootball #ISLonSports18 #ISLonJioCinema #ISLonVh1 pic.twitter.com/izBUMX312W
— Sports18 (@Sports18) November 25, 2023
ആ ഗോളിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല മോണ്ടിനെഗ്രോ താരത്തിന്റെ പ്രകടനം. അതിനു പുറമെ രണ്ടാം പകുതിയിൽ ഒരു ഹെഡർ പോസ്റ്റിൽ തട്ടി തെറിച്ചു പോയിരുന്നു. ഹൈദരാബാദ് കീപ്പറുടെ ചെറിയൊരു ടച്ച് ഇല്ലായിരുന്നെങ്കിൽ അത് തീർച്ചയായും ഗോളായി മാറിയേനെ. പ്രതിരോധത്തിലും ഡ്രിഞ്ചിച്ച് മികച്ച പ്രകടനമാണ് നടത്തിയത്. നാല് ക്ലിയറൻസുകളും രണ്ടു ടാക്കിളുകളും നടത്തിയ താരം അവസാനമിനുട്ടുകളിൽ നിർണായകമായൊരു ബ്ലോക്കും നടത്തുകയുണ്ടായി.
വെറും ഇരുപത്തിനാലു വയസ് മാത്രമുള്ള ഡ്രിഞ്ചിച്ച് ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് നടത്തിയ ഏറ്റവും മികച്ച സൈനിംഗുകളിൽ ഒന്നാണ്. യുവേഫ ചാമ്പ്യൻസ് ലീഗ്, യുവേഫ യൂറോപ്പ ലീഗ് എന്നിവയുടെ യോഗ്യത മത്സരങ്ങൾ ഈ പ്രായത്തിൽ കളിച്ച പരിചയസമ്പത്തുള്ള താരം മികച്ച പ്രകടനം ടീമിനായി തുടരുന്നത് പ്രതീക്ഷയാണ്. നല്ല ഉയരമുള്ള താരം ഇനിയുള്ള മത്സരങ്ങളിലും എതിരാളികൾക്ക് വെല്ലുവിളി ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല.
Milos Drincic Shown His Best Against Hyderabad FC