പെനാൽറ്റികൾ തടുക്കുന്നതിനു സഹായിക്കുന്നത് മെസിയുടെ ഉപദേശം, വെളിപ്പെടുത്തി എമിലിയാനോ മാർട്ടിനസ് | Emiliano Martinez

നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച പെനാൽറ്റി സേവിങ് ഗോൾകീപ്പർ ആരാണെന്ന് ചോദിച്ചാൽ അതിനു മറുപടി എമിലിയാനോ മാർട്ടിനസ് എന്നു തന്നെയാവും. 2021ൽ നടന്ന കോപ്പ അമേരിക്ക ടൂർണമെന്റിലും അതിനു ശേഷം ഡിസംബറിൽ ലോകകപ്പിലും അർജന്റീന വിജയം നേടാൻ താരത്തിന്റെ കൈകൾ സഹായിച്ചിരുന്നു. മാർട്ടിനസാണ്‌ ഗോൾവലക്ക് മുന്നിൽ നിൽക്കുന്നതെങ്കിൽ പെനാൽറ്റിയെടുക്കാൻ വരുന്ന താരങ്ങൾ പതറുന്നതും സ്വാഭാവികമാണ്.

ഫൈനലിൽ എമിലിയാനോ മാർട്ടിനസിനെതിരെ മൂന്നു പെനാൽറ്റികൾ എംബാപ്പെ നേടിയെങ്കിലും അതിൽ രണ്ടെണ്ണത്തിലും അർജന്റീന താരത്തിന്റെ ചാട്ടം കൃത്യമായ ദിശയിലേക്കായിരുന്നു. ദൗർഭാഗ്യം കൊണ്ടു മാത്രമാണ് അത് തടുക്കാൻ താരത്തിന് കഴിയാതിരുന്നത്. ലോകകപ്പിന് ശേഷം എമിലിയാനോയുടെ പെനാൽറ്റി തടുക്കാനുള്ള കഴിവിൽ അത്ഭുതം കൂറുന്ന ആരാധകർക്ക് വേണ്ടി കഴിഞ്ഞ ദിവസം അതിനു പിന്നിലെ രഹസ്യം താരം വെളിപ്പെടുത്തുകയുണ്ടായി.

മാഞ്ചസ്റ്റർ യുണൈറ്റഡും ആസ്റ്റൺ വില്ലയും തമ്മിൽ നടന്ന മത്സരത്തിനിടെ ബ്രൂണോ ഫെർണാണ്ടസ് പെനാൽറ്റിയെടുക്കാൻ തുനിഞ്ഞപ്പോൾ എന്തുകൊണ്ടാണ് റൊണാൾഡോ പെനാൽറ്റി എടുക്കാത്തതെന്നു ചോദിച്ച് എമിലിയാനോ കുഴപ്പങ്ങൾ സൃഷ്‌ടിച്ചിരുന്നു. ഇതുപോലെയുള്ള പ്രവൃത്തികൾ വഴി മറ്റുള്ളവരുടെ മനഃസാന്നിധ്യം കളയുന്നതും അതിനൊപ്പം മെസി നൽകിയ ഉപദേശവുമാണ് പെനാൽറ്റി തടുക്കാൻ തന്നെ പ്രധാനമായി സഹായിക്കുന്നത് എന്നാണു എമിലിയാനോ മാർട്ടിനസ് പറയുന്നത്.

“പെനാൽറ്റി എടുക്കാൻ കഴിയാത്തതിൽ റൊണാൾഡോ നിരാശനായി നിൽക്കുന്നത് ഞാൻ കണ്ടു, അവിടെയൊരു ടെൻഷൻ ഉണ്ടാകുന്നുണ്ടെന്ന് ഞാൻ കരുതി. അതോടെ റൊണാൾഡോയോട് വന്ന് പെനാൽറ്റിയെടുക്കാൻ ഞാൻ പറഞ്ഞു. റൊണാൾഡോക്കത് ഷൂട്ട് ചെയ്യണമെന്നില്ലായിരുന്നു. എന്തുകൊണ്ടാണ് റൊണാൾഡോ അത് ഷൂട്ട് ചെയ്യാത്തത് എന്നു ഞാൻ കവാനിയോട് ചോദിക്കുകയും ചെയ്‌തു.” മാർട്ടിനസ് ബിഹൈൻഡ് ദി ഗെയിം എന്ന പരിപാടിയിൽ പറഞ്ഞു.

“ഞാൻ എന്തെങ്കിലും പറയുകയല്ല, ആകെ കുഴപ്പങ്ങൾ സൃഷ്‌ടിക്കുകയാണ്. അത് മത്സരത്തിന്റെ തൊണ്ണൂറ്റിരണ്ടാം മിനുട്ടായിരുന്നു. അവർക്ക് വിജയിക്കാനുള്ള എല്ലാം കയ്യിലുള്ളതിനാൽ തന്നെ എങ്ങിനെയെങ്കിലും ശ്രദ്ധ തിരിക്കണമായിരുന്നു. ബ്രൂണോ അതിനു മുൻപുള്ള 25 പെനാൽറ്റികളോ മറ്റോ നഷ്‌ടമാക്കിയിട്ടില്ല. ഞാൻ മെസിയോട് ചോദിച്ചപ്പോൾ പെനാൽറ്റി ബോക്‌സിന് മുന്നിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നത് അവർക്കാർക്കും ഇഷ്ടപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.”

“ഡാൻസ് കളിക്കാൻ ഇഷ്ടമുണ്ടായിട്ടല്ല ഞാൻ ഡാൻസ് ചെയ്യുന്നത്. അത് ഞാൻ പരിശീലിച്ചിട്ടുമില്ല. ഇപ്പോൾ അത് ചെയ്യാൻ എനിക്കറിയില്ല, അതപ്പോൾ വന്നതാണ്. സ്‌ട്രൈക്കർമാർ ഒരു സ്പോട്ട് തിരഞ്ഞെടുത്ത് അവിടേക്ക് കിക്കടിക്കുന്നു. ഞാൻ അതിനു മുന്നിലൂടെ നീങ്ങുമ്പോൾ അവർക്കത് തിരഞ്ഞെടുക്കാൻ കഴിയാതെ കുഴപ്പത്തിലാവുന്നു. നമ്മൾ അനങ്ങാതെ നിൽക്കുമ്പോൾ ഒരു സ്പോട്ട് തിരഞ്ഞെടുക്കുന്നത് എളുപ്പമാണെന്നും അല്ലെങ്കിൽ ബുദ്ധിമുട്ടാണെന്നും മെസി പറഞ്ഞിട്ടുണ്ട്.” എമിലിയാനോ മാർട്ടിനസ് വ്യക്തമാക്കി.

Emiliano Martinez Reveals His Penalty Saving Secrets