ബ്ലാസ്റ്റേഴ്‌സിൽ തുടരാൻ താൽപര്യമില്ല, ബംഗളൂരുവിലേക്ക് ചേക്കേറി ടീമിന്റെ നായകൻ | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് നായകനായിരുന്ന ജെസ്സൽ കാർനൈറോ അടുത്ത സീസണിൽ ടീമിനൊപ്പം ഉണ്ടാകില്ലെന്ന് ഉറപ്പായി. ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന എതിരാളികളിൽ ഒന്നായ ബെംഗളൂരു എഫ്‌സിയുമായി താരം കരാറിൽ എത്തിയിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. രണ്ടു വർഷത്തെ കരാറിലാണ് ജെസ്സൽ ബംഗളൂരുവിലേക്ക് ചേക്കേറിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സും ജെസ്സലുമായുള്ള കരാർ അടുത്ത മാസത്തോടെ അവസാനിക്കാൻ പോവുകയാണ്. താരത്തിന് കരാർ പുതുക്കാനുള്ള ഓഫർ ബ്ലാസ്റ്റേഴ്‌സ് നൽകിയിരുന്നു എന്നാണു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഒരു വർഷത്തേക്ക് കൂടി കേരള ബ്ലാസ്റ്റേഴ്‌സിൽ തുടരാനുള്ള ഓഫർ ജെസ്സൽ നിഷേധിക്കുകയായിരുന്നു. അതിനു ശേഷമാണ് ചിരവൈരികളായ ബെംഗളൂരു എഫ്‌സിയുമായി താരം രണ്ടു വർഷത്തേക്ക് കരാർ ഒപ്പിട്ടത്.

ഗോവയിൽ ജനിച്ച ജെസ്സൽ ഡെമ്പോ ഗോവ ക്ലബിലൂടെയാണ് പ്രൊഫെഷണൽ ഫുട്ബോളിലേക്ക് വരുന്നത്. 2018-19 സീസണിൽ സന്തോഷ് ട്രോഫി സെമി ഫൈനലിൽ എത്തിയ ഗോവൻ ടീമിന്റെ നായകൻ ജെസ്സലായിരുന്നു. അതിനു ശേഷം 2019ൽ ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം നടത്തിയ താരം വളരെ പെട്ടന്ന് തന്നെ ടീമിന്റെ പ്രധാനിയായി വളർന്നു. അരങ്ങേറ്റ സീസണിൽ ടീമിനായി മുഴുവൻ മത്സരങ്ങളിലും മുഴുവൻ സമയവും താരം കളിച്ചിരുന്നു.

താരത്തിന്റെ മികച്ച പ്രകടനം ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനം നൽകുന്നതിന് കാരണമായി. അതിനു പിന്നാലെ സിഡോഞ്ചോക്ക് പരിക്ക് പറ്റിയതോടെ ടീമിന്റെ നായകസ്ഥാനം താൽക്കാലികമായി ലഭിച്ച ജെസ്സൽ 2021-22 സീസണിന് മുൻപേ തന്നെ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു. ഇതുവരെ അറുപത്തിമൂന്ന് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിനായി കളിച്ചിട്ടുള്ള താരത്തിന് സൂപ്പർകപ്പിൽ പരിക്ക് കാരണം കളിക്കാൻ കഴിഞ്ഞിരുന്നില്ല.

ജെസ്സലിന്റെ അവസാനത്തെ മത്സരം ബെംഗളൂരുവിനെതിരെയുള്ള വിവാദമായ ഐഎസ്എൽ പ്ലേഓഫ് ആയിരുന്നു. ആരാധകർക്ക് ബെംഗളൂരുവിനോട് ആ രോഷം ഇപ്പോഴുമുണ്ടെന്നിരിക്കെ ക്ലബിന്റെ ഓഫർ തഴഞ്ഞ് ജെസ്സൽ അവിടേക്ക് പോയത് ആരാധകരിൽ പ്രതിഷേധമുണ്ടാക്കാൻ സാധ്യതയുണ്ട്. അതേസമയം താരത്തെ സ്വന്തമാക്കിയതിലൂടെ ടീമിന്റെ നിലവിലുള്ള പോരായ്‌മകളെ മറികടക്കുകയാണ് ബെംഗളൂരു ചെയ്‌തത്‌.

Jessel Carneiro Joins Bengaluru FC From Kerala Blasters