ബാഴ്‌സക്കെതിരായ മത്സരത്തിനു ശേഷം സോഷ്യൽ മീഡിയ തന്നെ ഉപേക്ഷിക്കേണ്ടി വന്നു, പകരം വീട്ടി റയലിനെതിരെ നാല് ഗോൾ നേട്ടം | Valentin Castellanos

ജിറോണയുടെ അർജന്റീനിയൻ താരമായ വാലന്റൈൻ കാസ്റ്റയാനോസാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ലീഗ് മത്സരത്തിൽ റയൽ മാഡ്രിഡിനെതിരെ നാല് ഗോളുകളാണ് കാസ്റ്റയനോസ് നേടിയത്. 1947നു ശേഷം ആദ്യമായാണ് റയൽ മാഡ്രിഡിനെതിരെ ഒരു താരം ലീഗിൽ ഹാട്രിക്ക് നേടുന്നത്. 2013ൽ ബൊറൂസിയ ഡോർട്മുണ്ടിനു വേണ്ടി റോബർട്ട് ലെവൻഡോസ്‌കി റയലിനെതിരെ നാല് ഗോൾ നേടിയതിനു ശേഷവും ഇതാദ്യമായാണ്.

ബാഴ്‌സലോണക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിനു ശേഷം ആരാധകരുടെ പ്രതിഷേധം കാരണം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപേക്ഷിക്കേണ്ടി വന്ന താരമാണ് കാസ്റ്റയാനോസ്. രണ്ടു ടീമുകളും ഗോൾരഹിത സമനില വഴങ്ങിയ മത്സരത്തിൽ ഒരു വൺ ഓൺ വൺ ചാൻസ് താരത്തിന് ലഭിച്ചിരുന്നു. എന്നാൽ ജിറോണയുടെ വിജയം നിഷേധിച്ച് ആ ചാൻസ് അവിശ്വസനീയമായ രീതിയിൽ താരം പുറത്തേക്കടിച്ച് കളയുകയായിരുന്നു.

ഈ അവസരം തുലച്ചതിനു പിന്നാലെ ജിറോണ ആരാധകർ അർജന്റീന താരത്തിന് നേരെ തിരിഞ്ഞിരുന്നു. കടുത്ത പ്രതിഷേധമാണ് താരത്തിന് നേരെ സോഷ്യൽ മീഡിയയിലൂടെ വന്നത്. ഇതേതുടർന്ന് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അർജന്റീന താരത്തിന് ഉപേക്ഷിക്കേണ്ട സാഹചര്യവുമുണ്ടായി. എന്നാൽ അതേ ആരാധകർ തന്നെ ഇന്നലെ സ്റ്റേഡിയത്തിൽ എഴുന്നേറ്റു നിന്ന് കയ്യടികളോടെയാണ് താരത്തിന്റെ നാല് ഗോൾ നേട്ടത്തെ സ്വീകരിച്ചത്.

അമേരിക്കൻ ലീഗ് ക്ലബായ ന്യൂയോർക്ക് സിറ്റി എഫ്‌സിയുടെ താരമായിരുന്നു വാലെന്റിൻ കാസ്റ്റയനോസ്. ഒരു വർഷത്തെ ലോൺ കരാറിലാണ് താരം സ്‌പാനിഷ്‌ ക്ളബായ ജിറോണയിൽ എത്തിയത്. ഇന്നലത്തെ മത്സരത്തിന് മുൻപ് ഏഴു ഗോളുകൾ ലീഗിൽ നേടിയിരുന്ന താരം അത് പതിനൊന്നായി വർധിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഫുട്ബോൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചു പറ്റാനും താരത്തിന് കഴിഞ്ഞുവെന്നതിൽ സംശയമില്ല.

ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ റയൽ മാഡ്രിഡിനെതിരെ ഗോൾ നേടുന്നത് തന്നെ വലിയ കാര്യമാണെന്നും നാല് ഗോളുകൾ നേടാൻ കഴിയുന്നത് ചിന്തയിൽ പോലുമില്ലാതിരുന്ന കാര്യമാണെന്നും മത്സരത്തിന് ശേഷം അർജന്റീന താരം പ്രതികരിച്ചു. അതേസമയം ഇതാദ്യമായല്ല കാസ്റ്റിയാനോസ് ഒരു മത്സരത്തിൽ നാല് ഗോളുകൾ നേടുന്നത്. ന്യൂയോർക്ക് സിറ്റിക്ക് വേണ്ടി റയൽ സാൾട്ട് ലേക്കിനെതിരെ കഴിഞ്ഞ സീസണിൽ താരം ഹാട്രിക്ക് സ്വന്തമാക്കിയിരുന്നു.

Valentin Castellanos Come Back After Miss Against Barcelona