മെസിക്ക് അമ്പതു വയസു വരെ കളിക്കാനാവും, 2026 ലോകകപ്പിലും ടീമിനെ നയിക്കണമെന്ന് അർജന്റീന സഹതാരങ്ങൾ

ഖത്തർ ലോകകപ്പിന്റെ സെമി ഫൈനലിൽ ക്രൊയേഷ്യയെ കീഴടക്കിയതിനു ശേഷം അർജന്റീന നായകൻ മെസി പറഞ്ഞത് ഇതു തന്റെ അവസാനത്തെ ലോകകപ്പാണ് എന്നായിരുന്നു. മുപ്പത്തിയഞ്ചുകാരനായ താരത്തിന് നാല് വർഷങ്ങൾക്ക് ശേഷം നടക്കുന്ന അടുത്ത ലോകകപ്പ് വരെ കളിക്കളത്തിൽ തുടരാൻ കഴിയുമെന്ന കാര്യത്തിൽ ഉറപ്പില്ല എന്നതിനാലാണ് ആ പ്രതികരണം നടത്തിയത്. എന്നാൽ അടുത്ത ലോകകപ്പിലും മെസിക്ക് അർജന്റീനക്കു വേണ്ടി കളിക്കാൻ കഴിയുമെന്നാണ് സഹതാരവും അർജന്റീന ഗോൾകീപ്പറുമായ എമിലിയാനോ മാർട്ടിനസ് പറയുന്നത്.

“എന്നെ സംബന്ധിച്ചിടത്തോളം അമ്പതു വയസു വരെയും മെസിക്ക് കളിക്കാൻ കഴിയും. താരം അത്രയും മികവ് കളിക്കളത്തിൽ കാണിക്കുന്നുണ്ട്. മെസി എല്ലാം വളരെ അനായാസമാണെന്ന് തോന്നിപ്പിക്കുന്നു, അതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. താരം എത്ര നന്നായി പന്ത് കിക്ക് ചെയ്യുന്നു എന്നത് മനസിലാക്കുന്നതും അതുപോലെ തന്നെ. പന്ത് വെച്ചതിനു ശേഷം നിങ്ങളെ നോക്കി മെസി ടോപ് കോർണറിൽ അതെത്തിക്കുന്നു. അത് നടന്നില്ലെങ്കിൽ ക്രോസ്ബാറിലോ പോസ്റ്റിലോ ആയിരിക്കും പന്ത് തട്ടുന്നത്.” മാർട്ടിനസ് ഫുട്ബോളെർസ് ലൈവ് ടിവിയോട് പറഞ്ഞു.

ഇത് മെസിയുടെ അവസാനത്തെ ലോകകപ്പ് ആവരുതെന്നു തന്നെയാണ് അർജന്റീനയിലെ മറ്റൊരു സഹതാരമായ ക്രിസ്റ്റ്യൻ റൊമേറോയും പറയുന്നത്. ഈ വിഷയം വരുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നുവെന്നും അർജന്റീന താരങ്ങൾ അതിൽ നിന്നും മെസിയെ പിന്തിരിപ്പിക്കാൻ ശ്രമം നടത്തുമെന്നും റോമെറോ പറഞ്ഞു. മെസിയെപ്പോലൊരു താരത്തെ ടീമിൽ ലഭിച്ചതും അദ്ദേഹം ഞങ്ങൾക്കൊപ്പം കളിക്കുന്നതിലും വളരെയധികം സന്തോഷമുണ്ടെന്നും അർജന്റീന പ്രതിരോധതാരം പറഞ്ഞു.

ഈ ലോകകപ്പ് മെസി നെടുമോയെന്നറിയാൻ ഞായറാഴ്‌ച വരെ കാത്തിരിക്കേണ്ടതുണ്ട്. കരുത്തരായ ഫ്രാൻസാണ് അർജന്റീനയുടെ എതിരാളികൾ. അർജന്റീന വിജയം നേടിയാലും ഇല്ലെങ്കിലും 2024ൽ നടക്കുന്ന കോപ്പ അമേരിക്ക വരെ താരം ടീമിനൊപ്പം ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇത്രയും മനോഹരമായി ഫുട്ബോൾ കളിക്കുന്ന ഒരു താരം കളിക്കളം വിടാൻ ആരും ആഗ്രഹിക്കുന്നുണ്ടാകില്ല.