റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നാലാമത്തെ ചോയ്‌സ് ക്യാപ്റ്റൻ മാത്രമെന്ന് പരിശീലകൻ എറിക് ടെൻ ഹാഗ്

ഇന്നലെ ആസ്റ്റൺ വില്ലക്കെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്യാപ്റ്റനായത് ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു. പരിശീലകൻ എറിക് ടെൻ ഹാഗുമായി അഭിപ്രായ വ്യത്യാസങ്ങളുള്ള താരത്തെ നായകനാക്കിയത് ഏവരെയും അത്ഭുതപ്പെടുത്തിയ കാര്യമാണ്. താരവും പരിശീലകനും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടുവെന്ന് ഇതോടെ എല്ലാവരും കരുതി.

എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നായകനാവാൻ തന്റെ നാലാമത്തെ ചോയ്‌സ് മാത്രമായിരുന്നു എന്നാണു എറിക് ടെൻ ഹാഗ് പറയുന്നത്. റൊണാൾഡോയെക്കാൾ മുൻപേ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിലെത്തിയ ബ്രസീലിയൻ താരം കസമീറോയെയാണ് താൻ നായകനായി പരിഗണിച്ചതെന്നും എന്നാൽ താരത്തിന് ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ കഴിയില്ലെന്ന കാരണം കൊണ്ട് അതൊഴിവാക്കി റൊണാൾഡോയെ നായകനായി തീരുമാനിക്കുകയായിരുന്നുവെന്നും എറിക് ടെൻ ഹാഗ് പറഞ്ഞു.

“ക്ലബിന്റെ ക്യാപ്റ്റനായ ഹാരി മാഗ്വയർ ബെഞ്ചിലായിരുന്നു. അതിനു ശേഷം പരിഗണിക്കേണ്ടത് ഡി ഗിയയെ ആയിരുന്നെങ്കിലും ഒരു ഗോളിയെന്ന നിലയിൽ താരം ഔട്ട്‍ഫീൽഡിൽ നിന്നും ഒരുപാട് ദൂരെയാണ്. പിന്നെ ലീഡറായുള്ളത് കസമീറായാണ്. എന്നാൽ താരം ഇംഗ്ലീഷ് നന്നായി സംസാരിക്കില്ലെന്നതു കൊണ്ട് റൊണാൾഡോയെ നായകനാക്കി.” മത്സരത്തിനു ശേഷം എറിക് ടെൻ ഹാഗ് പറഞ്ഞു.

റൊണാൾഡോ നായകനായി ഇറങ്ങിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവിയായിരുന്നു ഫലം. ഉനെ എമറി പരിശീലകനായ ആസ്റ്റൺ വില്ല ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കിയത്. ലിയോൺ ബെയ്‌ലി, ലൂക്കാസ് ഡിന്യേ, ജേക്കബ് റാംസി എന്നിവർ ആസ്റ്റൺ വില്ലയുടെ ഗോളുകൾ നേടിയപ്പോൾ ജേക്കബ് റാംസിയുടെ തന്നെ സെൽഫ് ഗോളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസം നൽകിയത്.