“ഹാലൻഡും റൊണാൾഡോയും മെഷീനുകൾ, മെസി അതിൽ നിന്നും വ്യത്യസ്തൻ”- പ്രശംസയുമായി പെപ് ഗ്വാർഡിയോള | Erling Haaland
നിരവധി വർഷങ്ങളായി ഫുട്ബോൾ ലോകം ഭരിച്ചു കൊണ്ടിരിക്കുന്ന താരങ്ങളാണ് ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. മറ്റു നിരവധി കളിക്കാർ ഫുട്ബോളിൽ ഉയർന്നു വന്നിട്ടും ഇരുവരുടെയും ആധിപത്യം അവസാനിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല. പന്ത്രണ്ടു ബാലൺ ഡി ഓർ നേട്ടങ്ങൾ ഈ രണ്ടു താരങ്ങളും തമ്മിൽ പങ്കെടുത്തു എന്നത് തന്നെ ഫുട്ബോൾ ലോകത്ത് അവർ സ്ഥാപിച്ചെടുത്ത ആധിപത്യത്തിന്റെ വ്യക്തമായ ചിത്രം നൽകുന്നു.
അതേസമയം ഈ രണ്ടു താരങ്ങളും കരിയറിന്റെ അവസാനത്തെ ഘട്ടത്തിലേക്ക് ചുവടു വെച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴും മികച്ച ഫോമിൽ കളിക്കാൻ രണ്ടു പേർക്കും കഴിയുന്നുണ്ടെങ്കിലും അത് ഒരുപാട് കാലം മുന്നോട്ടു പോകില്ലെന്ന കാര്യം ഉറപ്പാണ്. ഇരുവരും കരിയറിന്റെ അവസാന ഘട്ടത്തിലായതിനാൽ തന്നെ ഇവർക്ക് പകരക്കാരനാരാകുമെന്ന ചർച്ചകൾ ഉയർന്നു വരുന്നുണ്ട്. എർലിങ്ങ് ഹാലാൻഡ്, എംബാപ്പെ എന്നിവരാണ് ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.
Pep Guardiola on the comparison of Haaland to Messi and Ronaldo 🗣 pic.twitter.com/skY4iHv85k
— ESPN FC (@ESPNFC) April 9, 2023
മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയതിനു ശേഷം തകർപ്പൻ ഫോമിലാണ് എർലിങ് ഹാലാൻഡ് കളിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയതോടെ ഈ സീസണിൽ ഇരുപത്തിയേഴു മത്സരങ്ങളിൽ നിന്നും മുപ്പതു ഗോളുകൾ എർലിങ് ഹാലാൻഡ് നേടിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരു സീസണിൽ ഏറ്റവുമധികം ഗോളുകളെന്ന റെക്കോർഡ് താരം തകർക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തോടെ മെസി, റൊണാൾഡോ എന്നിവരുടെ തലത്തിലേക്കു ഹാലാൻഡ് ഉയർന്നുവെന്നാണ് ഗ്വാർഡിയോള പറയുന്നത്. ഗോൾ നേടുന്നതിന്റെ കാര്യത്തിൽ ഈ രണ്ടു താരങ്ങളുടെ തലത്തിലേക്ക് ഹാലാൻഡ് ഉയർന്നെങ്കിലും പൂർണനായ താരം മെസിയാണെന്നും എവിടെയും കളിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പറയുന്നു. അതേസമയം ഹാലൻഡും റൊണാൾഡോയും ഗോൾ മെഷീനുകൾ ആണെന്നാണ് പെപ് പറയുന്നത്.
ഈ സീസണിൽ എർലിങ് ഹാലാൻഡിന്റെ ഫോം മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗിൽ പ്രതീക്ഷകൾ നൽകുന്നുണ്ട്. പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തുള്ള ടീം കിരീടത്തിനായി ആഴ്സണലിനോട് മത്സരിക്കുകയാണ്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കാണ് സിറ്റിയുടെ എതിരാളികൾ. ചാമ്പ്യൻസ് ലീഗിനെ പ്രത്യേകം ഇഷ്ടപ്പെടുന്ന ഹാലാൻഡ് സിറ്റിക്ക് ആദ്യത്തെ കിരീടം സമ്മാനിക്കും എന്നാണു ആരാധകരുടെ പ്രതീക്ഷ.
Content Highlights: Erling Haaland Same Level As Messi Ronaldo