ചാമ്പ്യൻസ് ലീഗിന് അവസാനമോ, യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപനം നടത്തി

ഒട്ടനവധി വിവാദങ്ങൾ ഉയർന്നതിനെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച യൂറോപ്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണമെന്റ് വീണ്ടും പ്രഖ്യാപിച്ചു. രണ്ടു വർഷങ്ങൾക്ക് മുൻപാണ് യൂറോപ്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ആദ്യമായി പ്രഖ്യാപിക്കുന്നത്. യൂറോപ്പിലെ പ്രധാന ലീഗുകളിലെ വമ്പൻ ക്ലബുകളാണ് ഇതിൽ ഭാഗമായിരുന്നത്. എന്നാൽ ആരാധകർ അടക്കമുള്ളവർ ഇതിനെതിരെ വന്നതിനാൽ പദ്ധതി താൽക്കാലികമായി നിർത്തി വെച്ചു. ക്ലബുകളിൽ ഭൂരിഭാഗവും ഇതിൽ നിന്നും പിൻമാറുകയും ചെയ്‌തിരുന്നു.

എന്നാൽ ഏതാനും വർഷങ്ങൾക്കിപ്പുറം സൂപ്പർ ലീഗിന്റെ പദ്ധതി വീണ്ടും അവതരിപ്പിച്ച് മാഡ്രിഡ് ആസ്ഥാനമായുള്ള കമ്പനി രംഗത്തു വന്നിട്ടുണ്ട്. നിലവിൽ ബാഴ്‌സലോണ, റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബുകൾ മാത്രമാണ് സൂപ്പർ ലീഗ് പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. ഇവരടക്കം അറുപതു മുതൽ എൺപതു വരെയുള്ള ടീമുകളെ ഉൾക്കൊള്ളിച്ചാണ് പുതിയ സൂപ്പർ ലീഗ് പദ്ധതി നടപ്പിലാക്കാൻ എ22 കമ്പനി ഒരുങ്ങുന്നത്.

യൂറോപ്പിലെ ക്ലബുകളുമായി അവർ നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ച് വിശദമായി ചർച്ച നടത്തിയതിനു ശേഷമാണ് യൂറോപ്യൻ സൂപ്പർ ലീഗിന്റെ പുതിയ പദ്ധതി നടപ്പിലാക്കുന്നതെന്ന് എ22 വ്യക്തമാക്കുന്നു. പ്രീമിയർ ലീഗിനെ മാറ്റി നിർത്തിയാൽ യൂറോപ്പിലെ മറ്റു ക്ലബുകളെല്ലാം വലിയ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. നിലവിൽ പ്രീമിയർ ലീഗ് ക്ലബുകൾ മാത്രമാണ് ട്രാൻസ്‌ഫർ മാർക്കറ്റിൽ സജീവമായി ഇടപെട്ട് താരങ്ങളെ സ്വന്തമാക്കുന്നത്.

അതേസമയം അറുപതു മുതൽ എൺപതു വരെയുള്ള ക്ലബ്ബുകളെ എങ്ങിനെയാണ് യൂറോപ്യൻ സൂപ്പർ ലീഗിൽ ഉൾക്കൊള്ളിക്കുകയെന്നും മറ്റു ക്ലബുകൾക്ക് കടന്നു വരാൻ ഓരോ സീസണിലും അവരിൽ ആരെയൊക്കെ, എങ്ങിനെ ഒഴിവാക്കുമെന്ന കാര്യത്തിലും വ്യക്തത വരാനുണ്ട്. നേരത്തെ വളരെ ചുരുങ്ങിയ ക്ലബുകൾ മാത്രമാണ് സൂപ്പർ ലീഗിൽ ഉണ്ടായിരുന്നത്. അതിൽ നിന്നും ഇത്രയധികം ക്ലബുകൾ പങ്കെടുക്കുമ്പോൾ വിപുലമായ മാറ്റങ്ങൾ വരുമെന്നുറപ്പാണ്.

റയൽ മാഡ്രിഡിന്റെയും ബാഴ്‌സലോണയുടെയും പ്രസിഡന്റുമാരാണ് യൂറോപ്യൻ സൂപ്പർ ലീഗിന് വേണ്ട ചരടുവലികൾ നടത്തുന്നത്. എന്നാൽ ചാമ്പ്യൻസ് ലീഗ് അടക്കമുള്ള ടൂർണമെന്റുകളെ മറികടന്ന് ഇവയെങ്ങിനെ കൃത്യമായി ആവിഷ്കരിക്കുമെന്ന ചോദ്യം ഇപ്പോഴും ഉയരുന്നുണ്ട്. യൂറോപ്യൻ സൂപ്പർ ലീഗ് യാഥാർഥ്യമായി മാറിയാൽ അത് ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് അവസാനം കുറിക്കുമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.