ഇതുപോലെയൊന്ന് കരിയറിൽ ഒരിക്കലും ഉണ്ടായിട്ടില്ല, അത്ഭുതം അടക്കാൻ കഴിയാതെ തിയാഗോ സിൽവ

പിഎസ്‌ജിയിൽ നിന്നും 2020ലാണ് ബ്രസീലിയൻ താരം തിയാഗോ സിൽവ പ്രീമിയർ ലീഗ് ക്ലബായ ചെൽസിയിലേക്ക് ചേക്കേറുന്നത്. അതിനു ശേഷം ചെൽസി പ്രതിരോധനിരയിലെ പ്രധാനിയായ താരം തന്റെ കരിയറിലെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടം ക്ലബിനൊപ്പം സ്വന്തമാക്കി. അതിനു ശേഷം പുതിയ ഉടമകൾ വന്ന് ക്ലബിലെ പല താരങ്ങളെയും ഒഴിവാക്കാനുള്ള ശ്രമം നടത്തുമ്പോഴും ടീമിലെ പ്രധാന കളിക്കാരനായി തുടരുകയാണ് തിയാഗോ സിൽവ.

ചെൽസിയിൽ എത്തിയതിനു ശേഷം ഇക്കാലമത്രയും നീണ്ട തന്റെ കരിയറിൽ ഇതുവരെയുമുണ്ടായിട്ടില്ലാത്ത അനുഭവം ഉണ്ടായിയെന്നു പറയുകയാണ് മുപ്പത്തിയെട്ടു വയസുള്ള ബ്രസീലിയൻ താരം. ഈ സീസണിൽ ചെൽസി നടത്തിയ ട്രാൻസ്‌ഫർ ഡീലുകളാണ് തിയാഗോ സിൽവക്ക് അത്ഭുതം സമ്മാനിച്ചത്. റോമൻ അബ്രമോവിച്ചിൽ നിന്നും ടോഡ് ബോഹ്‍ലി ചെൽസിയുടെ സ്ഥാനം ഏറ്റെടുത്തതിനു ശേഷം 600 മില്യൺ പൗണ്ടാണ് രണ്ടു ട്രാൻസ്‌ഫർ ജാലകങ്ങളിലായി ചെൽസി മുടക്കിയിരിക്കുന്നത്.

“ഇതുപോലെയൊന്ന് ഞാനെന്റെ കരിയറിൽ ആദ്യമായി കാണുകയാണ്. ഇത് ക്ലബിന്റെ അഭിനിവേശവും, വിജയം നേടാനുള്ള ആഗ്രഹവുമാണ് കാണിക്കുന്നത്. ഈ സീസണിൽ ഞങ്ങൾക്കൊരുപാട് പരിക്കിന്റെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. നിരവധി താരങ്ങൾ ഒപ്പം വന്നതിനാൽ ഒരുമിച്ച് നിൽക്കാനും തയ്യാറെടുപ്പിനും സമയമെടുക്കും. ഞങ്ങൾക്ക് ഈ സീസൺ മികച്ചതല്ലെങ്കിലും അതിനെ മികച്ച രീതിയിൽ അവസാനിപ്പിക്കാൻ ഞങ്ങൾക്ക് കഴിയും.” തിയാഗോ സിൽവ ചെൽസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറഞ്ഞു.

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ മാത്രം എട്ടോളം താരങ്ങളെയാണ് ചെൽസി സ്വന്തമാക്കിയത്. റെക്കോർഡ് തുകക്ക് സ്വന്തമാക്കിയ യുക്രൈൻ താരം മുഡ്രിക്ക്, ബ്രിട്ടീഷ് ട്രാൻസ്‌ഫർ റെക്കോർഡ് ഭേദിച്ച എൻസോ ഫെർണാണ്ടസ് എന്നിവർ ഇതിലുൾപ്പെടുന്നു. വമ്പൻ തുക മുടക്കി നിരവധി താരങ്ങളെ എത്തിച്ചെങ്കിലും ഏറ്റവും മികച്ച പ്രകടനം നടത്താൻ ടീമിന് കഴിഞ്ഞിട്ടില്ല. താരങ്ങൾ ടീമുമായി ഒത്തിണക്കം കാണിച്ചാൽ അത് സാധ്യമാകുമെന്നാണ് ആരാധകർ കരുതുന്നത്.