“മെസിയും ബാഴ്‌സയുമായുള്ള ബന്ധം തകർക്കാൻ ഇതിനൊന്നിനും കഴിയില്ല”- മെസിയുടെ സഹോദരന്റെ പ്രസ്‌താവനയിൽ പ്രതികരിച്ച് ലപോർട്ട

ലയണൽ മെസിയുടെ സഹോദരനായ മാത്തിയാസ് മെസി കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണങ്ങൾ ഏറെ ചർച്ചാവിഷയമായിരുന്നു. ലയണൽ മെസി ലോകത്തിലെ മികച്ച താരമായി അറിയപ്പെടാൻ തുടങ്ങിയതിനു ശേഷമാണ് ബാഴ്‌സലോണയെന്ന ക്ലബും പ്രശസ്‌തമായതെന്നും നിലവിലെ പ്രസിഡന്റായ യോൻ ലപോർട്ട അവിടെ തുടരുന്ന കാലത്തോളം മെസി ബാഴ്‌സയിലേക്ക് തിരിച്ചു വരില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. അതിനു ശേഷം ക്ഷമാപണവും മാത്തിയാസ്‌ നടത്തിയിരുന്നു.

മെസിയുടെ സഹോദരന്റെ പ്രസ്‌താവനകളെ കുറിച്ച് ബാഴ്‌സലോണ പ്രസിഡന്റ് യോൻ ലപോർട്ട ഇന്ന് പ്രതികരിക്കുകയുണ്ടായി. ഈ സംഭവത്തിൽ കൂടുതൽ വിവാദങ്ങൾക് താൽപര്യമില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ലപോർട്ടയുടെ പ്രതികരണം. “മെസി ബാഴ്‌സലോണയുടെ അഭിമാനമാണ്, അത് വ്യക്തമായ കാര്യമാണ്. താരം ഇവിടെയുണ്ടായിരുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്, മെസിയാണ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം.”

“എന്നാൽ ലിയോയെക്കുറിച്ച് അതിൽ കൂടുതലൊന്നും എന്നോട് സംസാരിക്കരുത്, താരം പിഎസ്‌ജിക്ക് വേണ്ടി കളിക്കുന്നു, മറ്റു ക്ലബുകളുടെ താരങ്ങളെക്കുറിച്ച് ഞാൻ സംസാരിക്കാത്തതാണ് കൂടുതൽ നല്ലത്. താരത്തിന്റെ സഹോദരൻ ക്ഷമാപണം നടത്തിയതിനാൽ ഈ വിഷയത്തിന് ഞാൻ കൂടുതൽ പ്രാധാന്യം നൽകുന്നില്ല. അത് ലയണൽ മെസിയും ബാഴ്‌സലോണയും തമ്മിലുള്ള ബന്ധത്തെ യാതൊരു തരത്തിലും ബാധിക്കാനും പോകുന്നില്ല.” ലപോർട്ട പറഞ്ഞു.

ലയണൽ മെസി പിഎസ്‌ജിയിൽ തുടരുമോയെന്ന കാര്യത്തിൽ സംശയങ്ങൾ ഇപ്പോഴും തുടരുന്ന സാഹചര്യത്തിലാണ് ഇത്തരം പ്രതികരണങ്ങൾ ഉണ്ടാകുന്നതെന്നത് ശ്രദ്ധേയമാണ്. ഈ സീസണോടെ താരത്തിന്റെ പിഎസ്‌ജി കരാർ അവസാനിക്കാൻ പോവുകയാണ്. അത് പുതുക്കുന്ന കാര്യത്തിൽ ലയണൽ മെസി ഇതുവരെയും തീരുമാനമെടുക്കാത്ത സാഹചര്യത്തിൽ താരം ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുമെന്ന കാര്യത്തിൽ ആരാധകർക്ക് പ്രതീക്ഷകളുണ്ട്.