ലോകകപ്പ് ഫൈനലിന്റെ എക്‌സ്ട്രാ ടൈമിൽ പിറന്ന രണ്ടു ഗോളുകളും റഫറിയിങ് പിഴവോ, സംശയവുമായി ആരാധകർ

ഒരു ലോകകപ്പ് ഫൈനലും ഇന്നു വരെ കാണാത്ത ആവേശകരമായ മത്സരമാണ് ലുസൈൽ മൈതാനിയിൽ ഇന്നലെ പിറന്നത്. രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയ അർജന്റീന അനായാസം മത്സരം സ്വന്തമാക്കുമെന്നു പ്രതീക്ഷിച്ചപ്പോൾ 97 സെക്കൻഡിൽ അതിനു മറുപടി നൽകി എംബാപ്പെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീട്ടി. എക്‌സ്ട്രാ ടൈമിലും ടീമുകൾ ഓരോ ഗോളുകൾ വീതം നേടിയപ്പോൾ വിജയികളെ തീരുമാനിച്ചത് ഷൂട്ടൗട്ടാണ്. അർജന്റീന എടുത്ത നാല് കിക്കുകളും ലക്‌ഷ്യം കണ്ടപ്പോൾ ഫ്രാൻസിന്റെ ഒരു കിക്ക് പുറത്തു പോവുകയും ഒരെണ്ണം എമിലിയാനോ തടഞ്ഞിടുകയും ചെയ്‌തു. ഇതോടെ ഖത്തറിൽ അർജന്റീന കിരീടം സ്വന്തമാക്കി.

അതേസമയം മത്സരത്തിന്റെ എക്‌സ്ട്രാ ടൈമിൽ പിറന്ന രണ്ടു ഗോളുകൾ സംബന്ധിച്ചും ആരാധകർ ഇപ്പോൾ സംശയങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. റഫറി കൃത്യമായി പരിശോധന നടത്താതിരുന്നതാണ് ആ ഗോളുകൾക്ക് കാരണമെന്ന് സോഷ്യൽ മീഡിയയിലൂടെ ആരാധകർ ചൂണ്ടിക്കാട്ടുന്നു. നൂറ്റിയെട്ടാം മിനുട്ടിൽ ലൗറ്റാറോ മാർട്ടിനസിന്റെ ഷോട്ടിന്റെ റീബൗണ്ടിൽ നിന്നും ലയണൽ മെസി ഗോൾ നേടുമ്പോൾ അർജന്റീന ബെഞ്ചിലുള്ള രണ്ടു താരങ്ങൾ മൈതാനത്താണ് നിന്നിരുന്നത്. പന്ത് ഗോൾവര കടക്കുന്നതിനു മുൻപ് തന്നെ ഈ താരങ്ങൾ മൈതാനത്ത് എത്തിയിരുന്നതിനാൽ ആ ഗോൾ അനുവദിക്കാൻ കഴിയുമായിരുന്നില്ലെന്നും എന്നാൽ വീഡിയോ റഫറി അത് പരിശോധിച്ചില്ലെന്നും പറയുന്നു.

അതിനു പിറകേ വന്ന എംബാപ്പയുടെ ഹാട്രിക്ക് ഗോളും സംശയത്തിന്റെ നിഴലിലാണ്. എംബാപ്പയുടെ ഷോട്ട് തടുക്കാൻ ചെന്ന പരഡെസിന്റെ കയ്യിൽ പന്ത് കൊണ്ടതിനു ലഭിച്ച പെനാൽറ്റിയിൽ നിന്നാണ് ആ ഗോൾ പിറന്നത്. ഷോട്ട് എടുക്കുന്നതിനു മുൻപ് എംബാപ്പെക്ക് പന്ത് ലഭിച്ചത് ഒരു കോർണറിനു ശേഷമായിരുന്നു. കോർണർ ഹെഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ഒരു ഫ്രാൻസ് താരത്തിന്റെ കയ്യിൽ കൊണ്ടതിനു ശേഷമാണ് എംബാപ്പെക്ക് പന്ത് ലഭിച്ചതെന്നും അതു വീഡിയോ റഫറി പരിശോധിച്ചില്ലെന്നുമാണ് സോഷ്യൽ മീഡിയയിൽ പറയുന്നത്. കയ്യിലാണോ തലയിലാണോ ആ പന്ത് കൊണ്ടതെന്ന് കൃത്യമായി മനസിലാകാത്ത തരത്തിലുള്ള വീഡിയോ ദൃശ്യങ്ങളാണ് ഇതിനൊപ്പമുള്ളതെങ്കിലും പലരും അത് കയ്യിലാണു കൊണ്ടതെന്നു തന്നെ വാദിക്കുന്നു.

മത്സരം തീർന്ന് അർജന്റീന കപ്പുയർത്തിയതിനാൽ ഇത്തരം വാദങ്ങൾക്കൊന്നും യാതൊരു പ്രസക്തിയുമില്ലെങ്കിലും ആരാധകർ ഇതിനെ തങ്ങളുടെ ടീമിന് അനുകൂലമായ ചർച്ചകൾക്ക് ഉപയോഗിക്കുന്നുണ്ട്. ഫുട്ബോൾ മൈതാനത്ത് സാങ്കേതികവിദ്യ വളരെയധികം പുരോഗമിച്ചിട്ടും ഇതുപോലെയുള്ള പിഴവുകൾ ആവർത്തിക്കപ്പെടുന്നതും പലരുംചൂണ്ടിക്കാട്ടുന്നു. ഖത്തർ ലോകകപ്പിൽ നിരവധി മത്സരങ്ങളിൽ റഫറിയിങ് പിഴവുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഉയർന്നിരുന്നു. പോളിഷ് റഫറി ഫൈനൽ മികച്ച രീതിയിൽ നിയന്ത്രിച്ചെങ്കിലും വീഡിയോ റഫറിയിങ് സംവിധാനം വേണ്ടത്ര കാര്യക്ഷമമായിരുന്നില്ല എന്ന വിമർശനമാണ് പ്രധാനമായും ഉയരുന്നത്.