അർഹിച്ച പെനാൽറ്റി അനുവദിച്ചില്ല, ബാഴ്സ-ബയേൺ മത്സരത്തിലെ റഫറിയിങ്ങിനെതിരെ പ്രതിഷേധം
ബാഴ്സലോണയും ബയേൺ മ്യൂണിക്കും തമ്മിൽ ഇന്നലെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഏറ്റു മുട്ടിയപ്പോൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ച ബയേൺ മ്യൂണിക്ക് ഒരിക്കൽക്കൂടി കാറ്റലൻ ക്ലബിനു മേൽ ആധിപത്യം സ്ഥാപിക്കുകയുണ്ടായി. മത്സരത്തിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ച ബാഴ്സലോണക്ക് ഗോളുകൾ നേടാൻ നിരവധി സുവർണാവസരങ്ങൾ ഉണ്ടായിരുന്നെങ്കിലും ക്ലിയർ ചാൻസുകൾ പോലും മുതലാക്കാൻ താരങ്ങൾക്ക് കഴിയാതെ വന്നതിനെ തുടർന്നാണ് അവർ തോൽവി ഏറ്റു വാങ്ങിയത്.
മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ ബാഴ്സലോണ മൂന്നു ഗോളുകൾക്കെങ്കിലും മുന്നിലെത്തേണ്ടതായിരുന്നെങ്കിലും അവസരങ്ങൾ തുലയ്ക്കാൻ മത്സരിച്ച പെഡ്രിയും റോബർട്ട് ലെവൻഡോസ്കിയും അതിൽ നിന്നും ടീമിനെ തടഞ്ഞു. അതിനിടയിൽ ഒരു ഡെംബലെയെ അൽഫോൻസോ ഡേവീസ് ബോക്സിൽ വീഴ്ത്തിയതിന് ഒരു പെനാൽറ്റി അപ്പീൽ ബാഴ്സലോണ നടത്തിയെങ്കിലും അത് റഫറി നിഷേധിക്കുകയും ചെയ്തു. ഇതു സംബന്ധിച്ചാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ആരാധകർ ചർച്ച നടത്തുന്നത്.
ആദ്യപകുതിയിൽ ഡെംബലെ പന്തുമായി മുന്നേറുമ്പോൾ ബോക്സിന്റെ എഡ്ജിൽ വെച്ചാണ് കനേഡിയൻ താരം ഫൗൾ ചെയ്തത്. ബാഴ്സലോണ പെനാൽറ്റിക്കു വേണ്ടി അപ്പീൽ ചെയ്തെങ്കിലും മത്സരം തുടരാനാണ് റഫറി ആവശ്യപ്പെട്ടത്. അവിടെ നിന്നും ബയേണിന്റെയൊരു പ്രത്യാക്രമണവും നടന്ന് ഗോളിനരികിൽ എത്തിയിരുന്നു. റഫറിയുടെ തീരുമാനത്തെ വീഡിയോ അസിസ്റ്റന്റ് റഫറി ഇടപെട്ട് തിരുത്തുകയും ചെയ്തില്ല. എന്നാൽ ആ സംഭവത്തിന്റെ ദൃശ്യങ്ങൾ കണ്ടാൽ ഡെംബലെ ഫൗൾ ചെയ്യപ്പെട്ടുവെന്ന കാര്യം വ്യക്തമാണ്.
That was a clear penalty on dembele ffs
— FCB One Touch (@FCB_OneTouch) September 13, 2022
pic.twitter.com/70penFFJwn
ആദ്യപകുതിയിൽ തന്നെ ബാഴ്സലോണക്ക് മുന്നിലെത്തി മത്സരത്തിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയുമായിരുന്ന അവസരമാണ് ഇതിലൂടെ ഇല്ലാതായത്. ഇതിനു പുറമെ ഗോളെന്നുറപ്പിക്കാൻ കഴിയുമായിരുന്ന നിരവധി ചാൻസുകൾ നഷ്ടമാക്കിയ താരങ്ങൾ തന്നെയാണ് ടീമിന്റെ പരാജയത്തിന് ഉത്തരവാദികൾ. ഇതോടെ ബയേണിന്റെ മൈതാനത്ത് ജയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന നാണക്കേട് നിലനിർത്തിയ ബാഴ്സലോണ സമീപകാലങ്ങളിൽ ബയേണിനോട് സ്ഥിരമായി തോൽക്കുകയെന്ന പതിവും നിലനിർത്തി.
എങ്കിലും മത്സരത്തിൽ ബാഴ്സലോണ ആധിപത്യം പുലർത്തിയത് ടീമിന് പ്രതീക്ഷ നൽകുന്ന കാര്യമാണ്. സ്വന്തം മൈതാനത്ത് നടക്കാനിരിക്കുന്ന അടുത്ത മത്സരത്തിൽ വിജയം നേടാൻ കഴിയുമെന്ന ആത്മവിശ്വാസം ടീമിനുണ്ട്. ബയേണിനു പുറമെ ഇന്റർ മിലാനും അണിനിരക്കുന്ന ഗ്രൂപ്പിൽ ഇനിയുള്ള മത്സരങ്ങളിൽ വിജയം നേടാൻ കഴിഞ്ഞില്ലെങ്കിൽ ബാഴ്സലോണയുടെ നോക്ക്ഔട്ട് പ്രതീക്ഷകളെയും അത് ബാധിക്കും.