എംബാപ്പെ അടുത്ത സീസണിൽ റയലിൽ കളിക്കും, പിഎസ്‌ജി കരാർ വിവരങ്ങൾ പുറത്ത്

ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ സ്വന്തമാക്കാൻ ശ്രമിച്ചു പരാജയപ്പെട്ട പിഎസ്‌ജി താരം കിലിയൻ എംബാപ്പയെ അടുത്ത സീസണിൽ ടീമിലെത്തിക്കാൻ റയൽ മാഡ്രിഡിന് അവസരം. താരം ഈ സമ്മറിൽ പുതുക്കിയ പിഎസ്‌ജി കരാറുമായി ബദ്ധപ്പെട്ട വിവരങ്ങൾ ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെ റിപ്പോർട്ട് ചെയ്‌തത്‌ യാഥാർഥ്യമാണെങ്കിൽ അടുത്ത സമ്മറിൽ ഫ്രഞ്ച് മുന്നേറ്റനിര താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള സാധ്യതകൾ വളരെയധികമാണ്.

ജൂണിൽ എംബാപ്പയുടെ പിഎസ്‌ജി കരാർ അവസാനിച്ചതോടെ താരത്തെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ശ്രമിച്ചിരുന്നു. റയൽ മാഡ്രിഡിലേക്ക് ചേക്കേറണമെന്ന ആഗ്രഹം നിരവധി തവണ വെളിപ്പെടുത്തിയ താരമാണ് എംബാപ്പെ. 2021 സമ്മർ ജാലകത്തിൽ താരത്തിനായി ഇരുനൂറു മില്യൺ യൂറോ വരെ റയൽ മാഡ്രിഡ് വാഗ്‌ദാനം ചെയ്‌തിട്ടുമുണ്ട്. എന്നാൽ റയലിലെത്താനുള്ള അവസരം ഉപയോഗപ്പെടുത്തുന്നതിന് പകരം വമ്പൻ തുക പ്രതിഫലം വാങ്ങി പുതിയ പിഎസ്‌ജി കരാർ ഒപ്പിടുകയാണ് എംബാപ്പെ ചെയ്‌തത്‌.

നേരത്തെ വന്ന റിപ്പോർട്ടുകൾ പ്രകാരം എംബാപ്പയുമായി പിഎസ്‌ജി മൂന്നു വർഷത്തേക്കാണ് കരാർ ഒപ്പിട്ടിരുന്നത്. എന്നാൽ എൽ എക്വിപ്പെയുടെ റിപ്പോർട്ടുകൾ പ്രകാരം 2024 വരെ മാത്രമേ താരത്തിന് ഫ്രഞ്ച് ക്ലബുമായി കരാറുള്ളൂ. അതിനു ശേഷം എംബാപ്പെക്ക് താൽപര്യമുണ്ടെങ്കിൽ ഈ കരാർ ഒരു വർഷത്തേക്കു കൂടി നീട്ടാൻ കഴിയും. പ്രതിവാരം ആറര ലക്ഷം പൗണ്ടാണ് എംബാപ്പെക്ക് പ്രതിഫലമായി ലഭിക്കുകയെന്നും കരാർ വിവരങ്ങളിൽ പറയുന്നു.

2024ൽ കരാർ അവസാനിക്കുമെങ്കിൽ അടുത്ത സമ്മറിൽ തന്നെ താരത്തിന്റെ ട്രാൻസ്‌ഫറിനായി റയൽ മാഡ്രിഡ് സമ്മർദ്ദം ചെലുത്തിയേക്കും. 2024ൽ കരാർ അവസാനിക്കുന്ന, ലോകത്തിലെ ഏറ്റവും മൂല്യമുള്ള താരത്തെ ഫ്രീ ഏജന്റായി വിട്ടുകൊടുക്കാൻ പിഎസ്‌ജി തയ്യാറാവില്ലെന്ന് ഉറപ്പാണ്. അതുകൊണ്ടു തന്നെ അടുത്ത സമ്മറിൽ റയലിന്റെ ഓഫർ വന്നാൽ അവർ പരിഗണിക്കാനുള്ള സാധ്യതയുണ്ട്.

എന്നാൽ എംബാപ്പക്കായി റയൽ മാഡ്രിഡ് ശ്രമം നടത്തുമോയെന്നത് കണ്ടറിയേണ്ട കാര്യമാണ്. ഈ സമ്മറിൽ പിഎസ്‌ജിയിൽ തന്നെ തുടർന്നതോടെ റയൽ മാഡ്രിഡ് ആരാധകർ താരത്തിനെതിരാണ്. എന്നാൽ മികച്ച താരങ്ങളെ ടീമിലെത്തിക്കുന്നതിൽ പ്രൊഫെഷണൽ സമീപനം പുലർത്തുന്ന ക്ലബ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് താരത്തെ സ്വന്തമാക്കാനുള്ള അവസരം തഴയാനിടയില്ല.