മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ്, ഇത്രയും തരംതാഴരുതെന്ന് വിമർശനം | ISL
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ മുംബൈ സിറ്റിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ നടന്ന മത്സരത്തിൽ സ്വന്തം മൈതാനത്ത് മുംബൈ സിറ്റിയാണ് വിജയം സ്വന്തമാക്കിയത്. രണ്ടു ടീമുകളും മികച്ച പ്രകടനം നടത്തിയെങ്കിലും കേരള ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയായത് അവർ മത്സരത്തിൽ വരുത്തിയ പിഴവുകളാണ്. മുംബൈ സിറ്റിയുടെ രണ്ടു ഗോളുകളും പിറന്നത് ബ്ലാസ്റ്റേഴ്സ് വരുത്തിയ പിഴവുകളിലായിരുന്നു. ഗോൾകീപ്പർ സച്ചിൻ സുരേഷും ഡിഫൻഡർ പ്രീതം കോട്ടാലുമാണ് പിഴവുകൾ വരുത്തിയത്.
മത്സരത്തിൽ മുന്നിലെത്തിയതോടെ സമയം വൈകിപ്പിക്കുന്നതിനു വേണ്ടി മുംബൈ സിറ്റി താരങ്ങൾ നടത്തിയ നാണംകെട്ട അടവുകൾ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ പ്രകോപിതരാക്കിയിരുന്നു. നിരവധി തവണയാണ് മുംബൈ സിറ്റിയുടെ താരങ്ങൾ പരിക്കേറ്റുവെന്ന രീതിയിൽ മൈതാനത്ത് കിടന്ന് മത്സരത്തിൽ സമയം കളഞ്ഞത്. ഇതേത്തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ തങ്ങളുടെ പ്രതിഷേധം പ്രകടമാക്കിയത് കളിക്കളത്തിൽ സംഘർഷത്തിന് വഴിയൊരുക്കിയിരുന്നു.
മൈതാനത്തുള്ള സംഘർഷം കൃത്യമായി ഇടപെട്ടു പരിഹരിക്കാൻ റഫറിക്ക് കഴിഞ്ഞിരുന്നില്ല, റഫറിയുടെ കൺമുന്നിൽ വെച്ചാണ് പ്രബീർ ദാസിന്റെ കഴുത്തിൽ മുംബൈ സിറ്റി താരം ഗ്രിഫിത്ത്സ് കുത്തിപ്പിടിച്ചത്. അതിനു ശേഷം ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ വന്ന വീഡിയോക്കെതിരെ ആരാധകർ രംഗത്തു വന്നിട്ടുണ്ട്. ഇന്നലത്തെ മത്സരത്തിൽ മൈതാനത്ത് നടന്ന സംഘർഷങ്ങളുടെ ക്ലിപ്പുകളാണ് ഇന്ത്യൻ സൂപ്പർ ലീഗ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
മൈതാനത്ത് നടക്കുന്ന സംഘർഷം പരിഹരിക്കാൻ റഫറിക്ക് കഴിഞ്ഞില്ലെന്നത് ഐഎസ്എൽ അധികൃതരുടെ ഒരു പോരായ്മയായി നിൽക്കുമ്പോഴാണ് സംഘർഷത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ അവർ പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടു മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന ചെന്നായയുടെ കഥ പോലെ രണ്ടു ടീമുകൾ തമ്മിലുള്ള സംഘർഷം വെച്ച് ഇന്ത്യൻ സൂപ്പർ ലീഗിന് റീച്ച് കൂട്ടാനുള്ള അടവാണിവർ നടത്തുന്നതെന്ന് ആരാധകർ വിമർശിക്കുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ പ്രവൃത്തി ഒട്ടും ന്യായമല്ലെന്ന് എല്ലാവരും പറയുന്നു. വീഡിയോ റഫറിയിങ് അടക്കമുള്ള കാര്യങ്ങൾ ലീഗിൽ ഉൾപ്പെടുത്തി മൈതാനത്ത് നീതിയുക്തമായ തീരുമാനങ്ങൾ എടുത്തതിനു ശേഷമാണ് ഇത്തരത്തിൽ ചെയ്യുന്നതെങ്കിൽ അത് പിന്നെയും ഉൾക്കൊള്ളാൻ കഴിയുന്നതാണ്. എന്നാൽ ഇവിടെ സ്വയം പരാജയപ്പെട്ട ഒരു സംഭവത്തിന്റെ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത് അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള അവരുടെ ഇടപെടൽ അംഗീകരിക്കാൻ കഴിയാത്തതാണ്.
Fans Slams ISL Official Page Video On KBFC Vs MCFC