ഈ റാമോസിനെയും വെച്ചാണോ ബയേണിനെ നേരിടാൻ പോകുന്നത്, വിമർശനവുമായി ആരാധകർ | PSG

പുതുവർഷത്തിലെ ആദ്യത്തെ മത്സരത്തിൽ തന്നെ പിഎസ്‌ജിക്ക് ഫ്രഞ്ച് ലീഗിലെ രണ്ടാം സ്ഥാനക്കാരായ ലെൻസിന്റെ പക്കൽ നിന്നും തോൽവി നേരിടേണ്ടി വന്നിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് സ്വന്തം മൈതാനത്തു നടന്ന മത്സരത്തിൽ ലെൻസ് വിജയം നേടിയത്. ലയണൽ മെസി, നെയ്‌മർ എന്നീ താരങ്ങൾ ഇല്ലാതെ ഇറങ്ങിയത് പിഎസ്‌ജിയെ വളരെയധികം ബാധിച്ചിരുന്നു. ലോകകപ്പിലെ സൂപ്പർതാരമായ കിലിയൻ എംബാപ്പെ നിശബ്ദനായ മത്സരത്തിൽ വഴങ്ങിയ തോൽവി ഈ സീസണിൽ പിഎസ്‌ജിയുടെ ആദ്യത്തേതാണ്. എങ്കിലും ലീഗിൽ അവർ തന്നെയാണ് ഒന്നാം സ്ഥാനത്തു തുടരുന്നത്.

അതേസമയം മത്സരത്തിനു ശേഷം പിഎസ്‌ജി പ്രതിരോധനിരയുടെ പ്രകടനം വലിയ വിമർശനങ്ങളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. പ്രധാനമായും വെറ്ററൻ താരം സെർജിയോ റാമോസാണ് വിമർശനങ്ങൾ നേരിടുന്നത്. മത്സരത്തിൽ ഒരു പ്രത്യാക്രമണത്തിൽ നിന്നും ലെൻസ് നേടിയ ഗോളിന് റാമോസ് വരുത്തിയ പിഴവാണ് കാരണമായത്. ഇത്രയും മോശം പ്രകടനം പ്രതിരോധത്തിൽ കാഴ്‌ച വെക്കുന്നവരെ കൊണ്ട് ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ബയേൺ മ്യൂണിക്കിനെ പോലെ മികച്ച മുന്നേറ്റനിരയുള്ള, ശക്തമായ ആക്രമണം നടത്തുന്ന ടീമിനെതിരെ എങ്ങിനെ കളിക്കുമെന്നാണ് പിഎസ്‌ജി ചിന്തിക്കുന്നതെന്ന് അവർ ചോദിക്കുന്നു.

മത്സരത്തിന്റെ ഇരുപത്തിയെട്ടാം മിനുട്ടിൽ പിഎസ്‌ജി ആക്രമണത്തെ തടുത്തതിനു ശേഷം വളരെ വേഗത്തിലാണ് ലെൻസ് താരങ്ങൾ പ്രത്യാക്രമണം നടത്തിയത്. മധ്യവരക്കടുത്തു നിന്നും പന്ത് ലഭിച്ച ഓപ്പൻഡയെ തടുക്കാൻ മുന്നോട്ടു കുതിച്ച റാമോസ് അതിനു ശ്രമിച്ചെങ്കിലും താരത്തിനു പൂർണമായും പിഴച്ച് മൈതാനത്തു വീണു. പന്തുമായി മുന്നോട്ടു കുതിച്ച ലെൻസ് താരം തടുക്കാൻ വന്ന ബ്രസീലിയൻ താരം മാർക്വിന്യോസിനെയും പൂർണമായും നിഷ്പ്രഭനാക്കിയാണ് വല കുലുക്കിയത്. ആ ഗോളിലാണ് ലെൻസ് മത്സരത്തിൽ രണ്ടാം തവണയും ലീഡ് നേടിയത്.

കഴിഞ്ഞ സീസണിൽ പരിക്ക് മൂലം പുറത്തിരുന്ന റാമോസ് ഈ സീസണിലാണ് ആദ്യ ഇലവനിൽ ഇറങ്ങാൻ തുടങ്ങിയത്. മൂന്നു പ്രതിരോധതാരങ്ങളെ വെച്ചുള്ള ഗാൾറ്റിയറുടെ ശൈലിയിൽ താരം സ്ഥിരമായി ഇറങ്ങുന്നുണ്ടെങ്കിലും ഈ പ്രതിരോധവും കൊണ്ട് അവർക്ക് കൂടുതൽ മുന്നോട്ടു പോകാൻ കഴിയില്ല എന്നുറപ്പാണ്. ഫ്രഞ്ച് ഡിഫെൻഡറായ കിംപെംബെയുടെ അഭാവവും പിഎസ്‌ജിയെ ബാധിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് പോലെയുള്ള ടൂർണമെന്റുകളിൽ പിഎസ്‌ജി മുന്നോട്ടു പോകണമെങ്കിൽ ജനുവരിയിൽ പുതിയ താരങ്ങളെത്തേണ്ടത് അനിവാര്യമാണെന്ന് ഇന്നലത്തെ മത്സരം തെളിയിച്ചു.