ആ വിളി വരുമെന്ന് അവസാന നിമിഷം വരെ റൊണാൾഡോ പ്രതീക്ഷിച്ചു, ഒടുവിൽ നിരാശനായി സൗദി ലീഗിലേക്ക്

സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയതോടെ ഒരിക്കൽക്കൂടി ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ കളിക്കുകയെന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആഗ്രഹം കൂടിയാണ് ഇല്ലാതായത്. രണ്ടു ദിവസം മുൻപാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു ഫ്രീ ഏജന്റായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയ വിവരം അൽ നസ്ർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ കരാറോടെ നിലവിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാറും. സ്‌പോൺസർഷിപ്പുമായി ബന്ധപ്പെട്ട ഉടമ്പടികൾ ഉൾപ്പെടെ പ്രതിവർഷം ഇരുനൂറു മില്യൺ യൂറോ പ്രതിഫലമായി ലഭിക്കുന്ന രണ്ടര വർഷത്തെ കരാറാണ് റൊണാൾഡോ പോർച്ചുഗീസ് ക്ലബുമായി ഒപ്പു വെച്ചിരിക്കുന്നത്.

ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കണമെന്ന ആഗ്രഹവുമായി നിരവധി ക്ലബുകളുടെ വാതിലുകളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ചെന്നു മുട്ടിയെങ്കിലും അവയെല്ലാം താരത്തിനു മുന്നിൽ അടഞ്ഞു തന്നെ കിടന്നു. റെലെവോയുടെ റിപ്പോർട്ടുകൾ പ്രകാരം പിഎസ്‌ജി മുതൽ സ്പോർട്ടിങ് എസ്‌പി വരെയുള്ള ക്ലബുകളുമായി താരത്തിന്റെ ഏജന്റായ യോർഹെ മെൻഡസ് ബന്ധപ്പെട്ടിരുന്നു. എന്നാൽ താരത്തിന്റെ മോശം ഫോം, പ്രായം, ഉയർന്ന പ്രതിഫലം എന്നിവയെല്ലാം കാരണം ഈ ക്ലബുകളെല്ലാം ഓഫർ നൽകാൻ മടിക്കുകയായിരുന്നു. ഇതോടെയാണ് യൂറോപ്യൻ ഫുട്ബോളിന്റെ വെള്ളിവെളിച്ചത്തിൽ നിന്നും ഏഷ്യൻ ഫുട്ബോളിലേക്ക് കളം മാറ്റിചവിട്ടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ തീരുമാനിച്ചത്.

സൗദി ക്ലബ്ബിലേക്ക് ചേക്കേറാനുള്ള തീരുമാനം എടുക്കുന്നതിനു മുൻപ് റൊണാൾഡോ റയൽ മാഡ്രിഡിൽ നിന്നുള്ള വിളി പ്രതീക്ഷിച്ചിരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. റയൽ മാഡ്രിഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമാണ് റൊണാൾഡോ. ക്ലബിന്റെ ഏറ്റവും ഉയർന്ന ഗോൾവേട്ടക്കാരനായ താരം തുടർച്ചയായ മൂന്നു ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉൾപ്പെടെ നാല് തവണ ക്ലബ്ബിനെ യൂറോപ്പിലെ ജേതാക്കളാക്കി. റയൽ മാഡ്രിഡിൽ ഉണ്ടായിരുന്ന സമയത്താണ് നാല് ബാലൺ ഡി ഓറും റൊണാൾഡോ സ്വന്തമാക്കിയത്. തുടർച്ചയായ നാലാമത്തെ ചാമ്പ്യൻസ് ലീഗ് നേടിയതിനു പിന്നാലെ താരം റയൽ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് ചേക്കേറുകയായിരുന്നു.

റയൽ മാഡ്രിഡ് വിട്ട തീരുമാനത്തിൽ പിന്നീട് നിരാശപ്പെട്ട താരം ക്ലബ്ബിലേക്ക് തിരിച്ചു വരാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അവയൊന്നും ഫലം കണ്ടില്ല. പോർച്ചുഗൽ ലോകകപ്പിൽ നിന്നും പുറത്തായതിന് ഏതാനും ദിവസങ്ങൾക്ക് ശേഷം റയൽ മാഡ്രിഡിന്റെ ട്രെയിനിങ് ഗ്രൗണ്ടിൽ റൊണാൾഡോ പരിശീലനം ആരംഭിച്ചതും അതിനുള്ള സാധ്യത തുറക്കാൻ വേണ്ടി തന്നെയായിരുന്നു. കാർലോ ആൻസലോട്ടി റയൽ മാഡ്രിഡ് പരിശീലകസ്ഥാനത്തിരിക്കുന്നതും റൊണാൾഡോക്ക് പ്രതീക്ഷ നൽകി. സൗദിയുമായി കരാർ ഒപ്പിടാനുള്ള തീരുമാനം എടുക്കുന്നതിന്റെ തൊട്ടു മുൻപ് വരെ റയൽ മാഡ്രിഡിൽ നിന്നും ഓഫർ റൊണാൾഡോ പ്രതീക്ഷിച്ചെങ്കിലും ക്ലബ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് അതു പരിഗണിച്ചതേയില്ല.

കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ രണ്ടാമത്തെ ടോപ് സ്‌കോറർ ആയിരുന്ന റൊണാൾഡോ ഈ സീസണിൽ മോശം പ്രകടനമാണ് ക്ലബിനും രാജ്യത്തിനും വേണ്ടി നടത്തിയത്. ഇപ്പോഴും ഫിറ്റ്നസ് പ്രശ്‌നങ്ങളില്ലാതെ കളിക്കളത്തിൽ തുടരുന്ന താരത്തിന് കൃത്യമായ പിന്തുണ നൽകുന്നൊരു ടീം ലഭിച്ചാൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്നുറപ്പാണ്. സൗദി ക്ലബിനൊപ്പം മികച്ച പ്രകടനം നടത്തി അടുത്ത സീസണിൽ താരം യൂറോപ്പിലേക്ക് തന്നെ തിരിച്ചു വരുമെന്നും ആരാധകർ കരുതുന്നു.