ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കരുത്ത് യൂറോപ്യൻ രാജ്യത്ത് പുതിയ ചരിത്രം കുറിക്കുന്നു, വെളിപ്പെടുത്തലുമായി ഫെഡോർ സെർനിച്ച് | Fedor Cernych

അഡ്രിയാൻ ലൂണയുടെ പകരക്കാരനായി കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ ലിത്വാനിയൻ നായകനായ ഫെഡോർ സെർനിച്ചിനു വലിയ സ്വീകരണമാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ നൽകിയത്. താരത്തിന്റെ സൈനിങ്‌ ആരാധകർക്ക് വലിയ ആവേശം നൽകിയെന്ന് അതിനു ശേഷം ഫെഡോറിന്റെ ഇൻസ്റ്റാഗ്രാം ഫോളോവെഴ്‌സിന്റെ എണ്ണത്തിൽ വന്ന മാറ്റത്തിൽ നിന്നും വ്യക്തമായി, അത് വാർത്തയാവുകയും ചെയ്‌തതാണ്‌.

ഫെഡോറിന്റെ സൈനിങ്ങ് പ്രഖ്യാപിക്കുന്ന സമയത്ത് ഏഴായിരത്തോളം മാത്രമായിരുന്നു ഫോളോവേഴ്‌സിന്റെ എണ്ണം. എന്നാൽ ഇപ്പോൾ അത് രണ്ടു ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്. കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് താരം സംസാരിക്കുകയുണ്ടായി. ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഇത്രയും വലിയൊരു കുതിപ്പ് പ്രതീക്ഷിരുന്നില്ലെന്നും ലിത്വാനിയയിൽ ഏറ്റവുമധികം പേർ ഫോളോ ചെയ്യുന്ന ഒരാളായി താൻ മാറിയെന്നും താരം പറഞ്ഞു.

“കരോലിസുമായി ഞാൻ സംസാരിക്കുന്നതിനിടെ അദ്ദേഹം ഇൻസ്റ്റാഗ്രാമിനെക്കുറിച്ച് സംസാരിച്ചിരുന്നു. നിങ്ങളുടെ സൈനിങ്‌ പൂർത്തിയായാൽ സോഷ്യൽ മീഡിയയിൽ ഇടുമെന്നും അതോടെ ഇരുപത്തിനായിരമോ മുപ്പത്തിനായിരമോ ഫോളോവേഴ്‌സ് പുതിയതായി വരുമെന്നും അദ്ദേഹം പറഞ്ഞു. സൈനിങ്‌ കഴിഞ്ഞ പതിനഞ്ചു മിനുട്ട് കഴിഞ്ഞു നോക്കുമ്പോൾ അൻപതിനായിരം ഫോളോവേഴ്‌സ് കവിഞ്ഞിരുന്നു.”

ലിത്വാനിയയിൽ ഏറ്റവുമധികം പേർ പിന്തുടരുന്ന കായികതാരങ്ങളിൽ ഒരാളായി താൻ മാറിയെന്നും ഫെഡോർ പറഞ്ഞു. “ലിത്വാനിയയിൽ ഏറ്റവുമധികം പേർ പിന്തുടരുന്ന മൂന്നാമത്തെ കായികതാരമാണ് ഞാനെന്നാണ് കരുതുന്നത്. എന്റെ രാജ്യത്തുള്ള മൂന്ന് എൻബിഎ കളിക്കാർക്ക് മാത്രമാണ് എന്നെക്കാൾ കൂടുതൽ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സുള്ളത്.” താരം പറഞ്ഞു.

നാളെ ഒഡിഷ എഫ്‌സിക്കെതിരെ നടക്കുന്ന മത്സരത്തിൽ ഫെഡോർ ബ്ലാസ്റ്റേഴ്‌സിനായി ആദ്യത്തെ മത്സരം കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ പെപ്ര പരിക്കേറ്റു പുറത്തു പോയ സാഹചര്യത്തിൽ ഫെഡോറിൽ ആരാധകർ വലിയ പ്രതീക്ഷ പുലർത്തുന്നുണ്ട്. വിങ്ങിലും സെൻട്രൽ സ്‌ട്രൈക്കറായും കളിക്കാൻ കഴിയുന്ന താരമാണ് ഫെഡോർ.

Fedor Cernych On Instagram Followers After Kerala Blasters Signing