രണ്ടു താരങ്ങൾ പുറത്ത്, രണ്ടു താരങ്ങൾ പുതിയതായി ടീമിൽ; ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ നിരവധി മാറ്റങ്ങൾ | Kerala Blasters

ജനുവരി ട്രാൻസ്‌ഫർ ജാലകം ഇന്നലെ അവസാനിച്ചപ്പോൾ ഐഎസ്എൽ രണ്ടാം പകുതിക്കായി ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ നിരവധി മാറ്റങ്ങൾ വന്നിട്ടുണ്ട്. താരങ്ങളുടെ പരിക്കും മറ്റും കാരണം പുതിയ താരങ്ങളെ ഉൾപ്പെടുത്തിയും ഇവാൻ വുകോമനോവിച്ചിന്റെ പദ്ധതികളിൽ ഇല്ലാത്ത താരങ്ങളെ ഒഴിവാക്കിയുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനെ പുതുക്കിപ്പണിതിരിക്കുന്നത്.

ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാനത്തെ ദിവസമായ ഇന്നലെ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടത് രണ്ടു പേരാണ്. ഇവാന് കീഴിൽ അവസരങ്ങൾ വളരെ പരിമിതമായ മുന്നേറ്റനിര താരമായ ബിദ്യസാഗർ, വിങ്ങറായ ബ്രൈസ് മിറാൻഡ എന്നിവരാണ് ക്ലബ് വിട്ട താരങ്ങൾ. ബിദ്യസാഗർ ടീമുമായുള്ള കരാർ അവസാനിപ്പിച്ചപ്പോൾ മിറാൻഡ ലോണിലാണ് ക്ലബ് വിട്ടിരിക്കുന്നത്. രണ്ടു താരങ്ങളും പഞ്ചാബ് എഫ്‌സിയിലേക്കാണ് ചേക്കേറിയത്.

അതേസമയം ഈ താരങ്ങളുടെ കുറവുകൾ പരിഹരിക്കാനും സ്‌ക്വാഡിന്റെ കരുത്ത് കൂട്ടാനും രണ്ടു താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്. റിസർവ് ടീമിൽ നിന്നുമാണ് ബ്ലാസ്റ്റേഴ്‌സ് പുതിയ താരങ്ങളെ സ്‌ക്വാഡിൽ എത്തിച്ചിരിക്കുന്നത്. വിങ്ങറായ കോറൂ സിങ്, ലെഫ്റ്റ് ബാക്കായ അരിത്ര ദാസ് എന്നിവരെയാണ് ബ്ലാസ്റ്റേഴ്‌സ് പുതിയതായി ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ നേരത്തെ തന്നെ മാറ്റങ്ങൾ വന്നിരുന്നു. അഡ്രിയാൻ ലൂണക്ക് പകരക്കാരനായി ലിത്വാനിയൻ നായകനായ ഫെഡോർ സെർനിച്ചിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. അതിനു പുറമെ പെപ്ര പരിക്കേറ്റു പുറത്തു പോയതിനാൽ ഗോകുലം കേരളയിൽ ലോണിൽ കളിച്ചിരുന്ന ജസ്റ്റിൻ ഇമ്മാനുവലിനെ ടീമിലേക്ക് തിരിച്ചു വിളിക്കുകയും ചെയ്‌തു.

ഈ താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്. നാളെ നടക്കാനിരിക്കുന്ന മത്സരത്തിൽ ഇവരെല്ലാം സ്‌ക്വാഡിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഎസ്എൽ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യത്തെ മത്സരം ഒഡിഷ എഫ്‌സിക്കെതിരെയാണ്. മികച്ച ഫോമിലുള്ള ടീമിനെതിരെ അവരുടെ മൈതാനത്ത് നടക്കുന്ന മത്സരം കടുപ്പമേറിയ ഒന്നാകുമെന്നതിൽ സംശയമില്ല.

Two Kerala Blasters Players Joined Punjab FC