മക്കലേലയും ലംപാർഡും ചേർന്നത്, എൻസോ ചരിത്രത്തിലെ മികച്ച താരമാകുമെന്ന് ക്രെസ്പോ
റിവർപ്ലേറ്റിൽ നിന്നും ബെൻഫിക്കയിലേക്ക് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ചേക്കേറിയ എൻസോ ഫെർണാണ്ടസ് ഖത്തർ ലോകകപ്പോടു കൂടിയാണ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ആദ്യത്തെ രണ്ടു മത്സരങ്ങളിൽ പകരക്കാരനായി ഇറങ്ങിയ താരം അതിനു ശേഷം ടീമിന്റെ ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമായി മാറുകയും ടൂർണമെന്റിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി അർജന്റീനക്ക് ലോകകപ്പ് നേടിക്കൊടുക്കുകയും ചെയ്തു.
ഖത്തർ ലോകകപ്പിന് ശേഷം നിരവധി ക്ലബുകൾ അർജന്റീന താരത്തിനായി ശ്രമം നടത്തിയിരുന്നു. റിലീസിംഗ് ക്ലോസായ 120 മില്യൺ യൂറോ നൽകണമെന്ന് ക്ലബായ ബെൻഫിക്ക വ്യക്തമാക്കിയതോടെ അതിൽ നിന്നും ചില ക്ലബുകൾ പിന്മാറി. എന്നാൽ ആദ്യം മുതൽ അവസാനം വരെ താരത്തിനായി ശക്തമായി രംഗത്തുണ്ടായിരുന്ന ചെൽസി ട്രാൻസ്ഫർ ജാലകത്തിന്റെ അവസാനത്തെ ദിവസം ബ്രിട്ടീഷ് ട്രാൻസ്ഫർ റെക്കോർഡ് തകർത്ത തുക നൽകി എൻസോയെ സ്വന്തമാക്കി.
എൻസോ ചെൽസിയിലെത്തിയതിൽ വളരെയധികം സന്തോഷം പ്രകടിച്ച് അർജന്റീനയുടെയും ചെൽസിയുടെയും മുൻ താരമായ ക്രെസ്പോ രംഗത്തെത്തി. ആദ്യം ലോകകപ്പ് നേടി തന്നെ സന്തോഷിപ്പിച്ച എൻസോ ഫെർണാണ്ടസ് പിന്നീട് ചെൽസിയിലേക്ക് ചേക്കേറി ഇരട്ടി സന്തോഷം തന്നുവെന്നാണ് ക്രെസ്പോ പറയുന്നത്. വളരെ മികച്ച വ്യക്തിയായ താരത്തിന്റെ കുതിപ്പിൽ വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്നുവെന്നും ക്രെസ്പോ പറഞ്ഞു.
Hernan Crespo talking about Enzo Fernandez. pic.twitter.com/7pvY37MQHB
— Frank Khalid OBE (@FrankKhalidUK) February 11, 2023
ചെൽസിയുടെ മുൻ താരങ്ങളായ മക്കലേല, ലംപാർഡ് എന്നിവർ ചേർന്നതാണ് എൻസോയെന്നും മക്കലേലയെ പോലെ ഡിഫൻസീവ് പൊസിഷനിലും അതിനൊപ്പം തന്നെ ലംപാർഡ്, എസിയൻ എന്നിവരെ പോലെ സ്ട്രൈക്കർക്ക് പിന്നിലായി ഗോളുകൾക്കായി ശ്രമിക്കുന്ന താരമായും എൻസോക്ക് കളിക്കാൻ കഴിയുമെന്ന് ക്രെസ്പോ പറഞ്ഞു. മിഡ്ഫീൽഡിൽ ഏതു പൊസിഷനിലും കളിക്കുന്ന താരം നിലവിൽ ഏതു ടീമിനും ആവശ്യമുള്ളതാണെന്നും ക്രെസ്പോ കൂട്ടിച്ചേർത്തു.
നിലവിൽ ഖത്തറി ക്ലബായ അൽ ദുഹൈലിൽ പരിശീലകനായ ക്രെസ്പോ ഒരിക്കൽ എൻസോയെ തന്റെ ടീമിലെത്തിക്കാൻ ശ്രമിച്ചിരുന്ന കാര്യവും വ്യക്തമാക്കിയിരുന്നു. 2020-21 സീസണിൽ അർജന്റീനിയൻ ക്ലബായ ഡിഫെൻസ് സെൻട്രലിൽ പരിശീലകനായിരിക്കുമ്പോഴാണ് തന്റെ മുൻ ക്ലബായ റിവർപ്ലേറ്റിൽ നിന്നും എൻസോയെ സ്വന്തമാക്കാൻ ക്രെസ്പോ ശ്രമിച്ചത്. എന്നാൽ ആ നീക്കം റിവർപ്ലേറ്റ് നിരസിക്കുകയായിരുന്നു.