ലോകകപ്പിൽ മര്യാദകൾ ലംഘിച്ചു, നാല് താരങ്ങൾക്കെതിരെ ഫിഫ നടപടിക്കൊരുങ്ങുന്നു
ശ്വാസമടക്കിപ്പിടിച്ച് കാണേണ്ടി വന്ന പല പോരാട്ടങ്ങൾ കൊണ്ടും നിരവധി ടീമുകൾ അട്ടിമറി നടത്തിയതിനാലും ചെറിയ ടീമുകളുടെ അപ്രതീക്ഷിത കുതിപ്പു കൊണ്ടും ഇക്കഴിഞ്ഞ ലോകകപ്പ് ആരാധകർക്ക് ആവേശകരമായ അനുഭവമാണ് സമ്മാനിച്ചത്. വമ്പന്മാരെന്നു കരുതിയ പല ടീമുകൾക്കും നേരത്തെ തന്നെ ലോകകപ്പിൽ നിന്നും മടങ്ങേണ്ടിയും വന്നു. ബെൽജിയം, ജർമനി, യുറുഗ്വായ് തുടങ്ങിയ ടീമുകളെല്ലാം ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തു പോയിരുന്നു.
വമ്പൻ ടീമുകൾക്ക് അട്ടിമറി തോൽവികൾ ഉണ്ടായതിനാൽ തന്നെ താരങ്ങളുടെ അതിരുവിട്ട പെരുമാറ്റവും റഫറിക്കെതിരായ കയർക്കലുമെല്ലാം ഈ ലോകകപ്പിലെ ചില മത്സരങ്ങളിൽ ഉണ്ടായിരുന്നു. അതിന്റെ ഏറ്റവും ഉയർന്ന രൂപം കണ്ടത് യുറുഗ്വായും ഘാനയും തമ്മിലുള്ള അവസാന ഗ്രൂപ്പ് മത്സരത്തിലാണ്. മത്സരത്തിൽ വിജയം നേടിയെങ്കിലും ഒരു ഗോൾ അധികം നേടാൻ കഴിയാത്തതിനാൽ ഗോൾ വ്യത്യാസത്തിൽ സൗത്ത് കൊറിയക്ക് പിന്നിലായിപ്പോയി ഗ്രൂപ്പിൽ നിന്നും പുറത്തു പോവുകയായിരുന്നു യുറുഗ്വായ്.
BREAKING: Four World Cup stars facing '10-15 match ban' for their actions in Qatar pic.twitter.com/dmlqg7O0Wp
— SPORTbible (@sportbible) December 22, 2022
അപ്രതീക്ഷിതമായ പുറത്താകലിനു പിന്നാലെ യുറുഗ്വായ് താരങ്ങൾ വളരെ രൂക്ഷമായാണ് റഫറിക്കെതിരെ പ്രതികരിച്ചത്. മത്സരത്തിൽ തങ്ങൾക്ക് അനുകൂലമായി നൽകേണ്ടിയിരുന്ന രണ്ടോളം പെനാൽറ്റി നൽകിയില്ലെന്ന് താരങ്ങൾ പരാതിപ്പെട്ടു. മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചു നടത്തിയ ഈ പ്രതികരണത്തിൽ നാല് യുറുഗ്വായ് താരങ്ങൾക്കെതിരെ ഫിഫ അന്വേഷണം നടത്തുന്നുണ്ടെന്നും ഇവർക്കെതിരെ നടപടി എടുക്കുമെന്നുമാണ് ഏറ്റവും പുതിയ വാർത്തകൾ.
സ്പാനിഷ് മാധ്യമമായ എഎസിന്റെ റിപ്പോർട്ടുകൾ പ്രകാരം ഫിഫയുടെ അച്ചടക്കസംബന്ധമായ 11, 12 നിയമങ്ങൾ ഈ താരങ്ങൾ ലംഘിച്ചിട്ടുണ്ട്. ആറു മാസം ഫുട്ബോളിൽ നിന്നു തന്നെ വിലക്ക് ലഭിക്കാവുന്ന കുറ്റമായാണ് ഇത് കണക്കാക്കുന്നത്. യുറുഗ്വായ് താരങ്ങളായ എഡിസൺ കവാനി, ഫെർണാണ്ടോ മുസ്ലേര, ജോർ മരിയ ഗിമിനിസ്, ഡീഗോ ഗോഡിൻ എന്നിവരാണ് ഫിഫയുടെ നടപടി നേരിടുന്ന താരങ്ങൾ.
Uruguay players remonstrated with the referee at end of the match against Ghana 💢 pic.twitter.com/qHbRP58pZx
— Sportstar (@sportstarweb) December 2, 2022
അതേസമയം ഈ വിഷയത്തിൽ ഉടനെയൊരു തീരുമാനം ഉണ്ടാകാൻ സാധ്യതയില്ല. ഫെബ്രുവരി അന്വേഷണവും നടപടിക്രമങ്ങളും നീളുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ സംഭവത്തിൽ നടപടി സ്വീകരിച്ചാൽ ഈ താരങ്ങൾക്ക് ക്ലബ്ബിന് വേണ്ടിയും രാജ്യത്തിനു വേണ്ടിയും കളിക്കാൻ കഴിയില്ല. അതേസമയം സംഭവത്തിൽ ഫിഫ നടപടിയിൽ നിന്നും ഒഴിവാക്കുമെന്ന പ്രതീക്ഷയിലാണ് ഈ താരങ്ങളുള്ളത്.