“അംഗീകരിക്കാനാവാത്ത കാര്യം, അർജന്റീന പലപ്പോഴും പരിധി വിട്ടു”- ലോകകപ്പ് ആഘോഷങ്ങൾക്കെതിരെ ഫ്രാൻസ് പരിശീലകൻ
ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ കിരീടനേട്ടം ആരാധകർ വളരെയധികം ആഘോഷിച്ച ഒന്നാണെങ്കിലും അതിനു ശേഷമുള്ള അർജന്റീന താരങ്ങളുടെ പെരുമാറ്റം വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. പ്രധാനമായും അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസും മറ്റു ചില താരങ്ങളും ഫൈനലിൽ ഹാട്രിക്ക് നേടിയ ഫ്രഞ്ച് താരം എംബാപ്പയെ രൂക്ഷമായി കളിയാക്കിയത് ഫുട്ബോൾ ആരാധകർക്കിടയിൽ നല്ല രീതിയിലല്ല സ്വീകരിക്കപ്പെട്ടത്.
കഴിഞ്ഞ ദിവസം ഫ്രഞ്ച് പരിശീലകനായ ദിദിയർ ദെഷാംപ്സും അർജന്റീനയുടെ ആഘോഷങ്ങളെ വിമർശിച്ച് രംഗത്തു വന്നിരുന്നു. ലോകകപ്പ് ഫൈനലിൽ തോൽവി നേരിട്ട ടീമിന്റെ പരിശീലകനായിരുന്നിട്ടും ഇതുവരെയും അർജന്റീന നടത്തിയ കളിയാക്കലുകൾക്കെതിരെ ദെഷാംപ്സ് ഒന്നും പ്രതികരിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണത്തിൽ അർജന്റീന നടത്തിയ ആഘോഷങ്ങൾ അംഗീകരിക്കാൻ കഴിയാത്തതാണെന്നാണ് ദെഷാംപ്സ് പറഞ്ഞു.
Once again, France and Argentina ignite a controversy after the World Cup. This time it came from Didier Deschamps. https://t.co/Dj6FAZQ3Iz
— Bolavip US (@bolavipus) March 11, 2023
“ലോകചാമ്പ്യന്മാരാണ് അർജന്റീന ടീം, അവർക്ക് അഭിനന്ദനങ്ങൾ നേരുന്നു. എന്നാൽ ലോകകപ്പ് വിജയത്തിന് ശേഷം അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളും പെരുമാറ്റവും ഉണ്ടായിരുന്നു. അവർ ആഘോഷിക്കുന്നതിലോ അതിന്റെ ഏറ്റവും ഉയർന്ന രൂപം കാണിക്കുന്നതിലോ പ്രശ്നമില്ല, പക്ഷെ അതിൽ യാതൊരു ബഹുമാനവും ഉണ്ടായിരുന്നില്ല. ആരും അർഹിക്കുന്ന കാര്യമല്ല അത്, പ്രത്യേകിച്ചും എംബാപ്പെ. ചില സാഹചര്യങ്ങൾ കുറച്ച് കടന്നു പോയി.” ദെഷാംപ്സ് പറഞ്ഞു.
ഫൈനലിൽ ഫ്രാൻസ് നടത്തിയ പോരാട്ടവീര്യത്തെയും അദ്ദേഹം പ്രശംസിച്ചു. ലോകകപ്പിൽ തോൽവി വഴങ്ങുന്ന ടീം ദുരന്തമായി മാറുക എന്ന രീതി അവിടെ ഉണ്ടായിരുന്നില്ലെന്നും നിരവധി താരങ്ങളെ നഷ്ടമായിട്ടും ഫ്രാൻസ് അവരുടെ ഏറ്റവും മികച്ച പ്രകടനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. താൻ വളരെയധികം വിശ്വസിച്ച സ്ക്വാഡാണ് ഫ്രാൻസിന്റേതെന്നും അതിനവർ പ്രതിഫലം തന്നെങ്കിലും കിരീടം നേടാൻ അത് മതിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.