വേണ്ടെന്നു വെക്കുന്നത് വമ്പൻ തുക, അതൃപ്തിയോടെ വിടപറയുമ്പോഴും ബാഴ്സയോടുള്ള സ്നേഹം തെളിയിച്ച് ജെറാർഡ് പിക്വ
ഇന്നലെയാണ് ബാഴ്സലോണ പ്രതിരോധതാരം ജെറാർഡ് പിക്വ താൻ ഫുട്ബോളിൽ നിന്നും വിരമിക്കുകയാണെന്നു പ്രഖ്യാപിച്ചത്. അൽമേരിയക്കെതിരെ ശനിയാഴ്ച നടക്കുന്ന ലാ ലിഗ മത്സരം കഴിഞ്ഞാൽ ഫുട്ബോൾ കരിയർ അവസാനിപ്പിക്കുമെന്ന് താരം ഇന്നലെ ട്വിറ്ററിലൂടെ വ്യക്തമാക്കി. 2008 മുതൽ ബാഴ്സലോണ സീനിയർ ടീമിൽ കളിക്കുന്ന, സാധ്യമായ എല്ലാ കിരീടനേട്ടങ്ങളും സ്വന്തമാക്കിയ ഒരു കരിയറിനാണ് ഇതോടെ അവസാനം കുറിക്കുന്നത്.
ഈ സീസണിൽ ക്ലബ് തന്നെ കൈകാര്യം ചെയ്തതിലുള്ള അതൃപ്തിയും ജെറാർഡ് പിക്വ വിരമിക്കാനുള്ള കാരണങ്ങളിൽ ഒന്നാണ്. മുപ്പത്തിയഞ്ചുകാരനായ താരം ഈ സീസണിൽ ആകെ മൂന്നു മത്സരങ്ങളിൽ മാത്രമാണ് ബാഴ്സലോണക്കായി ആദ്യ ഇലവനിൽ ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ സീസൺ വരെ ടീമിന്റെ പ്രധാന പ്രതിരോധതാരമായിരുന്ന പിക്വ ഈ സീസണിൽ ഫിഫ്ത്ത് ചോയ്സ് സെന്റർ ബാക്കായിരുന്നു.
ആരാധകർ തനിക്കെതിരെ തിരിഞ്ഞതും പിക്വയുടെ തീരുമാനത്തിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇന്റർ മിലാനെതിരായ മത്സരത്തിൽ വരുത്തിയ വലിയൊരു പിഴവ് കനത്ത വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു. ഈ സീസണു ശേഷം പിക്വ വിരമിക്കാൻ സാധ്യതയുണ്ടെന്ന സൂചനകൾ നേരത്തെ ഉണ്ടായിരുന്നു. എന്നാൽ സീസണിനിടയിൽ പെട്ടന്നൊരു വിരമിക്കൽ പ്രഖ്യാപനം ആരും പ്രതീക്ഷിച്ചിരുന്നില്ല.
എന്തായാലും ബാഴ്സലോണ വിടുമ്പോൾ ക്ലബിനോടുള്ള സ്നേഹം തെളിയിച്ചാണ് ജെറാർഡ് പിക്വ പോകുന്നത്. തനിക്ക് പ്രതിഫലമായി ലഭിക്കാനുള്ള അമ്പതു മില്യൺ യൂറോയോളം താരം വേണ്ടെന്നു വെച്ചുവെന്ന് ഹെലേന കോൺഡിസ് എഡോ റിപ്പോർട്ടു ചെയ്യുന്നു. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ക്ലബ്ബിനെ സംബന്ധിച്ച് ഒരു വലിയ ആശ്വാസം തന്നെയാണത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തന്റെ പ്രതിഫലം പിക്വ നേരത്തെ കുറക്കുകയും ചെയ്തിരുന്നു.
ബാഴ്സലോണക്ക് ഒരു ഭാരമായി തോന്നിയാൽ ക്ലബ് വിടുമെന്ന് പിക്വ സാവിയോട് നേരത്തെ അറിയിച്ചിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. താരം പോകുന്നതോടെ ജനുവരി ജാലകത്തിൽ പുതിയ സൈനിംഗുകൾ നടത്താൻ ബാഴ്സലോണക്ക് കഴിയും. ബാഴ്സയല്ലാതെ മറ്റൊരു ക്ലബിനു വേണ്ടി കളിക്കില്ലെന്ന തന്റെ വാക്കും പിക്വ പാലിച്ചു.