ഖത്തറിനെതിരായ പ്രതിഷേധം ഇപ്പോഴുമവസാനിക്കുന്നില്ല, ലോകകപ്പ് മത്സരങ്ങൾ സംപ്രേഷണം ചെയ്യാതെ ജർമനിയിലെ പബുകൾ

ഖത്തർ ലോകകപ്പിനെതിരെ വിവിധ തരത്തിലുള്ള പ്രതിഷേധങ്ങൾ തുടക്കം മുതൽ തന്നെ ഉണ്ടായിരുന്നു. വെസ്റ്റേൺ രാജ്യങ്ങളാണ് പ്രധാനമായും ടൂർണ്ണമെന്റിനെതിരെ പ്രതിഷേധം ഉയർത്തിയത്. ലോകകപ്പ് അഴിമതിയിലൂടെ നേടിയെടുത്തു, അതിനായി ജോലി ചെയ്‌ത കുടിയേറ്റ തൊഴിലാളികൾക്ക് വേണ്ട സംരക്ഷണം നൽകിയില്ല എന്ന ആരോപണങ്ങൾ, സ്ത്രീകൾക്കും അൽജിബിടിക്യൂ സമൂഹത്തിനും എതിരായ നിലപാടുകൾ എന്നിവയാണ് ഖത്തറിനെതിരെ വിമർശനം ഉയരാൻ പ്രധാന കാരണങ്ങൾ.

ഇപ്പോൾ ജർമനിയിലാണു ലോകകപ്പിനെതിരെയുള്ള പ്രതിഷേധത്തിന്റെ പുതിയ രൂപം ഉയർന്നു കൊണ്ടിരിക്കുന്നത്. ജർമനിയിലെ പല പബുകളും ഖത്തർ ലോകകപ്പ് മത്സരങ്ങൾ സംപ്രേഷണം ചെയ്യില്ലെന്ന് നിലപാട് സ്വീകരിച്ചിരിക്കുകയാണ്. മത്സരങ്ങൾ കാണാൻ വേണ്ടിയാണെങ്കിൽ ഇങ്ങോട്ടു വരേണ്ടെന്നാണ് കസ്റ്റമേഴ്‌സിനോട് ഈ പബുകൾ പറയുന്നത്. ജർമൻ ലീഗിലെ മത്സരങ്ങൾ അടക്കം മിക്ക കായിക മത്സരങ്ങളും സംപ്രേഷണം ചെയ്യുന്ന പബുകളാണ് ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

മാനുഷികതയുടെ പേരിലാണ് ഖത്തറിനെതിരെ പ്രതിഷേധം ഉയർത്തുന്നതെന്നാണ് ഇവർ പറയുന്നത്. അതേസമയം പാശ്ചാത്യരാജ്യങ്ങൾ ഖത്തറിനെ ലക്‌ഷ്യം വെച്ച് വിമർശിക്കുമ്പോൾ അതിൽ പലതും കഴമ്പില്ലാത്ത കാര്യങ്ങളാണെന്നും വിമർശനങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും പലരും മനസിലാക്കുന്നുണ്ട്. നേരത്തെ ഉദ്ഘാടനച്ചടങ്ങ് സംപ്രേഷണം ചെയ്യാതിരുന്ന ബിബിസിയുടെ നിലപാട് പല ഭാഗത്തു നിന്നും കഠിനമായ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു.

fpm_start( "true" ); /* ]]> */