ലോകകപ്പ് നേടുകയെന്ന ബാധ്യത അർജന്റീനക്കില്ല, ലൈനപ്പ് തീരുമാനിച്ചുവെന്ന് ലയണൽ സ്‌കലോണി

സൗദി അറേബ്യക്കെതിരെ ഇന്ന് നടക്കാനിരിക്കുന്ന ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിനുള്ള ലൈനപ്പും തന്ത്രങ്ങളും ആവിഷ്‌കരിച്ചു കഴിഞ്ഞുവെന്ന് പരിശീലകൻ ലയണൽ സ്‌കലോണി. എന്നാൽ ലൈനപ്പ് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. വളരെ പ്രതീക്ഷയോടെ ആദ്യത്തെ മത്സരം കളിക്കാനിറങ്ങുന്ന അർജന്റീന മിഡിൽ ഈസ്റ്റിൽ നിന്നു തന്നെയുള്ള ടീമായ സൗദി അറേബ്യയയെ മികച്ച മാർജിനിൽ കീഴടക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

“മത്സരത്തിനുള്ള ലൈനപ്പ് നേരത്തെ തന്നെ തീരുമാനിക്കുകയും അത് താരങ്ങളോട് കഴിഞ്ഞ ദിവസം പറയുകയും ചെയ്‌തിട്ടുണ്ട്‌. തന്ത്രങ്ങളിൽ യാതൊരു മാറ്റവും വരുത്താനില്ല. പക്ഷെ അതൊന്നും ഞങ്ങൾ ഈ ദിവസങ്ങളിൽ പരിശീലനം നടത്തിയ സമയത്തുള്ളതു പോലെയായിരിക്കില്ല.” സ്‌കലോണി പറഞ്ഞു. ലൊ സെൽസോക്ക് പകരം പപ്പു ഗോമസ്, മാക് അലിസ്റ്റർ എന്നിവരിൽ ഒരാളാകും ഇറങ്ങുകയെന്നും അദ്ദേഹം പറഞ്ഞു.

ലോകകപ്പ് കിരീടം എന്തായാലും നേടുകയെന്ന ചുമതല അർജന്റീന ടീമിനില്ലെന്നും എന്നാൽ താരങ്ങൾ അതിനായി എല്ലാം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ മത്സരം വിജയിക്കുകയോ സമനില നേടുകയോ ചെയ്‌താൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ തുടർച്ചയായി പരാജയം അറിയാതെ പൂർത്തിയാക്കിയ ദേശീയ ടീമെന്ന ഇറ്റലിയുടെ റെക്കോർഡിനൊപ്പം അർജന്റീനയുമെത്തും.

fpm_start( "true" ); /* ]]> */