പരിശീലിപ്പിച്ചതിൽ എല്ലാ കഴിവും ഒത്തിണങ്ങിയ സ്ട്രൈക്കർ ഹാലൻഡാണോ എന്ന ചോദ്യത്തിന് മെസിയുടെ പേരു പറഞ്ഞ് ഗ്വാർഡിയോള
ഇംഗ്ലീഷ് പ്രീമിയർ ലീഗിലും യൂറോപ്പിലും പുതിയ ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് എർലിങ് ഹാലൻഡ്. ഇന്നലെ ബ്രൈട്ടനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയതോടെ ഈ സീസണിൽ പ്രീമിയർ ലീഗിൽ പതിനൊന്നു മത്സരങ്ങളിൽ നിന്നും പതിനേഴു ഗോളുകൾ താരം നേടിക്കഴിഞ്ഞു. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലെ ഗോൾഡൻ ബൂട്ട് ജേതാക്കളായ സോണും സലായും നേടിയത് ഇരുപത്തിമൂന്നു ഗോളുകളാണ് എന്നിരിക്കെയാണ് ഇരുപത്തിയേഴു മത്സരങ്ങൾ ബാക്കി നിൽക്കെ അതിനേക്കാൾ ആറു ഗോൾ മാത്രം പിറകിൽ ഹാലൻഡ് നിൽക്കുന്നത്.
അവിശ്വസനീയമായ ഗോളടിമികവാണ് ഹാലൻഡ് ഈ സീസണിൽ കാഴ്ച വെക്കുന്നതെങ്കിലും താൻ പരിശീലിപ്പിച്ചതിൽ എല്ലാ കഴിയും ഒത്തിണങ്ങിയ സ്ട്രൈക്കർ നോർവീജിയൻ താരമല്ലെന്നാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോള പറയുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനു ശേഷം ഇതു സംബന്ധിച്ച ചോദ്യം ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ മെസിയുടെ പേരു പരാമർശിച്ചാണ് ഗ്വാർഡിയോള മറുപടി പറഞ്ഞത്. പരിശീലിപ്പിച്ചതിൽ എല്ലാം തികഞ്ഞ സ്ട്രൈക്കർ ഹാലാൻഡാണോയെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഗ്വാർഡിയോളയുടെ മറുപടി ഇങ്ങിനെയായിരുന്നു.
“അപ്പോൾ മെസി? തീർച്ചയായും ഹാലാൻഡിന്റെ ഗോളിന്റെ കണക്കുകൾ അസാധാരണവും അവിശ്വസനീയവുമാണ്. താരത്തിന്റെ കഴിവിന്റെ കാര്യത്തിലും യാതൊരു സംശയവുമില്ല. ഹാലാൻഡ് ഏറ്റവും മികച്ച താരമല്ലെങ്കിലും ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.” പെപ് ഗ്വാർഡിയോള പറഞ്ഞത് ഗീവ്മിസ്പോർട്ട് വെളിപ്പെടുത്തി. ഒരു നിമിഷം ആലോചിച്ചതിനു ശേഷമായിരുന്നു പെപ് ഗ്വാർഡിയോള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകിയത്.
Journalist: “Is Haaland the most complete striker you’ve ever coached?”
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 22, 2022
Pep Guardiola: “And Messi?”pic.twitter.com/ZCehFo53TF
ഗോളുകൾ അടിച്ചു കൂട്ടുന്നതിൽ ഹാലൻഡ് വളരെ മുന്നിലാണെങ്കിലും മെസിയെ പോലെ ഒരു കംപ്ലീറ്റ് ഫുട്ബോളറാവാൻ താരത്തിന് കഴിയില്ലെന്നതു കൊണ്ടാവാം ഗ്വാർഡിയോള അർജന്റീനിയൻ താരത്തെ തിരഞ്ഞെടുത്തത്. ഗോളുകൾ അടിക്കുന്നതിനൊപ്പം ഗോളുകൾക്ക് അവസരമൊരുക്കാനും ടീമിന്റെ കളിയെ മൊത്തം നിയന്ത്രിക്കാനും മെസിക്കുള്ള കഴിവ് ഒരിക്കലും ഹാലാൻഡിൽ നിന്നും പ്രതീക്ഷിക്കാൻ കഴിയില്ല. ഹാലാൻഡിനു ഗോളുകൾ നേടാൻ സഹതാരങ്ങൾ വേണമെങ്കിൽ മെസിക്കതു വേണ്ടെന്ന് ഗ്വാർഡിയോള പറഞ്ഞതും ഇതിനൊപ്പം ചേർത്തു വായിക്കാൻ കഴിയുന്ന കാര്യമാണ്.