“മെസിയെയും റൊണാൾഡോയെയും ആളുകൾ മറക്കും, ഈ താരങ്ങൾ കാരണം”- മുൻ പ്രീമിയർ ലീഗ് താരം പറയുന്നു
ഫുട്ബോൾ ലോകത്ത് ഏറ്റവുമധികം ആരാധകരെ സൃഷ്ടിക്കുകയും അവരെ രണ്ടു ചേരിയിലാക്കി നിർത്തുകയും ചെയ്ത രണ്ടു താരങ്ങളാണ് ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഫുട്ബോൾ ലോകത്ത് ഇവരുണ്ടാക്കിയ ആവേശവും റെക്കോർഡുകളും മറ്റൊരു താരങ്ങൾക്കും മറികടക്കാൻ കഴിയില്ലെന്ന് പലരും വിശ്വസിച്ചു പോന്നിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ ഇവരുടെ പകരക്കാരാകുമെന്ന് വിലയിരുത്തപ്പെടുന്ന കിലിയൻ എംബാപ്പക്കും എർലിങ് ഹാലൻഡിനും ഈ രണ്ടു താരങ്ങളെയും വിസ്മൃതിയിലാഴ്ത്താനുള്ള കഴിവുണ്ടെന്നാണ് മുൻ ചെൽസി താരമായ ഗുസ് പോയറ്റ് പറയുന്നത്.
“ഹാലൻഡും എംബാപ്പയും ഇപ്പോഴുള്ളത് പോലെ നിൽക്കുമ്പോൾ ഇനിയുള്ള ഏതാനും വർഷങ്ങൾക്കുള്ളിൽ ആളുകൾ മെസിയെയും എംബാപ്പയെയും മറന്നു തുടങ്ങും. അവർ വളരെയധികം വളരുകയും ഈ മത്സരത്തെ സ്വാധീനിക്കുകയും ചെയ്യും. ഈ നിമിഷത്തിൽ ബെൻസിമയാണ് ഏറ്റവും മുകളിൽ നിൽക്കുന്നതെന്ന് നമുക്ക് പറയാം. പക്ഷെ പ്രീമിയർ ലീഗ് ഹാലൻഡിനെ പോലൊരു താരത്തെ ലഭിച്ചതിൽ വളരെ സന്തോഷത്തിലായിരിക്കും.” മിഡ്നൈറ്റിനോട് പോയറ്റ് പറഞ്ഞു. ഹാലൻഡിനെ ഗോളടി മികവിനെ അദ്ദേഹം പ്രത്യേകം പരാമർശിക്കുകയും ചെയ്തു.
“ആളുകൾക്ക് ഓർമ്മയുണ്ടോ എന്നറിയില്ല. നമ്മൾ എവിടെയാണെങ്കിലും റയൽ മാഡ്രിഡ് ഗോൾ നേടിയാൽ അത് റൊണാൾഡോയായിരിക്കും എന്നറിയാം. ബാഴ്സലോണ ഗോൾ നേടിയാൽ അത് മെസിയാകുമെന്നും അറിയാം. ഇപ്പോഴത് ഹാലൻഡാണ്, ഏതു മത്സരം കണ്ടാലും മാഞ്ചസ്റ്റർ സിറ്റി ഗോൾ നേടിയാൽ അത് ഹാലൻഡായിരിക്കും എന്നും അറിയാം. യുവതാരം കൂടിയായ ഹാലാൻഡ് ഫുട്ബോളിലെ എല്ലാ റെക്കോർഡുകളും തകർക്കാനും എല്ലാവരെയും തോൽപ്പിക്കാനുമാണ് പോകുന്നത്.” പോയറ്റ് വ്യക്തമാക്കി.
Erling Haaland has scored more Premier League goals (10) than Manchester United (8) this season 😂#mcfc pic.twitter.com/cDE7R9gewy
— Manchester City News (@ManCityMEN) September 12, 2022
ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയതിനു ശേഷം തകർപ്പൻ ഫോമിലാണ് എർലിങ് ഹാലാൻഡ് കളിക്കുന്നത്. സീസണിൽ ഏഴു മത്സരങ്ങളിൽ നിന്നും പന്ത്രണ്ടു ഗോളുകൾ നേടിയ നോർവീജിയൻ താരത്തിന്റെ പത്ത് ഗോളുകൾ പിറന്നത് ആറു പ്രീമിയർ ലീഗ് മത്സരത്തിൽ നിന്നുമാണ്. പ്രീമിയർ ലീഗിലെ ആദ്യത്തെ അഞ്ചു മത്സരങ്ങളിൽ നിന്നും ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് ഇപ്പോൾ തന്നെ തകർത്തെറിഞ്ഞ ഹാലൻഡ് ഈ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെയും യൂറോപ്പിലെയും നിരവധി റെക്കോർഡുകൾ തകർത്തെറിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.