റയൽ മാഡ്രിഡ് താരങ്ങളടക്കം വോട്ടു ചെയ്‌തു, ഫിഫ ബെസ്റ്റ് വീണ്ടും മെസിയെ തേടിയെത്തിയതിങ്ങനെ | Lionel Messi

കഴിഞ്ഞ ദിവസം ഫിഫ ബെസ്റ്റ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചതും ലയണൽ മെസിയെ മികച്ച പുരുഷതാരമായി തിരഞ്ഞെടുത്തതുമെല്ലാം ആരാധകർ അവിശ്വസനീയതയോടെയാണ് കണ്ടത്. കഴിഞ്ഞ വർഷം നടന്ന ലോകകപ്പ് അവാർഡിന്റെ പരിധിയിൽ വരില്ലെന്നിരിക്കെയാണ് ട്രെബിൾ കിരീടങ്ങൾ സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റി താരങ്ങളെ മറികടന്ന് ലയണൽ മെസി മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ഇതോടെ ലയണൽ മെസിക്ക് അവാർഡ് ലഭിച്ചത് തീർത്തും അനർഹമായ രീതിയിലാണെന്ന പ്രതികരണം പല ഭാഗത്തു നിന്നും ഉയരുകയുണ്ടായി. ഫിഫ ലയണൽ മെസിക്ക് അർഹതയില്ലാത്ത അംഗീകാരങ്ങൾ വാരിക്കോരി കൊടുക്കുകയാണെന്നും ലയണൽ മെസി കളിച്ചില്ലെങ്കിൽ പോലും ഇതുപോലെയുള്ള അവാർഡുകൾ അവർ ചിലപ്പോൾ നൽകുമെന്നും ആരാധകരിൽ പലരും അഭിപ്രായായപ്പെട്ടിരുന്നു.

എന്നാൽ ഫിഫ ബെസ്റ്റ് പുരസ്‌കാരം ഒരു പാനൽ തിരഞ്ഞെടുക്കുന്നതല്ലെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. പരിശീലകർ, ടീമിന്റെ നായകൻമാർ, മാധ്യമപ്രവർത്തകർ, ആരാധകർ എന്നിവർക്ക് ഇതിൽ വോട്ടു ചെയ്യാം. ഈ വോട്ടുകളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുക്കുന്നത്. വോട്ടിങ് പ്രകാരം ലയണൽ മെസിക്കും ഹാലൻഡിനും തുല്യമായ പോയിന്റ് ആയിരുന്നു.

ഫിഫ ബെസ്റ്റ് പുരസ്‌കാരവുമായി ബന്ധപ്പെട്ട നിയമപ്രകാരം രണ്ടു താരങ്ങൾക്ക് ഒരേ പോയിന്റ് ലഭിച്ചാൽ മെൻസ് നാഷണൽ ടീം നായകന്മാരുടെ വോട്ടിങ്ങിൽ ഏറ്റവുമധികം അഞ്ചു പോയിന്റ് നേടിയ താരത്തെയാണ് ഒന്നാം സ്ഥാനക്കാരായി പ്രഖ്യാപിക്കുക. ലയണൽ മെസി 107 അഞ്ചു പോയിന്റ് സ്‌കോർ നേടിയപ്പോൾ ഹാലണ്ടിനു ലഭിച്ചത് 64 അഞ്ചു പോയിന്റ് മാത്രമായിരുന്നു.

റയൽ മാഡ്രിഡ് താരങ്ങളായ ലൂക്ക മോഡ്രിച്ച്, ഫെഡെ വാൽവെർദെ എന്നിവരെല്ലാം ലയണൽ മെസിക്കാണ് വോട്ട് ചെയ്‌തത്‌. ഫ്രഞ്ച് താരമായ എംബാപ്പെയുടെ വോട്ടും മെസിക്കായിരുന്നു. ആരാധകർ ആരോപണം ഉയർത്തുന്നുണ്ടെങ്കിലും ഇങ്ങിനെയാണ്‌ പുരസ്‌കാരം മെസിക്ക് ലഭിച്ചത്. ഇതോടെ എട്ടു ബാലൺ ഡി ഓറും എട്ടു ഫിഫ ബെസ്റ്റ് പുരസ്‌കാരങ്ങളും മെസിക്ക് സ്വന്തമായി.

How Lionel Messi Won FIFA The Best Award