എല്ലാ വോട്ടുകളും അർഹരായവർക്ക്, കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങിന്റെ ഫിഫ ബെസ്റ്റ് വോട്ടുകൾ ഇങ്ങിനെ | Fedor Cernych

ഫിഫ ബെസ്റ്റ് അവാർഡ്‌സിൽ ഏറ്റവും മികച്ച പുരുഷതാരത്തിനുള്ള പുരസ്‌കാരം ലയണൽ മെസിക്ക് നൽകിയ തീരുമാനത്തിൽ ഒരുപാട് പ്രതിഷേധങ്ങൾ ഉണ്ടാകുന്നുണ്ട്. ചാമ്പ്യൻസ് ലീഗടക്കം കഴിഞ്ഞ വർഷം നിരവധി കിരീടങ്ങൾ സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റിയുടെ താരങ്ങളുള്ളപ്പോൾ ഫ്രഞ്ച് ലീഗൊഴികെ പ്രധാനപ്പെട്ട കിരീടങ്ങളൊന്നും നേടാതിരുന്ന ലയണൽ മെസിക്ക് പുരസ്‌കാരം ലഭിച്ചതാണ് ചോദ്യം ചെയ്യപ്പെടുന്നത്.

ദേശീയ ടീമിന്റെ നായകന്മാർ, പരിശീലകൻ, ജേർണലിസ്റ്റുകൾ, ആരാധകർ തുടങ്ങിയവരാണ് ഇതിനായി വോട്ടുകൾ ചെയ്യുന്നതെന്നിരിക്കെ അതിന്റെ അടിസ്ഥാനത്തിലാണ് ലയണൽ മെസി വിജയിയായത്. ലിത്വാനിയൻ ടീമിന്റെ നായകനെന്ന നിലയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങായ ഫെഡോർ സെർനിച്ചും ഫിഫ ബെസ്റ്റ് പുരസ്‌കാരത്തിനു വേണ്ടി വോട്ടുകൾ ചെയ്‌തിരുന്നു.

അർഹരായ താരങ്ങൾക്ക് തന്നെയാണ് ഫെഡോർ സെർനിച്ച് തന്റെ വോട്ടുകൾ നൽകിയത്. മികച്ച പുരുഷതാരത്തിനുള്ള അവാർഡിൽ അദ്ദേഹത്തിന്റെ മൂന്നാമത്തെ ചോയ്‌സ് മാത്രമായിരുന്നു ലയണൽ മെസി. ആദ്യത്തെ വോട്ട് എർലിങ് ഹാലാൻഡിനു നൽകിയ സെർനിച്ച് തന്റെ രണ്ടാമത്തെ വോട്ട് നൽകിയത് കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ കെവിൻ ഡി ബ്രൂയ്‌നാണ്.

മികച്ച പരിശീലകർക്കുള്ള അവാർഡിൽ ആദ്യം പെപ് ഗ്വാർഡിയോളയെ തിരഞ്ഞെടുത്ത സെർനിച്ച് അതിനു ശേഷം ലൂസിയാനോ സ്‌പല്ലെറ്റി, സാവി എന്നിവർക്കാണ് വോട്ടുകൾ നൽകിയത്. മികച്ച ഗോൾകീപ്പറെ തിരഞ്ഞെടുക്കാൻ വേണ്ടിയുള്ള വോട്ടിങ്ങിൽ ആദ്യത്തെ വോട്ട് റയൽ മാഡ്രിഡിന്റെ ക്വാർട്ടുവക്ക് നൽകിയ അദ്ദേഹം അതിനു ശേഷം എഡേഴ്‌സൺ, ഒനാന എന്നിവർക്ക് വേണ്ടിയാണ് വോട്ടു ചെയ്‌തത്‌.

കഴിഞ്ഞ വർഷത്തെ ഫിഫ ബെസ്റ്റ് അവാർഡിന് സെർനിച്ച് വോട്ടു ചെയ്‌തപ്പോഴും ആദ്യത്തെ വോട്ട് ലയണൽ മെസിക്ക് നൽകിയിരുന്നില്ല. ലോകകപ്പ് നേടിയ ലയണൽ മെസിയെ തഴഞ്ഞ അദ്ദേഹം ഫ്രഞ്ച് താരമായ എംബാപ്പക്കാണ് ആദ്യത്തെ വോട്ട് നൽകിയത്. അതിനു ശേഷം രണ്ടും മൂന്നും വോട്ടുകൾ ലയണൽ മെസി, എർലിങ് ഹാലാൻഡ് എന്നിവർക്ക് അദ്ദേഹം നൽകി.

Fedor Cernych Votes For FIFA Best Awards