മെസിയുടെ വോട്ടും ഹാലൻഡിനെ രക്ഷിച്ചില്ല, ഫിഫ ബെസ്റ്റ് അവാർഡ്‌സിൽ അർജന്റീന നായകൻറെ വോട്ടുകൾ | Lionel Messi

ഫിഫ ബെസ്റ്റ് അവാർഡ്‌സ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് വലിയ ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. ലയണൽ മെസിയാണ് തുടർച്ചയായ രണ്ടാമത്തെ വർഷവും മികച്ച പുരുഷതാരമായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ കഴിഞ്ഞ വർഷം കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കാത്ത താരം അതിനു അർഹനാണോ എന്ന വിഷയത്തിലാണ് ചർച്ചകൾ ഉയരുന്നത്.

ദേശീയടീമിന്റെ നായകന്മാരും പരിശീലകരും ഫിഫ ബെസ്റ്റ് അവാർഡ്‌സിൽ നൽകുന്ന വോട്ടുകൾ വളരെ നിർണായകമാണ്. ഇതിനു പുറമെ ആരാധകർ, മാധ്യമപ്രവർത്തകർ എന്നിവർ വോട്ടു ചെയ്‌താണ്‌ മികച്ച താരങ്ങളെ തിരഞ്ഞെടുക്കുന്നത്. അതേസമയം ലയണൽ മെസി നൽകിയ വോട്ടുകൾ അർഹിച്ച താരങ്ങൾക്ക് തന്നെയായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

ഒന്നാം സ്ഥാനത്തേക്ക് ലയണൽ മെസി പരിഗണിച്ചത് കഴിഞ്ഞ സീസണിൽ ട്രെബിൾ കിരീടങ്ങൾ സ്വന്തമാക്കുകയും ഗോൾവേട്ടയിൽ റെക്കോർഡ് നേടുകയും ചെയ്‌ത ഹാലൻഡിനെയാണ്. എന്നാൽ മെസിയുടെ വോട്ടും ഹാലാൻഡിനെ രക്ഷിച്ചില്ല. മൊത്തം പോയിന്റിൽ രണ്ടു പേരും ഒരുമിച്ച് വന്നപ്പോൾ ഏറ്റവുമധികം ക്യാപ്റ്റന്മാർ ഒന്നാമത് തിരഞ്ഞെടുത്ത താരമെന്ന നിലയിൽ മെസിക്ക് പുരസ്‌കാരം ലഭിച്ചു.

മികച്ച താരത്തിനുള്ള വോട്ടുകളിൽ മെസി രണ്ടാമത് തിരഞ്ഞെടുത്തത് പിഎസ്‌ജിക്കായി മിന്നുന്ന പ്രകടനം പുറത്തെടുക്കുന്ന എംബാപ്പയെയാണ്. അതിനു പുറമെ മൂന്നാമത്തെ താരമായി മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റീന സഹതാരം അൽവാരസിനും മെസി വോട്ടു നൽകി. മികച്ച പരിശീലകരായി പെപ് ഗ്വാർഡിയോള, സാവി, ലൂസിയാനോ സ്‌പല്ലെറ്റി എന്നിവർക്കാണ് യഥാക്രമം മെസി വോട്ടുകൾ നൽകിയത്.

മികച്ച ഗോൾകീപ്പർക്കുള്ള മെസിയുടെ വോട്ട് ലഭിച്ചത് ബ്രസീലിയൻ താരത്തിനാണ്. മാഞ്ചസ്റ്റർ സിറ്റി താരമായ എഡേഴ്‌സണ് മെസി ആദ്യത്തെ വോട്ട് നൽകിയപ്പോൾ രണ്ടാമത്തെ വോട്ട് നൽകിയത് ഇന്റർ മിലാൻ കീപ്പറായിരുന്ന ഒനാനക്കാണ്. അതിനു ശേഷം കഴിഞ്ഞ സീസണിൽ ലീഗ് റെക്കോർഡ് ക്ലീൻഷീറ്റുകൾ സ്വന്തമാക്കിയ മാർക് ആന്ദ്രേ ടെർ സ്റ്റീഗനെയും മെസി തിരഞ്ഞെടുത്തു.

Lionel Messi Votes For FIFA The Best Awards