മെസിക്ക് വോട്ടു ചെയ്‌തവരെ ടീമിൽ നിന്നും പുറത്താക്കണം, റയൽ മാഡ്രിഡ് താരങ്ങൾക്കെതിരെ തിരിഞ്ഞ് ആരാധകർ | Real Madrid

ലയണൽ മെസി ഫിഫ ബെസ്റ്റ് പുരസ്‌കാരം നേടിയതുമായി ബന്ധപ്പെട്ടു നിരവധി ചർച്ചകൾ ഉയർന്നു കൊണ്ടിരിക്കുന്ന സമയമാണിപ്പോൾ. കഴിഞ്ഞ വർഷം കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കിയിട്ടില്ലാത്ത മെസി പുരസ്‌കാരം നേടിയതിലെ അനൗചിത്യം പലരും ചൂണ്ടിക്കാട്ടിയെങ്കിലും വോട്ടുകൾ കൊണ്ടു മാത്രം തീരുമാനിക്കപ്പെടുന്ന പുരസ്‌കാരമായതിനാൽ അത്തരം വാദങ്ങൾക്ക് പ്രസക്തിയില്ലെന്ന് അതിനു മറുപടിയും ലഭിക്കുന്നുണ്ട്.

അതിനിടയിൽ ലയണൽ മെസിയെ ഒന്നാമതെത്താൻ സഹായിക്കാൻ വോട്ടുകൾ നൽകിയതിന്റെ പേരിൽ റയൽ മാഡ്രിഡ് സൂപ്പർതാരങ്ങൾ തങ്ങളുടെ ആരാധകരിൽ നിന്നും വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്. റയൽ മാഡ്രിഡിന്റെ ഇതിഹാസമായ ലൂക്ക മോഡ്രിച്ചും മറ്റൊരു പ്രധാനപ്പെട്ട മധ്യനിര താരമായ ഫെഡെ വാൽവെർദെയുമാണ് കടുത്ത വിമർശനങ്ങൾ ഏറ്റു വാങ്ങുന്നത്.

വാൽവെർദെയും മോഡ്രിച്ചും തങ്ങളുടെ ആദ്യത്തെ വോട്ടുകൾ ലയണൽ മെസിക്കാണ് നൽകിയത്. യുറുഗ്വായ് ദേശീയ ടീമിന്റെ നായകനായ വാൽവെർദെ ലയണൽ മെസി, എംബാപ്പെ, എർലിങ് ഹാലാൻഡ് എന്നിവർക്കാണ് യഥാക്രമം തന്റെ വോട്ടുകൾ നൽകിയത്. ലയണൽ മെസി, റോഡ്രി, ബ്രോസോവിച്ച് എന്നിവർക്ക് ക്രൊയേഷ്യൻ ടീമിന്റെ നായകനായ മോഡ്രിച്ചും വോട്ടുകൾ നൽകി.

വോട്ടിങ് വിവരങ്ങൾ പുറത്തു വന്നതോടെ ഈ താരങ്ങൾക്കെതിരെ റയൽ മാഡ്രിഡ് ആരാധകർ രംഗത്തു വന്നത്. മെസിക്ക് വോട്ടു ചെയ്‌തത്‌ വലിയ മണ്ടത്തരമായെന്ന് ചില ആരാധകർ പറയുമ്പോൾ ക്ലബിൽ നിന്നും പുറത്തു പോകണമെന്നും ചിലർ പറയുന്നു. മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റു പുറത്തായതു കൊണ്ടാണ് റയൽ മാഡ്രിഡ് താരങ്ങൾ ഹാലാൻഡിനു വോട്ട് നൽകാതിരുന്നതെന്നും ചിലർ ചൂണ്ടിക്കാട്ടി.

മറ്റൊരു റയൽ മാഡ്രിഡ് താരമായ അലബ തന്റെ ഒരു വോട്ടും ലയണൽ മെസിക്ക് നൽകിയില്ല. എങ്കിലും ഈ രണ്ടു താരങ്ങളുടെ വോട്ടുകൾ പുരസ്‌കാരം നേടാൻ ലയണൽ മെസിയെ സഹായിച്ചുവെന്നതിൽ യാതൊരു സംശയവുമില്ല. ഇവരുടെ വോട്ടുകൾ ഇല്ലായിരുന്നെങ്കിൽ ചിലപ്പോൾ നേരിയ വ്യത്യാസത്തിൽ ഹാലാൻഡ് ഒന്നാം സ്ഥാനത്തേക്ക് വരുമായിരുന്നു.

Real Madrid Players Slammed For Voting Messi