ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു താരം കൂടി പരിശീലനം ആരംഭിച്ചു, അടുത്ത മത്സരത്തിൽ ടീമിന് പുതിയ കരുത്ത് | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് മൂന്നു മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ അതിൽ രണ്ടു മത്സരങ്ങളിൽ ടീം വിജയിച്ചു. സ്വന്തം മൈതാനത്ത് നടന്ന ആദ്യത്തെ രണ്ടു മത്സരങ്ങളിൽ ബെംഗളൂരു, ജംഷഡ്പൂർ എന്നിവർക്കെതിരെ വിജയം നേടിയ ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയുമായി നടന്ന മത്സരത്തിൽ തോൽവി വഴങ്ങുകയായിരുന്നു. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയെങ്കിലും അനാവശ്യ പിഴവുകളാണ് കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ തോൽക്കാൻ കാരണമായത്.
അടുത്ത മത്സരം നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കൊച്ചിയിലാണ് നടക്കുന്നത്. അതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടികളുണ്ട്. കഴിഞ്ഞ മത്സരത്തിൽ ചുവപ്പുകാർഡ് വാങ്ങിയ പ്രതിരോധതാരം മിലോസ് ഡ്രിങ്കിച്ച് അടുത്ത രണ്ടു മത്സരത്തിൽ കളിക്കാനിറങ്ങില്ല. അതിനു പുറമെ ലെഫ്റ്റ് ബാക്കായ ഐബാൻ ഡോഹ്ലിങ് ഈ സീസൺ മുഴുവൻ പുറത്തിരിക്കും. അതേസമയം ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി പരിക്കേറ്റ മറ്റൊരു താരം പരിശീലനം ആരംഭിച്ചിട്ടുണ്ട്.
Excellent reflexes there, Arbaz! 👏#KBFC #KeralaBlasters pic.twitter.com/tVYmIgJxub
— Kerala Blasters FC (@KeralaBlasters) October 15, 2023
ഇക്കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ ഇന്ത്യൻ മുന്നേറ്റനിര താരമായ ഇഷാൻ പണ്ഡിറ്റയാണ് അടുത്ത മത്സരത്തിൽ തിരിച്ചു വരാൻ സാധ്യതയുള്ളത്. താരം പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് അടുത്ത മത്സരത്തിൽ താരം തിരിച്ചെത്തുമെന്ന പ്രതീക്ഷ നൽകുന്നത്. ഈ സീസണിൽ ഇതുവരെ ഒരു മത്സരത്തിൽ പോലും കളത്തിലിറങ്ങാത്ത താരമാണ് ഇഷാൻ പണ്ഡിറ്റ.
📸| Ishan Pandita ✨#KeralaBlasters pic.twitter.com/r2yuov6YF0
— Blasters Zone (@BlastersZone) October 11, 2023
സെന്റർ ഫോർവേഡാണ് ഇഷാന്റെ പ്രധാന പൊസിഷനെങ്കിലും വിങ്ങുകളിലും താരം കളിക്കും. പരിക്ക് മാറി തിരിച്ചു വന്നെങ്കിലും ആദ്യ ഇലവനിൽ താരത്തിന് ഇടമുണ്ടാകാൻ സാധ്യതയില്ല. എങ്കിലും പകരക്കാരനായി ഇറങ്ങി ഇമ്പാക്റ്റ് ഉണ്ടാക്കാൻ കഴിയുന്ന താരമാണ് പണ്ഡിറ്റ. മുംബൈ സിറ്റിക്കെതിരായ മത്സരത്തിൽ അതുപോലെയൊരു താരത്തിന്റെ അഭാവം ബ്ലാസ്റ്റേഴ്സിന് ഉണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ ജംഷഡ്പൂർ എഫ്സിക്കായി ആറു മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങി രണ്ടു ഗോളുകൾ നേടിയ താരമാണ് ഇഷാൻ.
ഇന്ത്യൻ സൂപ്പർ ലീഗിൽ സ്വന്തം മൈതാനത്ത് നടന്ന ആദ്യത്തെ രണ്ടു മത്സരങ്ങളിൽ വിജയം നേടിയതിന്റെ ആത്മവിശ്വാസവുമായാണ് കേരള ബ്ലാസ്റ്റേഴ്സ് നാലാമത്തെ മത്സരത്തിനായി ഇറങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്സ് മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണം വിജയിച്ചപ്പോൾ മൂന്നു മത്സരങ്ങളിൽ ഒരു ജയവും ഒരു സമനിലയും ഒരു തോൽവിയുമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനുള്ളത്. നാലും അഞ്ചും സ്ഥാനങ്ങളിൽ നിൽക്കുന്ന ടീമായതിനാൽ തന്നെ മികച്ചൊരു പോരാട്ടം അടുത്ത മത്സരത്തിൽ പ്രതീക്ഷിക്കാം.
Ishan Pandita Resume Training With Kerala Blasters