ഐഎസ്എൽ തുടക്കം ഗംഭീരമാക്കാൻ കേരള ബ്ലാസ്റ്റേഴ്സും കൊച്ചിയിലെ ആരാധകരും തന്നെ വേണം, മത്സരക്രമങ്ങൾ തീരുമാനമായി | ISL
ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടന മത്സരമടക്കമുള്ള മത്സരക്രമങ്ങൾ തീരുമാനമായി. സെപ്തംബർ 21നാണ് ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്ക് കൊടിയേറുന്നത്. കഴിഞ്ഞ സീസണിലേതു പോലെത്തന്നെ കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം മൈതാനത്തു വെച്ചാണ് ഈ സീസണിലെ ആദ്യത്തെ മത്സരം നടക്കുന്നത്. ഇതോടെ ഈ സീസണിനു സ്വന്തം മൈതാനത്ത് വിജയത്തോടെ തുടക്കം കുറിക്കാൻ ബ്ലാസ്റ്റേഴ്സിന് സുവർണാവസരം ലഭിച്ചിരിക്കുകയാണ്.
കഴിഞ്ഞ സീസണിലും കൊച്ചിയിൽ വെച്ച് തന്നെയാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടന മത്സരം നടന്നത്. ഈസ്റ്റ് ബംഗാളായിരുന്നു എതിരാളികൾ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം നേടി ആദ്യത്തെ മത്സരത്തിൽ തന്നെ ഗംഭീരമായി തുടങ്ങാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. ഇത്തവണ ബെംഗളൂരുവാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇന്ത്യൻ സൂപ്പർ ലീഗിന് ആവേശത്തോടെ തുടക്കം കുറിക്കാൻ കഴിയുന്ന രണ്ടു ടീമുകൾ തന്നെയാണ് ആദ്യത്തെ മത്സരത്തിൽ ഏറ്റുമുട്ടുന്നത്.
The 10th edition of #IndianSuperLeague set to commence on September 21 at the JLN Kochi, featuring arch-rivals Kerala Blasters FC and Bengaluru FC.
FSDL has also declared Viacom18 as the new the broadcasters.
Fixtures👇https://t.co/jCNovAASSZ
— The Bridge Football (@bridge_football) September 7, 2023
കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്സിയോടുള്ള പ്ലേ ഓഫ് മത്സരത്തിലെ തോൽവി കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്നുറപ്പാണ്. ഛേത്രി ചതിയിലൂടെ നേടിയ ഗോളും റഫറിയുടെ തെറ്റായ തീരുമാനവും അതിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ നിന്നും ഇറങ്ങിപ്പോയതും ഒരുപാട് ചർച്ചകൾക്ക് വഴിവെച്ച കാര്യമാണ്. ബ്ലാസ്റ്റേഴ്സിനും പരിശീലകൻ ഇവാൻ വുകോമനോവിച്ചിനും വലിയ തുക പിഴശിക്ഷയായി ലഭിക്കാൻ കാരണമായ മത്സരത്തിലെ തോൽവിക്ക് പകരം വീട്ടാനാവും കൊച്ചിയിലെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത്.
ഐ ലീഗ് ചാമ്പ്യന്മാർക്ക് ഐഎസ്എല്ലിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്ന ആദ്യത്തെ സീസൺ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ സീസണിലെ ഐ ലീഗ് ജേതാക്കളായ റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്സിയാണ് ഇത്തവണ ഐഎസ്എല്ലിൽ മത്സരിക്കുന്ന പുതിയ ടീം. ഇതോടെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമത്തെ എഡിഷനിൽ പന്ത്രണ്ടു ടീമുകളാണ് ഉണ്ടാവുക. പുതിയൊരു പോരാട്ടത്തിന് കൊച്ചിയിലെ ആർത്തിരമ്പുന്ന ഗ്യാലറി തന്നെയാണ് അധികൃതർ തിരഞ്ഞെടുത്തിരിക്കുന്നതും.
ISL Opening Match Kerala Blasters Vs Bengaluru FC