വിവാദസംഭവം വഴിത്തിരിവിലേക്ക്, റഫറിക്കെതിരെ പഴുതുകളടച്ച് തെളിവുകൾ നിരത്തി ഇവാന്റെ മറുപടി
ഇന്ത്യൻ സൂപ്പർ ലീഗിൽ വലിയ വിവാദങ്ങൾ ഉണ്ടാക്കിയാണ് കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയുമായുള്ള മത്സരം അവസാനിച്ചത്. മത്സരത്തിൽ ഛേത്രി നേടിയ ഗോൾ അനുവദിച്ച റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് താരങ്ങളെ പരിശീലകൻ മത്സരത്തിൽ നിന്നും പിൻവലിച്ചിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം പരിശീലകൻ ഇവാൻ വുകോമനോവിച്ച് മത്സരത്തിൽ അപകീർത്തികരമായി പെരുമാറിയെന്ന പേരിൽ എഐഎഫ്എഫ് നോട്ടീസ് നൽകിയിരുന്നു.
അപ്പോഴത്തെ സാഹചര്യങ്ങളും അന്നത്തെ മത്സരം നിയന്ത്രിച്ച റഫറിയിൽ നിന്നും മുൻപും മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നതുമാണ് മത്സരത്തിൽ അങ്ങിനെ പ്രതികരിക്കാൻ കാരണമെന്നാണ് ഇവാൻ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നത്. കഴിഞ്ഞ സീസണിൽ ഹൈദരാബാദ് എഫ്സിക്കെതിരെ നടന്ന ഫൈനൽ മത്സരത്തിൽ ഒരു ലാസ്റ്റ് മാൻ ഫൗൾ നടന്നതിന്റെ പേരിൽ ഇതേ റഫറിയെടുത്ത തീരുമാനത്തിൽ തങ്ങൾ പ്രതിഷേധം ഉയർത്തിയതും ഇവാൻ ചൂണ്ടിക്കാട്ടുന്നു.
Read more here : https://t.co/d5cp3GL8X2
— 90ndstoppage (@90ndstoppage) March 15, 2023
മുപ്പതു സെക്കൻഡോളം കഴിഞ്ഞതിനു ശേഷം ക്വിക്ക് ഫ്രീകിക്ക് എടുക്കുന്നത് നിയമപരമായി ശരിയല്ലെന്നും ഇവാൻ പറയുന്നു. നിയമങ്ങൾ ലംഘിക്കപ്പെട്ടു എന്നുറപ്പായ സാഹചര്യത്തിൽ ഒഫിഷ്യൽസുമായി അത് റിവ്യൂ ചെയ്യാൻ വേണ്ടി സംസാരിച്ചുവെന്നും എന്നാൽ അതിനവർ തയ്യാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മത്സരം ബഹിഷ്കരിക്കണം എന്ന് ബ്ലാസ്റ്റേഴ്സിന് ഉദ്ദേശമില്ലായിരുന്നു എന്നും എന്നാൽ ഒഫിഷ്യൽസ് ടീമുമായി ഒത്തുപോയില്ലെന്നും അദ്ദേഹം പറയുന്നു.
തന്റെ മറുപടിക്ക് പുറമെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഈ സംഭവവുമായി ബന്ധപ്പെട്ട് വിവിധ മുൻ റഫറിമാരും കളിക്കാരും തങ്ങളുടെ കാഴ്ചപ്പാടുകൾ നൽകിയതും സമർപ്പിച്ചിരുന്നു. ഇവാൻ തന്നെയാണ് മത്സരത്തിന് ശേഷം വീഡിയോ ദൃശ്യങ്ങൾ അയച്ചു കൊടുത്ത് തെളിവുകൾ ശേഖരിച്ചത്. ചാമ്പ്യൻസ് ലീഗ് മത്സരം നിയന്ത്രിച്ച റഫറിയടക്കം ഇതിൽ ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം. റഫറിക്ക് സംഭവിച്ചത് പിഴവ് തന്നെയെന്ന് തെളിയിക്കാൻ ഇവാനു കഴിഞ്ഞാൽ അതൊരു വഴിത്തിരിവാകും.