ഒന്നോ രണ്ടോ തവണയുണ്ടായാൽ തന്നെ ബുദ്ധിമുട്ടിക്കുന്ന കാര്യം നാല് തവണ സംഭവിച്ചു, ബ്ലാസ്റ്റേഴ്സ് നേരിട്ട തിരിച്ചടി വ്യക്തമാക്കി ഇവാൻ വുകോമനോവിച്ച് | Ivan Vukomanovic
ഇന്ത്യൻ സൂപ്പർ ലീഗിൽ മറ്റൊരു സീസൺ കൂടി നിരാശപ്പെടുത്തുന്ന രീതിയിൽ ബ്ലാസ്റ്റേഴ്സ് അവസാനിപ്പിച്ചു. തുടക്കത്തിൽ പ്രതീക്ഷ നൽകിയ ബ്ലാസ്റ്റേഴ്സ് പിന്നീട് ഒരുപാട് തിരിച്ചടികൾ നേരിട്ടതാണ് ടീമിന്റെ ഫോമിൽ ഇടിവ് സംഭവിക്കാൻ കാരണമായത്. പരിക്കുകൾ കാരണം ടീമിനെ അഴിച്ചുപണിയേണ്ടി വന്നതാണ് ഈ സീസണിൽ തിരിച്ചടി നൽകിയതെന്നാണ് പരിശീലകൻ ഇവാൻ വുകോമനോവിച്ചും പറയുന്നത്.
“സീസൺ തുടങ്ങുമ്പോൾ തന്നെ എങ്ങിനെ നമ്മൾ കളിക്കണമെന്നും, എങ്ങിനെ ആക്രമണങ്ങൾ നടത്തണമെന്നും, എങ്ങിനെ പ്രതിരോധിക്കണമെന്നുമെല്ലാമുള്ള തയ്യാറെടുപ്പുകൾ നടത്തും. അതിനു ശേഷം പരിക്കുകൾ വരുമ്പോൾ ആ പദ്ധതികൾ മുഴുവൻ പൊളിയും. നമുക്ക് പൂജ്യത്തിൽ നിന്നും വീണ്ടും തുടങ്ങേണ്ടി വരും. ഒരു സീസണിൽ രണ്ടു തവണ അങ്ങിനെ ചെയ്യേണ്ടി വന്നാൽ തന്നെ അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, നമുക്കത് നാല് തവണ ചെയ്യേണ്ടി വന്നു.”
🗣 "In the knockout phase, whenever you create chances, you need to convert them."@ivanvuko19 assesses what went wrong for @KeralaBlasters against @OdishaFC ⚔#OFCKBFC #ISL #ISL10 #LetsFootball #ISLPlayoffs #KeralaBlasters #IvanVukomanovic
— Indian Super League (@IndSuperLeague) April 19, 2024
“വ്യക്തിപരമായി നോക്കുകയാണെങ്കിൽ ഒരു പരിശീലകനെന്ന നിലയിൽ എന്നെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ സീസണായിരുന്നു ഇത്. പത്ത് വർഷമായി ഒരു പരിശീലകനായി നിൽക്കാൻ തുടങ്ങിയിട്ട്. ഈ സീസൺ മുഴുവൻ നമുക്ക് നിയന്ത്രിക്കാൻ കഴിയാത്ത നിരവധി കാര്യങ്ങളായിരുന്നു. നമുക്കത് കൃത്യമായി കൈകാര്യം ചെയ്തേ മതിയാകൂ.” ഇവാൻ വുകോമനോവിച്ച് പറഞ്ഞു.
ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായ അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയപ്പോഴടക്കം അതിനെ കൃത്യമായി കൈകാര്യം ചെയ്യാൻ ഇവാൻ വുകോമനോവിച്ചിന് കഴിഞ്ഞിരുന്നു. എന്നാൽ പെപ്ര പരിക്കേറ്റു പുറത്തു പോയതും അതിനു പകരമെത്തിയ താരങ്ങൾ ടീമുമായി ഇണങ്ങിച്ചേരാൻ വൈകിയതുമെല്ലാം കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ പുറകോട്ടു വലിച്ചു.
പ്ലേ ഓഫ് മത്സരം ആയപ്പോഴേക്കും ബ്ലാസ്റ്റേഴ്സിന്റെ സാഹചര്യം ഒന്നുകൂടി മോശമായി. ദിമിത്രിയോസും ഇമ്മാനുവൽ ജസ്റ്റിനുമെല്ലാം പരിക്കേറ്റു പുറത്തു പോയി. എങ്കിലും ഈ തിരിച്ചടികളുടെ ഇടയിലും പ്ലേ ഓഫിൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയത്. അവസരങ്ങൾ മുതലെടുക്കാൻ താരങ്ങൾക്ക് കഴിഞ്ഞിരുന്നു എങ്കിൽ ബ്ലാസ്റ്റേഴ്സ് തന്നെ സെമിയിലേക്ക് മുന്നേറിയേനെ.
Ivan Vukomanovic On Kerala Blasters Poor Form This Season