ലയണൽ മെസി വീണ്ടും ബാഴ്സലോണ താരമാകുമോ, പ്രതികരണവുമായി പിതാവ്
ലോകകപ്പിന് ശേഷം ലയണൽ മെസി പിഎസ്ജി കരാർ പുതുക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇതുവരെയും അതുണ്ടായിട്ടില്ല. കരാർ പുതുക്കാനുള്ള തന്റെ തീരുമാനത്തിൽ നിന്നും മെസിയിപ്പോൾ പുറകോട്ടു പോയെന്ന റിപ്പോർട്ടുകളുണ്ട്. പിഎസ്ജിയിൽ തന്നെ തുടർന്നാൽ തന്റെ കരിയറിന് യാതൊരു ഗുണവും ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് മെസി വിശ്വസിക്കുന്നതെന്നും അതിനാൽ താരം ക്ലബ് വിടാൻ ഒരുങ്ങുകയാണെന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതിനിടയിൽ പിഎസ്ജിയുമായി നടത്തിയ കരാർ സംബന്ധമായ ചർച്ചകൾക്ക് ശേഷം ലയണൽ മെസിയുടെ ഏജന്റും പിതാവുമായ ജോർജ് മെസി ബാഴ്സലോണയിൽ എത്തിയിരുന്നു. ഇതോടെ താരം തന്റെ മുൻ ക്ലബായ ബാഴ്സലോണയിലേക്ക് തിരികെ വരുമെന്ന റിപ്പോർട്ടുകൾ ശക്തമായി. കഴിഞ്ഞ ദിവസം അതേക്കുറിച്ച് മെസിയുടെ പിതാവ് സംസാരിക്കുകയുണ്ടായി. മെസി ബാഴ്സലോണയിൽ ഇനി കളിക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
“ബാഴ്സലോണക്കായി ലയണൽ മെസി ഇനി കളിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഞങ്ങൾ ഇതുവരെയും ലപോർട്ടയോട് അതേക്കുറിച്ച് ചോദിച്ചിട്ടില്ല, ബാഴ്സയിൽ നിന്നും ഇതുവരെയും ഓഫറുകളും വന്നിട്ടില്ല.” കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞു. ലയണൽ മെസി പിഎസ്ജി വിട്ടാലും ബാഴ്സലോണയിലേക്ക് ചേക്കേറാനുള്ള സാധ്യതകൾ തീരെയില്ലെന്നും ബാഴ്സലോണ നേതൃത്വത്തിന്റെ ഭാഗത്തു നിന്നും അതിനുള്ള നീക്കങ്ങൾ ഉണ്ടാകുന്നില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
🗣️🚨 Jorge Messi: “I don't think Messi will return to Barcelona. The conditions are not met. We have not spoken with Laporta and there is no offer.” @DBR8 🇦🇷🔴🔵 pic.twitter.com/k4vFX9ki3K
— All About Argentina 🛎🇦🇷 (@AlbicelesteTalk) February 16, 2023
അതേസമയം ലയണൽ മെസിയുടെ ഭാവി അനിശ്ചിതത്വത്തിൽ തന്നെ തുടരുകയാണ്. പിഎസ്ജി വിട്ടാൽ താരം ഏതു ക്ലബ്ബിലേക്ക് ചേക്കേറുമെന്ന കാര്യത്തിലാണ് ആരാധകർക്ക് സംശയമുള്ളത്. യൂറോപ്പിലെ വളരെ ചുരുക്കം ക്ലബുകൾക്ക് മാത്രമേ താരത്തെ സ്വന്തമാക്കാൻ കഴിയുകയുള്ളൂ. ഇന്റർ മിയാമി അടക്കമുള്ള ചില ക്ലബുകളുടെ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും താരം യൂറോപ്യൻ ഫുട്ബോൾ വിടണമെന്ന് ആരാധകർ ആരും ആഗ്രഹിക്കുന്നുണ്ടാകില്ല.