“അതിലാണു ഞങ്ങൾക്ക് ദേഷ്യം വന്നത്”- ബ്ലാസ്റ്റേഴ്സിന്റെ ഞെട്ടിക്കുന്ന തോൽവിയിൽ പ്രതികരിച്ച് പരിശീലകൻ
സീസണിൽ മികച്ച കുതിപ്പുമായി മുന്നോട്ടു പോയിരുന്ന കേരള ബ്ലാസ്റ്റേഴ്സിന് മുംബൈ സിറ്റിയുമായി ഇന്നലെ നടന്ന മത്സരം പക്ഷെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന ഒന്നായിരുന്നു. മുംബൈയുടെ മൈതാനത്തു നടന്ന മത്സരത്തിൽ വെറും 22 മിനുട്ടുകൾ പൂർത്തിയായപ്പോൾ നാല് ഗോളുകൾ നേടിയ മുംബൈ അതിന്റെ പിൻബലത്തിൽ വിജയം നേടി. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം യോർഗെ പെരേര ഡയസ് ഇരട്ടഗോളുകൾ നേടിയ മത്സരത്തിൽ ഗ്രെഗ് സ്റ്റീവാർട്ട് ബിപിൻ സിങ് എന്നിവരാണ് മുംബൈ സിറ്റിയുടെ മറ്റു ഗോളുകൾ നേടിയത്. മത്സരത്തിനു ശേഷം ടീമിന്റെ തോൽവിയെപ്പറ്റി പരിശീലകൻ വുകോമനോവിച്ച് സംസാരിക്കുകയുണ്ടായി.
“ആദ്യത്തെ ഇരുപത്തിയഞ്ചു മിനുട്ടുകളാണ് മത്സരത്തിൽ വ്യത്യാസം ഉണ്ടാക്കിയത്. ഒരു ടീമെന്ന നിലയിലും, ഒരു കളിക്കാരനെന്ന നിലയിലും നിങ്ങൾ ലീഗിലെ ഏറ്റവും മികച്ച ടീമിനെ നേരിടുമ്പോൾ, അത് ഫുട്ബോളിൽ എവിടെത്തന്നെയായാലും, ആദ്യത്തെ മിനുട്ടിൽ തന്നെ അതാരംഭിക്കുമെന്ന് മനസിലാക്കണം. ഇന്നത്തെ ദിവസം ഞങ്ങൾക്ക് ചെറിയ ദേഷ്യം വന്നത് വെറും ഇരുപത്തിയഞ്ചു മിനുട്ടു കൊണ്ടാണ് മത്സരം ഇങ്ങിനെയായതെന്നാണ്. ഇതുപോലെയുള്ള ടീമുകളെ നേരിടുന്ന സമയത്ത് ഇതൊരിക്കലും സ്വീകാര്യമായ കാര്യമല്ല.”
“ഇതൊരു ബുദ്ധിമുട്ടേറിയ മത്സരമാകുമെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു, ഞങ്ങളുടെ എതിരാളികൾ, അവർക്ക് വ്യക്തിപരമായും കൂട്ടായ തലത്തിലും വളരെ നിലവാരമുണ്ട്. അതിനാൽ തന്നെ നമ്മളത് കൃത്യമായി ഡീൽ ചെയ്യണം. ഡുവൽസ് എങ്ങിനെ വിജയിക്കണമെന്നും അതുപോലെയുള്ള കാര്യങ്ങളും കൃത്യമായി മനസിലാക്കി കളിക്കണം.”
AND ADMIN GETS A BREAK!!!! 🥵
— Indian Super League (@IndSuperLeague) January 8, 2023
It's been all @MumbaiCityFC so far in #MCFCKBFC! 🔵#HeroISL #LetsFootball #MumbaiCityFC #KeralaBlasters pic.twitter.com/XZl43HfnDb
“ആദ്യത്തെ ഇരുപത്തിയഞ്ചു മിനുട്ടുകൾ ഞങ്ങൾക്ക് ഒന്നും കാണാൻ കഴിഞ്ഞില്ലെന്നത് വളരെ നിരാശ നൽകി. ഒരു പരിശീലകനെന്ന നിലയിൽ അതെനിക്ക് കൂടുതൽ നിരാശ നൽകുന്നു. ഞങ്ങളീ നാല് ഗോളുകളും വഴങ്ങുന്നത് വ്യക്തിഗത പിഴവുകളിൽ നിന്നും, തെറ്റായ നീക്കങ്ങളിൽ നിന്നുമെല്ലാമാണ്. ഇതുപോലെയുള്ള വമ്പൻ ടീമുകളുമായി ഡീൽ ചെയ്യുന്ന സമയത്ത് ചെറിയ കാര്യങ്ങൾ വരെ വളരെ വലുതാണ്.” വുകോമനോവിച്ച് പറഞ്ഞു.
മുംബൈ സിറ്റി ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച ടീമാണെന്ന് തെളിയിച്ച മത്സരമാണ് ഇന്നലത്തേതെന്നും വുകോമനോവിച്ച് പറഞ്ഞു. മത്സരത്തിൽ പിറകോട്ടു പോയിട്ടും തിരിച്ചുവരാനും അവസരങ്ങൾ സൃഷ്ടിക്കാനും ബ്ലാസ്റ്റേഴ്സ് ശ്രമിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. തോൽവി വഴങ്ങിയെങ്കിലും ബ്ലാസ്റ്റേഴ്സ് ഇപ്പോഴും ലീഗിൽ മൂന്നാം സ്ഥാനത്താണ്. എന്നാൽ ഒരു മത്സരം കുറവ് കളിച്ച എടികെ മോഹൻ ബഗാന് അവരെ മറികടക്കാനുള്ള അവസരമുണ്ട്.