കലിയുഷ്നി ടീമിൽ, മാറ്റങ്ങളുമായി ബ്ലാസ്റ്റേഴ്സ് ഇലവൻ പ്രഖ്യാപിച്ചു
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നു നടക്കുന്ന മത്സരത്തിൽ എടികെ മോഹൻ ബഗാനെ നേരിടാനുള്ള കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഇലവൻ പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയ യുക്രൈൻ താരം ഇവാൻ കലിയുഷ്നി ആദ്യ ഇലവനിൽ ഇടം പിടിച്ചിട്ടുണ്ട്. വിദേശതാരമായുള്ള കലിയുഷ്നി ആദ്യ ഇലവനിൽ വന്നതിനാൽ തന്നെ കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങിയ ഓസ്ട്രേലിയൻ മുന്നേറ്റനിര താരം ജിയാനുവിനെ വുകോമനോവിച്ച് ഒഴിവാക്കുകയും ചെയ്തു.
കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളിന്റെ വിജയം കേരള ബ്ലാസ്റ്റേഴ്സ് നേടിയപ്പോൾ രണ്ടു ഗോളുകൾ നേടി താരമായത് കലിയുഷ്നി ആയിരുന്നു. ആദ്യമായി ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന താരാമാണെങ്കിലും കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയതാണ് താരത്തിന് ഇന്ന് ആദ്യ ഇലവനിലേക്ക് വഴി തുറന്നത്. രണ്ടു മനോഹര ഗോളുകൾ കഴിഞ്ഞ മത്സരത്തിൽ നേടിയ താരത്തിന്റെ സാന്നിധ്യം ആരാധകർക്ക് വലിയ ആവേശം നൽകുമെന്നതിൽ സംശയമില്ല.
ഇവാൻ കലിയുഷ്നി ആദ്യ ഇലവനിൽ വരുന്നതോടെ ബ്ലാസ്റ്റേഴ്സിന്റെ ഫോർമേഷനിലും അത് മാറ്റം വരുത്തുന്നുണ്ടാകും. സാധാരണ 4-4-2 എന്ന ഫോർമേഷനിൽ കളിച്ചിരുന്ന ബ്ലാസ്റ്റേഴ്സ് ഇന്ന് 4-5-1 എന്ന ഫോർമേഷനിലേക്ക് മാറാനുള്ള സാധ്യതയുണ്ട്. ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രിസ് ഡിയമെന്റക്കൊസ് ലോൺ സ്ട്രൈക്കറായി കളിച്ച് അഡ്രിയാൻ ലൂണ അതിന്റെ പിറകിൽ അണിനിരക്കുന്ന ഫോർമേഷനിലേക്ക് ബ്ലാസ്റ്റേഴ്സ് മാറാനുള്ള സാധ്യതയുമുണ്ട്.
Here's how we'll line-up for #KBFCATKMB ⤵️#ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/8luKPYZtvM
— Kerala Blasters FC (@KeralaBlasters) October 16, 2022
എടികെ മോഹൻ ബഗാന്റെ കരുത്ത് പരിഗണിച്ച് പ്രതിരോധത്തിന് കൂടുതൽ ശ്രദ്ധ നൽകിയിട്ടുള്ള ഫോർമേഷനാണ് മത്സരത്തിൽ ഇവാൻ വുകോമനോവിച്ച് ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തമാണ്. കഴിഞ്ഞ മത്സരത്തിൽ അനാവശ്യമായി ഒരു ഗോൾ വഴങ്ങിയതിനെക്കുറിച്ച് പ്രതിരോധതാരം ഖബ്റ ഇന്നലത്തെ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനൊപ്പം എടികെ മോഹൻ ബാഗാൻ പോലൊരു ടീമിനോട് പ്രതിരോധം ശക്തിപ്പെടുത്തി കളിക്കേണ്ടതുണ്ടെന്ന് വുകോമനോവിച്ചും പറഞ്ഞിരുന്നു.
ബ്ലാസ്റ്റേഴ്സ് ഇലവൻ: ഗിൽ (ഗോൾകീപ്പർ), ഖബ്റ, ഹോർമിപാം, ലെസ്കോവിച്ച്, പൂട്ടിയ, സഹൽ, അഡ്രിയാൻ ലൂണ, ജീക്സൺ സിങ്, കലിയുഷ്നി, ഡയമെന്റക്കൊസ്.