കേരള ബ്ലാസ്റ്റേഴ്‌സിന്റെ മൈതാനത്ത് മൂന്നു പോയിന്റുകളും നേടുകയാണ് ലക്ഷ്യമെന്ന് എടികെ പരിശീലകൻ

കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഇറങ്ങുമ്പോൾ മൂന്നു പോയിന്റുകളും നേടുകയാണ് ലക്ഷ്യമെന്ന് എടികെ മോഹൻ ബഗാൻ പരിശീലകൻ യുവാൻ ഫെറാൻഡോ. ഈ സീസണിലെ ആദ്യത്തെ മത്സരത്തിൽ ഗോവയോട് തോറ്റ എടികെ മോഹൻ ബഗാന് ഇന്നത്തെ മത്സരത്തിൽ വിജയം നേടേണ്ടത് അനിവാര്യമാണ്. അതേസമയം ആദ്യത്തെ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ ആധികാരികമായി വിജയം നേടിയ കേരള ബ്ലാസ്‌റ്റേഴ്‌സിനെ കൊച്ചിയിലെ കാണികൾക്കു മുന്നിൽ തോൽപ്പിക്കുക കൊൽക്കത്ത ക്ലബിന് എളുപ്പമാവില്ലെന്നുറപ്പാണ്.

“ഞങ്ങൾക്കിത് മികച്ചൊരു മത്സരമായിരിക്കും. തീർച്ചയായും വളരെ പ്രധാനപ്പെട്ട ഒരു മത്സരമായിരിക്കുമിത്, ഞങ്ങൾ ഇവിടെയെത്തിയിരിക്കുന്നത് മൂന്നു പോയിന്റും നേടാനാണ്. കേരള ബ്ലാസ്റ്റേഴ്‌സിനും അതുപോലെ തന്നെ. വിസ്‌മയിപ്പിക്കുന്നൊരു മത്സരമായിരിക്കുമിത്. ഇരുപതു മത്സരങ്ങളുള്ള ചാമ്പ്യൻഷിപ്പാണിത്. ഇനിയുള്ള 19 മത്സരങ്ങളും നിർണായകമാണ്. മൂന്നു പോയിന്റാണെന്നതു കൊണ്ട് ഓരോ മത്സരവും പ്രധാനപ്പെട്ടതാണ്.”

“ഞങ്ങൾ മത്സരത്തിനായി തയ്യാറെടുത്തു കഴിഞ്ഞു. പദ്ധതികൾ തയ്യാറാക്കി മൂന്നു പോയിന്റുകളും നേടാൻ തയ്യാറെടുത്തു കഴിഞ്ഞു. കഴിഞ്ഞ മത്സരങ്ങളല്ല, ഇതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വർത്തമാനകാലമാണ് പ്രധാനപ്പെട്ടത്. അടുത്ത മത്സരത്തിൽ ഞങ്ങൾക്ക് പുതിയൊരു വെല്ലുവിളിയും പുതിയൊരു അവസരവും ഉണ്ടാകും.” ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുമ്പോൾ യുവാൻ ഫെറാൻഡോ പറഞ്ഞു.

ആദ്യത്തെ മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയോടാണ് എടികെ മോഹൻ ബഗാൻ തോൽവി വഴങ്ങിയത്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ മൻവീർ സിങ്ങിലൂടെ എടികെ മോഹൻ ബഗാനാണ് മുന്നിലെത്തിയതെങ്കിലും അറുപത്തിരണ്ടാം മിനുട്ടിലും എൺപത്തിരണ്ടാം മിനുട്ടിലും കരിക്കാരി, റഹീം അലി എന്നിവർ നേടിയ ഗോളിൽ ചെന്നൈയിൽ എഫ്‌സി വിജയം നേടി. അതുകൊണ്ടു തന്നെ ഇന്നത്തെ മത്സരത്തിൽ വിജയം മാത്രം ലക്ഷ്യമിട്ടാവും എടികെ ഇറങ്ങുക.