കേരള ബ്ലാസ്റ്റേഴ്സിൽ തുടർച്ചയായ മാറ്റങ്ങളുണ്ടാകും, നിർണായകമായ വെളിപ്പെടുത്തലുമായി സഹപരിശീലകൻ ഫ്രാങ്ക് ദോവൻ | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് മികച്ച ഫോം കാണിച്ചെങ്കിലും ഇപ്പോഴത്തെ സാഹചര്യം ആരാധകർക്ക് ചെറിയൊരു ആശങ്ക നൽകുന്നതാണ്. കൂടുതൽ മത്സരങ്ങൾ സ്വന്തം മൈതാനത്ത് കളിച്ച ബ്ലാസ്റ്റേഴ്സ് അവിടെയെല്ലാം മികച്ച ഫലങ്ങൾ ഉണ്ടാക്കിയെങ്കിലും എതിരാളികളുടെ മൈതാനത്തും വമ്പൻ ടീമുകൾക്കെതിരെയും പതറുന്നുണ്ടെന്നതാണ് ആരാധകർക്ക് ആശങ്കയുണ്ടാക്കുന്ന കാര്യം. എഫ്സി ഗോവക്കെതിരെ നടന്ന മത്സരത്തിൽ അത് കൂടുതൽ ദൃശ്യമായിരുന്നു.
ടീമിനുള്ളിൽ സ്ഥിരമായി അഴിച്ചുപണികൾ നടത്തുന്നതും കാണാൻ കഴിയുന്നുണ്ട്. സീസൺ പകുതിയോളം പിന്നിടാറായിട്ടും ഒരു സ്ഥിരം ഇലവൻ കേരള ബ്ലാസ്റ്റേഴ്സിനില്ല. അത് പലപ്പോഴും ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കാറുണ്ട്. ചെന്നൈയിൻ എഫ്സിക്കെതിരെ നടന്ന മത്സരത്തിൽ അതുവരെയുണ്ടായിരുന്ന ഇലവനെ പരിശീലകൻ പൊളിച്ചടുക്കിയപ്പോൾ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് താളം കണ്ടെത്താൻ ഒരുപാട് സമയമെടുത്തിരുന്നു.
🎙️| Frank Dauwen: “In this season we have more possibilities to change the starting XI because we have a strong squad , we have good players on the bench & they have to fight for the spot.”#KeralaBlasters pic.twitter.com/HvKlabf8ky
— Blasters Zone (@BlastersZone) December 12, 2023
ആരാധകർക്ക് ആശങ്ക നൽകുന്ന ഇത്തരം പരീക്ഷണങ്ങൾ ഇനിയും തുടരുമെന്നാണ് കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുമ്പോൾ ടീമിൻറെ സഹപരിശീലകനായ ഫ്രാങ്ക് ദോവൻ പറഞ്ഞത്. ഇവാൻ വുകോമനോവിച്ചിന് വിലക്ക് ലഭിച്ചതിനാൽ അടുത്ത മത്സരത്തിൽ ടീമിനെ നയിക്കുന്ന ഫ്രാങ്ക് ദോവനാണ് ഇന്നലെ മാധ്യമങ്ങളെ കാണാനെത്തിയിരുന്നത്. അപ്പോഴാണ് അദ്ദേഹം ടീമിനുള്ളിൽ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് വെളിപ്പെടുത്തിയത്.
Frank Dauwen 🗣️ "In this season we have more possibilities to change the team(Starting XI) because we have a strong squad , we have good players on the bench & they have to fight for the spot." #KBFC
— KBFC XTRA (@kbfcxtra) December 12, 2023
“ഈ സീസണിൽ ഞങ്ങൾക്ക് സ്റ്റാർട്ടിങ് ഇലവൻ സ്ഥിരമായി മാറ്റാനുള്ള ഒരുപാട് സാധ്യതകളുണ്ട്. കാരണം മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ശക്തമായ ഒരു സ്ക്വാഡിനെയാണ് ഞങ്ങൾക്ക് ഇത്തവണ ലഭിച്ചിരിക്കുന്നത്. മികച്ച താരങ്ങൾ ബെഞ്ചിലുള്ളതിനാൽ തന്നെ അവർ ആദ്യ ഇലവനിൽ സ്ഥാനം ലഭിക്കുന്നതിന് വേണ്ടി പോരാടുകയും അവസരങ്ങൾക്കായി ശ്രമം നടത്തുകയും ചെയ്യും.” ബ്ലാസ്റ്റേഴ്സ് സഹപരിശീലകൻ പറഞ്ഞു.
നാളത്തെ മത്സരത്തിൽ പഞ്ചാബ് എഫ്സിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടാൻ പോകുന്നത്. ഐ ലീഗ് ജേതാക്കളായി സ്ഥാനക്കയറ്റം ലഭിച്ച് ഐഎസ്എല്ലിലേക്ക് വന്ന പഞ്ചാബ് എഫ്സി മോശം പ്രകടനമാണ് നടത്തുന്നത് എന്നതിനാൽ തന്നെ മത്സരം ബ്ലാസ്റ്റേഴ്സിന് അനുകൂലമാണ്. പഞ്ചാബ് എഫ്സിക്കെതിരെയുള്ള മത്സരത്തിൽ വിജയിച്ച് മുംബൈ സിറ്റി, മോഹൻ ബഗാൻ എന്നീ കരുത്തരെ നേരിടാൻ ബ്ലാസ്റ്റേഴ്സ് ആത്മവിശ്വാസം നേടേണ്ടതുണ്ട്.
Kerala Blasters Eleven Will Change Says Frank Dauwen