ചങ്കു പറിച്ചു സ്നേഹിക്കുന്ന ഈ ആരാധകർക്ക് വേണ്ടതൊരു കിരീടമാണ്, അതിൽ കുറഞ്ഞ ഒന്നിലും അവർ തൃപ്തരാകില്ല | Kerala Blasters
മത്സരമാകുമ്പോൾ തോൽവിയും ജയവും സ്വാഭാവികമായ കാര്യമാണ്. അതുപോലെ തന്നെ സ്വാഭാവികമായ കാര്യമാണ് ടീമിന്റെ വിജയത്തിൽ സന്തോഷിക്കുന്നതും മോശം പ്രകടനത്തിൽ വിമർശനങ്ങൾ നടത്തുന്നതും. എഫ്സി ഗോവക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വളരെ മോശം പ്രകടനമാണ് നടത്തിയതെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അതുകൊണ്ടു തന്നെ അവർ വിമർശനങ്ങളും അർഹിക്കുന്നുണ്ട്.
ഇന്നലെ നടന്ന മത്സരത്തിൽ മധ്യനിരയിൽ ഒരു ചലനം പോലുമുണ്ടാക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. പിൻനിരയിൽ നിന്നും മുന്നേറ്റനിരയിലെ താരങ്ങൾക്ക് പന്തുകൾ എത്തിക്കാൻ ശ്രമിച്ചു നിരന്തരം പരാജയപ്പെടുകയായിരുന്നു ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സിനെ ഗോവ പൂർണമായും നിഷ്പ്രഭമാക്കിയപ്പോൾ അതിനു ബദലായി മറ്റൊരു പദ്ധതി വുകോമനോവിച്ചിന്റെ കയ്യിൽ ഉണ്ടായിരുന്നില്ല.
We're grateful for every cheer and flag waved. Your passion fuels our spirit! 💛@kbfc_manjappada #FCGKBFC #KBFC #KeralaBlasters pic.twitter.com/9LM3ulhGLW
— Kerala Blasters FC (@KeralaBlasters) December 4, 2023
ലഭിച്ച അവസരങ്ങൾ മുതലാക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ലെന്ന വുകോമനോവിച്ചിന്റെ വാദം ശരി വെക്കാമെങ്കിലും ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ച മികച്ച അവസരങ്ങൾ എത്രത്തോളമുണ്ടെന്നത് അതിനൊപ്പം ചിന്തിക്കേണ്ടതാണ്. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഒരു ടീമിന്റെ വെറും വാശിയും ബ്ലാസ്റ്റേഴ്സ് കാണിച്ചില്ല. അതിനു ഇവാൻ പറഞ്ഞ ന്യായീകരണം കൂടുതൽ നിരാശപ്പെടുത്തുന്നതാണ്.
എഫ്സി ഗോവ പരിചയസമ്പന്നരായ താരങ്ങൾ അടങ്ങിയ ടീമാണെന്നും അതേസമയം ബ്ലാസ്റ്റേഴ്സ് യുവതാരങ്ങൾ കൂടുതലുള്ള ടീമാണെന്നുമാണ് ഇവാൻ പറഞ്ഞത്. അതുകൊണ്ടു തന്നെ വമ്പൻ ടീമുകൾക്കെതിരെയുള്ള മത്സരം വരുന്ന സമയത്ത് ബ്ലാസ്റ്റേഴ്സ് പതറാനുള്ള സാധ്യതയുണ്ടെന്ന സൂചന കൂടി അദ്ദേഹം നൽകുന്നുണ്ട്. അങ്ങിനെ നോക്കിയാൽ ഈ സീസണിലും കിരീടം നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞേക്കില്ല.
A heartfelt welcome to the land of sun and sea.!💛#Manjappada #KoodeyundManjappada #Keralablasters #Blasters #AwayDays pic.twitter.com/dM2TSpcIoz
— Manjappada (@kbfc_manjappada) December 3, 2023
ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകർ ആണെങ്കിലും എതിരാളികൾക്കു മുന്നിൽ ബ്ലാസ്റ്റേഴ്സ് തല കുനിക്കേണ്ടി വരുന്നത് ടീമിന്റെ കിരീടങ്ങളുടെ എണ്ണം ചോദിക്കുമ്പോഴാണ്. എതിരാളികളുടെ മൈതാനത്തു വരെ വമ്പൻ പിന്തുണയുമായി എത്തുന്ന ഈ ആരാധകർ ഒരു കിരീടം അർഹിക്കുന്നുണ്ട്. ഇനിയും മറ്റു ടീമുകളുടെ ആരാധകർക്കു മുന്നിൽ തല കുനിക്കാൻ അവർക്കാവില്ല.
യുവതാരങ്ങൾക്ക് അവസരം നൽകുന്നതും ടീമിനെ പടുത്തുയർത്തുന്നതുമെല്ലാം നല്ല കാര്യം തന്നെയാണ്. എന്നാൽ അതുകൊണ്ട് വമ്പൻ ടീമുകളെ തോൽപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞേക്കില്ലെന്നു ഇനിയും പറയരുത്. ഈ ടീമിന് ഒരു കിരീടം നൽകിയിട്ട് എന്തു പരീക്ഷണങ്ങളും നടത്താം. ആദ്യത്തെ സീസണിൽ തന്നെ ഫൈനലിൽ എത്തിച്ച ഇവാന് അതിനു കഴിയുമെന്ന കാര്യത്തിലും സംശയമില്ല.
യുവതാരങ്ങൾക്ക് അവസരം നൽകുന്നു എന്നു പറയുമ്പോൾ തന്നെ ഐഎസ്എല്ലിലെ ഏറ്റവും മൂല്യം കൂടിയ രണ്ടാമത്തെ ക്ലബാണ് കേരള ബ്ലാസ്റ്റേഴ്സ്. അതുകൊണ്ടു തന്നെ ഒന്നാം സ്ഥാനത്തുള്ള മോഹൻ ബഗാൻ ഒഴികെയുള്ളവർ ബ്ലാസ്റ്റേഴ്സിനേക്കാൾ മികച്ചതാണെന്ന് പറയാൻ കഴിയില്ല. കെട്ടുറപ്പുള്ള, അവസാനം വരെ പൊരുതുന്ന ഒരു ടീമിനെ ഉണ്ടാക്കി ഒരു കിരീടം നേടുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. മറ്റൊന്നും ഈ ആരാധകർക്ക് ആവശ്യമില്ല.
Kerala Blasters Fans Deserve A Trophy