അൽവാരോ വാസ്‌ക്വസ് തിരിച്ചുവരവിനൊരുങ്ങുന്നു, സോട്ടിരിയോക്ക് പകരക്കാരനായി ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ലക്‌ഷ്യം | Kerala Blasters

അടുത്ത സീസണിനായി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെ നിരവധി പ്രധാന താരങ്ങളെ ഒഴിവാക്കിയിരുന്നു. അതിനു പകരക്കാരെ കൃത്യമായി എത്തിക്കാൻ കഴിഞ്ഞില്ലെന്നതിനാൽ തന്നെ ആരാധകരോഷം ബ്ലാസ്റ്റേഴ്‌സിനെതിരെ ഉണ്ടാകുന്നുണ്ട്. അതിനിടയിൽ ഈ സീസണിൽ ടീമിനെ മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രതീക്ഷിച്ച ഓസ്‌ട്രേലിയൻ താരം ജോഷുവ സോട്ടിരിയോക്ക് പരിക്ക് പറ്റുകയും ചെയ്‌തു. താരം 2024 തുടക്കം വരെ പുറത്തിരിക്കേണ്ടി വരുമെന്ന് ബ്ലാസ്റ്റേഴ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്.

സോട്ടിരിയോക്ക് ഒരു പകരക്കാരനെ കണ്ടെത്താനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമങ്ങൾ ടീമിന്റെ മുൻ സ്‌ട്രൈക്കറായ അൽവാരോ വാസ്‌ക്വസിലേക്ക് എത്തിയിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇപ്പോൾ ഒരു മികച്ച ഏഷ്യൻ മുന്നേറ്റനിര താരത്തെ സ്വന്തമാക്കുകയെന്ന പദ്ധതിയല്ല ബ്ലാസ്റ്റേഴ്‌സിനുള്ളത്. മറിച്ച് ഇന്ത്യൻ സൂപ്പർ ലീഗിൽ പരിചയസമ്പത്തുള്ള ഒരു കളിക്കാരനെ സ്വന്തമാക്കാനാണ് അവർക്കു താൽപര്യം. ഇതാണ് ബ്ലാസ്റ്റേഴ്‌സിന്റെ കണ്ണുകൾ അൽവാരോയിലേക്ക് പതിയാൻ കാരണം.

കഴിഞ്ഞ സീസണിന് മുൻപ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെ പ്രധാന താരമായിരുന്നു അൽവാരോ വാസ്‌ക്വസ്. ടീമിനെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കാണ് വാസ്‌ക്വസ് വഹിച്ചത്. എന്നാൽ സീസൺ അവസാനിച്ചതോടെ ഗോവയിലേക്ക് ചേക്കേറിയ താരത്തിന് അവിടെ തിളങ്ങാൻ കഴിഞ്ഞില്ല. അതേത്തുടർന്ന് ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചുവരാൻ അൽവാരോ ആഗ്രഹിച്ചെങ്കിലും നൽകേണ്ട വമ്പൻ തുക കാരണം ബ്ലാസ്റ്റേഴ്‌സ് അതിൽ നിന്നും പിൻവലിഞ്ഞു നിൽക്കുകയായിരുന്നു.

ഇപ്പോൾ ബ്ലാസ്റ്റേഴ്‌സിന് അൽവാരോയെ സ്വന്തമാക്കാനുള്ള താൽപര്യമുണ്ടെങ്കിലും അതിൽ വലിയ തടസങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. യൂറോപ്പിലെ ചില ക്ലബുകളിൽ നിന്നും ഓഫർ ഉള്ളതിനാൽ അൽവാരോ അത് സ്വീകരിക്കാനുള്ള സാധ്യതയുണ്ട്. എന്തായാലും പരിക്കേറ്റ സോട്ടിരിയോക്ക് പകരം ഒരു മുന്നേറ്റനിര താരം ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് എത്തുമെന്നതിൽ സംശയമില്ല.

Kerala Blasters Interested To Sign Alvaro Vazquez